|    Oct 19 Fri, 2018 1:54 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് : കാണാതായ ഫയലുകളില്‍ ഒന്ന് കണ്ടെത്തി

Published : 19th September 2017 | Posted By: fsq

 

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭാ കാര്യാലയത്തില്‍ നിന്നു കാണാതായ ഫയലുകളിലൊന്ന് കണ്ടെത്തി. നഗരസഭാ കാര്യാലയത്തിലെ ഒഴിഞ്ഞ അലമാരയില്‍ നിന്ന് കണ്ടെത്തിയ ഫയലില്‍ റിസോര്‍ട്ടിലെ 18 കെട്ടിടങ്ങളിടെ നിര്‍മാണാനുമതിയുമായി ബന്ധപ്പെട്ട രേഖകളാണുള്ളത്. റിസോര്‍ട്ടിലെ ബാക്കിയുള്ള 14 കെട്ടിടങ്ങളെ സംബന്ധിക്കുന്ന രേഖകളുള്ള മൂന്നു ഫയലുകള്‍ കൂടി ഇനിയും കണ്ടെത്താനുണ്ട്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് അനധികൃത നിര്‍മാണവും നികുതിവെട്ടിപ്പും ഉണ്ടെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു നഗരസഭയില്‍ നിന്ന് ഈ നിര്‍ണായക ഫയലുകള്‍ കാണാതായത്. 1999 മുതല്‍ 2006 വരെയുള്ള കാലയളവില്‍ റിസോര്‍ട്ടില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളായിരുന്നു ഫയലുകളില്‍. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ഫയല്‍ കണ്ടെത്താന്‍ ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി സെര്‍ച്ച് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഫയലുകള്‍ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നഗരസഭയിലെ തന്നെ പലതവണ തിരച്ചില്‍ നടത്തിയ അലമാരയില്‍ ഫയല്‍ പ്രത്യക്ഷപ്പെട്ടത്. തിരിച്ചെത്തിയ ഫയലുകള്‍ പരിശോധനയ്ക്കായി ജില്ലാ കലക്ടര്‍ക്ക് കൈമാറും. പ്ലാനിലും അനുബന്ധ രേഖകളിലും തിരുത്തല്‍ നടന്നിട്ടുണ്ടോ എന്നാവും പ്രാഥമിക പരിശോധന. ഫയല്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ടു നാലു ജീവനക്കാരെ മറ്റൊരു സെക്ഷനിലേക്ക് മാറ്റിയിരുന്നു. സൂപ്രണ്ട്, ക്ലാര്‍ക്ക്, രണ്ടു പ്യൂണുമാര്‍ എന്നിവരെയാണ് ഈയിടെ മാറ്റിയത്. ഇതില്‍ പ്രതിഷേധിച്ചു കേരള മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാഫ് യൂനിയന്റെ നേതൃത്വത്തില്‍ നഗരസഭാ സെക്രട്ടറിയെ ജീവനക്കാര്‍  രണ്ടര മണിക്കൂറോളം തടഞ്ഞുവച്ച സംഭവവുമുണ്ടായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss