|    Jul 23 Mon, 2018 5:58 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മന്ത്രി ബാലന്റെ വിവാദ പരാമര്‍ശം: നിയമസഭയില്‍ ബഹളം

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ നവജാതശിശുക്കളുടെ മരണം സംബന്ധിച്ച് മന്ത്രി എ കെ ബാലന്‍ നടത്തിയ വിവാദ പരാമര്‍ശത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം.
കോണ്‍ഗ്രസ് അംഗം പി ടി തോമസാണ് ക്രമപ്രശ്‌നമായി വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ആദിവാസികളെ അധിക്ഷേപിക്കുന്ന വിവാദ പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പുപറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സര്‍ക്കാരിന്റെയും വകുപ്പിന്റെയും പ്രതിച്ഛായ തകര്‍ക്കാനാണ് പരാമര്‍ശം പ്രതിപക്ഷം വിവാദമാക്കിയതെന്നും മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. പരാമര്‍ശം പരിശോധിച്ചശേഷം ഉചിതമായ നടപടിയെടുക്കാമെന്ന് സ്പീക്കറും ആവര്‍ത്തിച്ച് അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
തുടര്‍ന്ന് മന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. അട്ടപ്പാടിയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനനി ജന്‍മരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് എംഎല്‍എയായ എന്‍ ഷംസുദ്ദീന്‍ നിയമസഭയില്‍ ഉയര്‍ത്തിയ ചോദ്യത്തിന് മന്ത്രി നല്‍കിയ പരിഹാസം കലര്‍ന്ന മറുപടിയാണ് വിമര്‍ശനം വരുത്തിവച്ചത്. ആദിവാസികള്‍ക്കെതിരേ നടത്തിയ പരാമര്‍ശം ഒരു സാംസ്‌കാരിക മന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടാവാന്‍ പാടില്ലാത്തതാണെന്നും അത് പിന്‍വലിച്ച് മാപ്പുപറയാനുള്ള മര്യാദ എ കെ ബാലന്‍ കാണിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പരാമര്‍ശത്തിനെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചില്ലെന്ന് മന്ത്രി പറയുന്നത് ശരിയല്ല. ആദിവാസി മേഖലയില്‍നിന്നുതന്നെ ഇതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഏതു സര്‍ക്കാര്‍ വന്നാലും ആദിവാസികളുടെ ക്ഷേമത്തിനായി പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍, ആദിവാസികളെ അധിക്ഷേപിക്കുന്ന പരാമര്‍ശം മന്ത്രി പിന്‍വലിക്കുകയെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും ചെന്നിത്തല വിശദീകരിച്ചു.
മന്ത്രിയുടെ പരാമര്‍ശത്താല്‍ അപമാനംകൊണ്ട് കേരളജനത തലതാഴ്ത്തിയിരിക്കുകയാണെന്ന് പി ടി തോമസ് ചൂണ്ടിക്കാട്ടി. മന്ത്രിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സ്പീക്കര്‍ കമന്റ് നടത്തിയെന്നും പി ടി തോമസ് കൂട്ടിച്ചേര്‍ത്തു. ഈമാസം 19ന് താന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് അന്നൊന്നും യാതൊരു പരാമര്‍ശവും ഉയര്‍ന്നിരുന്നില്ലെന്ന് എ കെ ബാലന്‍ വിശദീകരിച്ചു. എന്‍ ഷംസുദ്ദീന്റെ ഉപചോദ്യത്തിനുള്ള മറുപടിയില്‍ താന്‍ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞതാണ്. അന്ന് പ്രശ്‌നം അവസാനിച്ചതുമാണ്. അടുത്തദിവസത്തെ പ്രധാന പത്രങ്ങളിലൊന്നും പരാമര്‍ശം വിവാദമായില്ല. രണ്ടുദിവസം കഴിഞ്ഞാണ് മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയാവുന്നത്. ഏതെങ്കിലും വിഭാഗത്തെ അപമാനിക്കുന്ന പരാമര്‍ശമുണ്ടെങ്കില്‍ സ്പീക്കര്‍ക്ക് പരിശോധിച്ച് തീരുമാനമെടുക്കാം. തന്റെ പ്രസംഗത്തിന്റെ ശബ്ദരേഖ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തില്‍ സ്പീക്കര്‍ പരിശോധിക്കണം. തെറ്റുണ്ടെങ്കില്‍ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കും.
ഇന്ത്യയില്‍ ആയിരം പ്രസവത്തില്‍ 44 എണ്ണമാണ് മരിക്കുന്നത്. കേരളത്തില്‍ ഇത് 12 എണ്ണമാണ്. ഏതെങ്കിലും സര്‍ക്കാരിന്റെ നേട്ടമല്ലിത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അട്ടപ്പാടിയിലെ ശിശുമരണനിരക്ക് കുറഞ്ഞു- നാലെണ്ണം. സംസ്ഥാന ശരാശരിയില്‍ കുറവാണത്. ശതമാനമല്ലാത്തതിനാലാണ് എണ്ണത്തിന്റെ കണക്ക് താന്‍ നിയമസഭയില്‍ പറഞ്ഞത്. അല്ലാതെ ആരെയും ആക്ഷേപിക്കാനല്ല. മരണപ്പെട്ടവരുടെ വീടുകളിലെല്ലാം താന്‍ സന്ദര്‍ശനം നടത്തിയതാണ്. പോഷകാഹാരക്കുറവുമൂലമല്ല ഇവിടങ്ങളിലെ മരണങ്ങളുണ്ടായത്. അബോര്‍ഷനും വാല്‍വിന്റെ തകരാറുമായിരുന്നു കാരണം. ഈ സര്‍ക്കാരിന്റെ കാലത്തല്ല അവര്‍ ഗര്‍ഭിണിയായതെന്ന് പറഞ്ഞത് യാഥാര്‍ഥ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ വിശദീകരണത്തിനെതിരേ പ്രതിപക്ഷം നടുത്തളത്തിന് സമീപമെത്തി ബഹളംവച്ചു. മന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും ഇങ്ങനെ സഭ നടത്തിക്കൊണ്ടുപോവാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടെങ്കിലും പിന്‍മാറാന്‍ പ്രതിപക്ഷം കൂട്ടാക്കിയില്ല. ഒടുവില്‍ സര്‍ക്കാരിന്റെ മറുപടിയില്‍ തൃപ്തരല്ലെന്നും ഇറങ്ങിപ്പോവുകയാണെന്നും പ്രതിപക്ഷനേതാവ് പ്രഖ്യാപിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss