|    May 26 Fri, 2017 9:11 am
FLASH NEWS

മന്ത്രി നഖ്‌വിക്കെതിരേ നോട്ടീസ്; ആന്ധ്ര ബില്ലില്‍ ഉടക്കി സഭ സ്തംഭിച്ചു

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്കെതിരേ കോണ്‍ഗ്രസ് രാജ്യസഭയില്‍ അവകാശലംഘനത്തിനു നോട്ടീസ് നല്‍കി. ഭരണപക്ഷത്തുനിന്ന് എംപിമാരെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണിത്. കോണ്‍ഗ്രസ് എംപി കെ വി പി രാമചന്ദ്ര റാവു ആണ് അവകാശലംഘനത്തിനു നോട്ടീസ് നല്‍കിയത്.
ശൂന്യവേളയില്‍ ഇന്നലെ വിഷയം ഉന്നയിക്കവേയാണ് താന്‍ ചട്ടം 187, 188 പ്രകാരം നോട്ടീസ് നല്‍കിയിട്ടുണ്ടെന്നു റാവു വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കണമെന്നാവശ്യപ്പെട്ട ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് നല്‍കുന്ന സ്വകാര്യ ബില്‍ അവതരിപ്പിച്ചത് റാവു ആയിരുന്നു. അവകാശലംഘനത്തിന് നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള റാവുവിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ രാജ്യസഭാധ്യക്ഷന്‍ തീരുമാനമെടുക്കുമെന്നും ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍ വ്യക്തമാക്കി. അതിനിടെ, ആന്ധ്രാപ്രദേശിനു പ്രത്യേക പാക്കേജ് വേണമെന്ന ബില്ല് എടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രതിഷേധത്തില്‍ രാജ്യസഭ ഇന്നലെയും നേരത്തേ പിരിഞ്ഞു. കോണ്‍ഗ്രസ് അനാവശ്യമായി ബഹളമുണ്ടാക്കുകയാണെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി ആരോപിച്ചു.
തുടര്‍ന്നു നാലുമണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ആന്ധ്രാപ്രദേശിനെ എങ്ങനെ വികസിപ്പിക്കണമെന്ന വിഷയത്തില്‍ ചര്‍ച്ചയാവാമെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയെങ്കിലും ബില്ല് വോട്ടിനിടണമെന്ന് കോണ്‍ഗ്രസ് എംപി ജയറാം രമേശ് ആവശ്യപ്പെട്ടു. വോട്ടിങ് വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മുദ്രാവാക്യം മുഴക്കി ഇറങ്ങിയതോടെ സഭ പിരിയുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day