|    Nov 21 Wed, 2018 1:40 am
FLASH NEWS
Home   >  Editpage  >  Editorial  >  

മന്ത്രി രാജുവിനെ മാറ്റിനിര്‍ത്തണം

Published : 24th August 2018 | Posted By: kasim kzm

റോം കത്തിയെരിയുമ്പോള്‍ നീറോ വീണ വായിക്കുന്നു എന്നതൊരു ചൊല്ലാണ്. ജനങ്ങളുടെ ദുരിതവേളകളില്‍ അതൊന്നും കാര്യമാക്കാതെ ‘സ്വാന്തസ്സുഖായാമന്ത്രം’ ചൊല്ലുന്ന ഭരണാധികാരികളിലേക്കാണ് ഈ ചൊല്ല് വിരല്‍ ചൂണ്ടുന്നത്. ഇങ്ങനെയൊരു നീറോയെ കേരളത്തെ അടിമുടി ദുരിതക്കയത്തിലാക്കിയ പ്രളയകാലത്ത് നാം കണ്ടു- വനം മന്ത്രി കെ രാജു. കോട്ടയം ജില്ലയിലെ പ്രളയ ദുരിത നിവാരണത്തിന്റെ ചുമതല ഈ മന്ത്രിക്കായിരുന്നു. ആഗസ്ത് 15നു സ്വാതന്ത്ര്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച്, ഏതാനും ദുരിതാശ്വാസ ക്യാംപുകള്‍ പേരിനൊന്നു സന്ദര്‍ശിച്ച ശേഷം മന്ത്രി ജര്‍മനിയിലേക്കു പറന്നു; അവിടെ ഓണാഘോഷമോ സാംസ്‌കാരിക സമ്മേളനമോ മറ്റോ ആയിരുന്നുവത്രേ! നാടൊട്ടുക്കും കണ്ണീര്‍ക്കടലില്‍ മുങ്ങിത്താഴുമ്പോഴാണോ ആഘോഷം? പൊതുവെ അഴിമതിക്കറ പുരളാത്തവരും ആദര്‍ശവാദികളുമാണ് സിപിഐ മന്ത്രിമാര്‍ എന്നാണു വയ്പ്. സി അച്യുതമേനോനും ഇ ചന്ദ്രശേഖരന്‍നായരും ഏറ്റവുമൊടുവില്‍ ബിനോയ് വിശ്വവുമൊക്കെ ജനങ്ങള്‍ക്കിഷ്ടപ്പെട്ട മന്ത്രിമാരായത് തങ്ങളുടെ നിലപാടുകളില്‍ പുലര്‍ത്തിയ ആര്‍ജവവും വിശുദ്ധിയും മൂലമാണ്. സമാന്യമായി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ കേരളത്തിലെ സിപിഐ, തിളക്കമാര്‍ന്ന പ്രതിച്ഛായ നിലനിര്‍ത്താന്‍ പാടുപെടുന്ന പാര്‍ട്ടിയുമാണ്. ഈ ജനസമ്മതിയെയാണ് ഇപ്പോഴത്തെ ജര്‍മന്‍ യാത്രകൊണ്ട് ഒറ്റയടിക്ക് കെ രാജു തകര്‍ത്തുകളഞ്ഞത്. സമ്മതം വാങ്ങിയാണ് താന്‍ ജര്‍മനിയില്‍ പോയതെന്നു പറയുന്നു മന്ത്രി. അതു ചുമ്മാ! മൂന്നു മാസം മുമ്പാണ് അദ്ദേഹം മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും അനുമതി തേടിയത്. അന്ന് വെള്ളപ്പൊക്കമില്ല, ഉരുള്‍പൊട്ടലില്ല. മന്ത്രി സ്ഥലം വിട്ടത് കേരളത്തില്‍ മഴ തിമര്‍ത്തു പെയ്യുകയും പ്രളയത്തെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പു ലഭിക്കുകയും ചെയ്ത ശേഷമാണ്; തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വെള്ളപ്പൊക്കത്തെ എങ്ങനെ നേരിടണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു കക്ഷി. എന്നിട്ടും ആരോടും യാതൊന്നുമുരിയാടാതെ രായ്ക്കുരാമാനം ജര്‍മനിയിലേക്കു പറന്നു. ഇതാണോ സമ്മതം വാങ്ങിയ ശേഷമുള്ള പോക്ക്? രാജ്യാന്തരപ്രാധാന്യമുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കാനല്ല മന്ത്രി കേരളം വിട്ടത്. ഒരുതരം വിനോദയാത്ര. സംസ്ഥാനമൊന്നായി ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതില്‍ മുഴുകിയപ്പോള്‍ നടക്കേണ്ട ഒന്നല്ല അത്. സിപിഐ നേതൃത്വം രാജുവിന്റെ വിശദീകരണം തള്ളിക്കളഞ്ഞതും അതുകൊണ്ടാണ്. ഇത്തരം ഭോഷന്‍മാര്‍ സിപിഐക്കെന്നല്ല, ഒരു പാര്‍ട്ടിക്കും ഭൂഷണമല്ല. സിപിഐയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മൂലം മന്ത്രി രാജുവിനെ മാറ്റിനിര്‍ത്താന്‍ കാനം രാജേന്ദ്രനു കഴിയണമെന്നില്ല. പക്ഷേ, പാര്‍ട്ടി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന പ്രതിച്ഛായക്ക് പോറലേല്‍ക്കാതിരിക്കണമെന്നുണ്ടെങ്കില്‍ ഇത്രയും നിരുത്തരവാദപരമായി പെരുമാറിയ മന്ത്രിയെ പുറത്തുനിര്‍ത്തിയേ മതിയാവൂ. അങ്ങനെ ചെയ്യുന്നതു വഴി സിപിഐയും ഇടതുമുന്നണിയും ജനകീയ പ്രശ്‌നങ്ങളുടെ നേരെ ജനപ്രതിനിധികള്‍ക്കുണ്ടാവേണ്ട സമീപനത്തെക്കുറിച്ച് കൃത്യമായ ഒരു സന്ദേശം നല്‍കുകയാവും ചെയ്യുക. കടക്ക് പുറത്ത് എന്നു പറയേണ്ടത് തീര്‍ച്ചയായും ഇത്തരം സന്ദര്‍ഭങ്ങളിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss