|    Jul 23 Mon, 2018 1:14 pm
FLASH NEWS

മന്ത്രി മണി നല്‍കിയ മുല്ലപ്പൂക്കള്‍ കൊച്ചുമാന്ത്രികന്‍ കണ്ണന്‍മോന്‍ മുല്ലമാലയാക്കി

Published : 8th September 2017 | Posted By: fsq

 

പാലാ: മന്ത്രി എം എം മണി കൊടുത്ത മുല്ലപ്പൂക്കള്‍ ഞൊടിയിടയില്‍ മുല്ലമാലയാക്കി മന്ത്രിയുടെ കഴുത്തിലണിയിച്ച് ബാലമാന്ത്രികന്‍ കണ്ണന്‍ മോന്‍ മന്ത്രിയെയും കാണികളെയും വിസ്മയഭരിതരാക്കി. പാലാ കിഴതടിയൂര്‍ ഭാവനാ ക്ലബ്ബിന്റെ ഓണാഘോഷ ഉദ്ഘാടന വേദിയിലായിരുന്നു കൊച്ചുമജീഷ്യന്റെ അദ്ഭുത പ്രകടനം. ഭാവനാ ക്ലബ്ബ് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി മണി. ഈ സമ്മേളനത്തില്‍ മജീഷ്യന്‍ കണ്ണന്‍ മോനെ സംഘാടകര്‍ അനുമോദിക്കുന്നുമുണ്ടായിരുന്നു. കൊച്ചുമാന്ത്രികനെ ആദരിക്കുന്ന കാര്യം വേദിയില്‍ അനൗണ്‍സ്‌മെന്റ് ചെയ്യുന്നതു കേട്ടപ്പോള്‍, ‘തന്റെ മുമ്പില്‍ ഒരു മാജിക്കെങ്കിലും അവതരിപ്പിക്കണമെന്നായി മന്ത്രി മണി. വേദിയിലെ നിലവിളക്കിന് ചുറ്റുമിടാന്‍ സംഘാടകര്‍ കരുതിയ മുല്ലപ്പൂക്കളെടുത്ത മജീഷ്യന്‍ കണ്ണന്‍ മോന്‍ ഇത് ആദ്യം മന്ത്രിയുടെ കൈയില്‍ കൊടുത്തു. തുടര്‍ന്ന് ഓരോ പൂക്കളായി തന്റെ കൈയ്യിലേക്ക് ഇടണമെന്ന മാന്ത്രികന്റെ അഭ്യര്‍ത്ഥന മന്ത്രി സ്വീകരിച്ചു. മന്ത്രി കൈയ്യില്‍ കൊടുത്ത പൂക്കള്‍ കണ്ണന്‍ മോന്‍ ശൂന്യതയിലൊന്ന് ചുഴറ്റിയെടുത്തപ്പോള്‍ അത് മുല്ലമാലയായി. വിരല്‍ത്തുമ്പിലെ വിസ്മയമായി സൃഷ്ടിച്ച മുല്ലമാല ബാലമാന്ത്രികന്‍ മന്ത്രി മണിയുടെ കഴുത്തിലണിയിച്ചപ്പോള്‍ കാണികളുടെ കരഘോഷം.ഭാവനാ ക്ലബ്ബിന്റെ ഉപഹാരത്തോടൊപ്പം സ്വന്തമായൊരു സമ്മാനവും എം എം മണി കണ്ണന്‍ മോന് നല്‍കി.ഏഴാച്ചേരി തുമ്പയില്‍ സുനില്‍കുമാര്‍-ശ്രീജ ദമ്പതികളുടെ മകനായ കണ്ണന്‍മോന്‍ എന്ന എസ് അഭിനവ് കൃഷ്ണ കഴിഞ്ഞ ആറു വര്‍ഷമായി മാജിക് രംഗത്തുണ്ട്.  ഇതിനോടകം 200ഓളം വേദികളില്‍ മാജിക് ഷോ നടത്തിയിട്ടുള്ള ഈ മിടുക്കന്‍ വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്.  ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിച്ചു വരികയാണ്. മാജിക് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ക്ക് ഈ കൊച്ചു മജീഷ്യന്‍ അര്‍ഹനായിട്ടുണ്ട്.ഭാവനാ ക്ലബ്ബിന്റെ ഓണാഘോഷ സാംസ്‌കാരിക സമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. ഷിബു തെക്കേമറ്റം, ജോയി കളരിക്കല്‍, ജോജോ തുടിയംപ്ലാക്കല്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.  മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ്കുട്ടി ചെറുവള്ളില്‍ അധ്യക്ഷത വഹിച്ചു. ഡോ. സിന്ധുമോള്‍ ജേക്കബ് ഓണസന്ദേശം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss