|    Oct 21 Sun, 2018 1:25 pm
FLASH NEWS

മന്ത്രി പങ്കെടുത്തില്ല; പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌ക്കരിച്ചു

Published : 13th September 2017 | Posted By: fsq

 

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ നഗരസഭ രണ്ടു കോടി രൂപ ചെലവില്‍ സ്ഥാപിച്ച ഡയാലിസിസ് സെന്റര്‍ ഇന്നലെ  നാടിന് സമര്‍പ്പിച്ചു. ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നിന്നും ഉദ്ഘാകനായ മന്ത്രി ജി സുധാകരന്‍  വിട്ടു നിന്നു.സര്‍ക്കാരിനെയും മന്ത്രിയെയും പരിപാടികളില്‍ നിന്നു മാറ്റി നിര്‍ത്താന്‍ ഭരണപക്ഷം ബോധപൂര്‍വമായ ശ്രമം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.ചടങ്ങില്‍ അധ്യക്ഷത വഹിച്ച നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ഉപക്രമ പ്രസംഗം നടത്തിയ ഉടനെ വേദിയിലേക്ക് കടന്നു വന്ന നഗരസഭാ പ്രതിപക്ഷ നേതാവും സിപിഎം നേതാവുമായ ഡി ലക്ഷ്മണന്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാന്‍ അവസരം തരണമെന്ന് അധ്യക്ഷനോടും കെ സി വേണുഗോപാല്‍ എംപിയോടും ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കൂടി സഹായത്തോടെ നടത്തുന്ന ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നു സംസ്ഥാന സര്‍ക്കാരിനെയും മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ കൂടിയായ മന്ത്രിയെയും  മാറ്റി നിര്‍ത്താന്‍ ഭരണപക്ഷം ബോധപൂര്‍വമായ ശ്രമം നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. സെന്ററിന്റെ ഉദ്ഘാടന പരിപാടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍  ഭരണകക്ഷി ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുത്തെന്നും ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തില്‍ സുതാര്യതയില്ലെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം പ്രതിപക്ഷം ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്നും പ്രഖ്യാപിച്ചു.തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷ പ്രതിഷേധത്തില്‍ കഴമ്പുണ്ടോയെന്ന് ജനം തീരുമാനിക്കട്ടെയെന്ന് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച കെ സി വേണുഗോപാല്‍ എംപി പറഞ്ഞു.സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉദ്ഘാടന ചടങ്ങിനെക്കുറിച്ചും വിവിധ ഘട്ടങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ ആരും ഒരു അഭിപ്രായ വ്യത്യാസവും ഉന്നയിച്ചിരുന്നില്ലന്നും ഉദ്ഘാടനത്തലേന്ന് ചിലര്‍ പൊടുന്നനെ പ്രതിഷേധവമായി രംഗത്ത് എത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എംപി പങ്കെടുക്കുന്നതാണ് ചിലരെ ചൊടിപ്പിക്കുന്നത്. താന്‍ നൂലില്‍ കെട്ടി ഇറക്കപ്പെട്ട ആളല്ലെന്നും ജനങ്ങളുടെ വോട്ട് നേടി പാര്‍ലമെന്റില്‍ എത്തിയ ആളാണെന്നും  ജനകീയ പരിപാടികളില്‍ പങ്കെടുക്കാന്‍ തനിക്ക് അവകാശമുണ്ടന്നും എംപി കൂട്ടി ചേര്‍ത്തു.കേന്ദ്ര മന്ത്രിയായിരുന്ന കാലത്തു പോലും അന്ന് നഗരസഭ ഭരിച്ച എല്‍ഡിഎഫ് തന്നെ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡയാലിസിസ് സെന്ററിനോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിച്ച ആര്‍ഒ പ്ലാന്റിന്റെ ഉദ്ഘാടനം നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ ബീനാ കൊച്ചുബാവ നിര്‍വഹിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ശ്രീദേവി റിപോര്‍ട്ട് അവതരിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss