|    Jul 21 Sat, 2018 11:08 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മന്ത്രി തോമസ് ചാണ്ടിക്കെതിരേ കലക്ടറുടെ റിപോര്‍ട്ട്

Published : 23rd September 2017 | Posted By: fsq

 

തിരുവനന്തപുരം/ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം നടത്തിയെന്ന് കലക്ടറുടെ റിപോര്‍ട്ട്. കലക്ടര്‍ ടി വി അനുപമ സര്‍ക്കാരിനു സമര്‍പ്പിച്ച ഇടക്കാല റിപോര്‍ട്ടിലാണ് കൈയേറ്റം സ്ഥിരീകരിച്ചിരിക്കുന്നത്. കൈയേറ്റത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് കൈയേറ്റം കണ്ടെത്തിയത്. ലേക് പാലസ് റിസോര്‍ട്ട് ചട്ടം ലംഘിച്ചാണ് പാര്‍ക്കിങ്ങിന് നിലം നികത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങളും റിപോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ആലപ്പുഴ നഗരസഭയും ഇന്നലെ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭ മന്ത്രിക്ക് നോട്ടീസയച്ചു. റിസോര്‍ട്ടിന്റെ റവന്യൂ രേഖകള്‍ 15 ദിവസത്തിനകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായുന്നതിന് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി വിളിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയെ കൂടി പ്രതിരോധത്തിലാക്കുന്ന തരത്തിലേക്ക് വിഷയം എത്തിയതോടെയാണ് കലക്ടറെ നേരിട്ടു വിളിപ്പിച്ച് വിവരങ്ങള്‍ ആരാഞ്ഞത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് റിപോര്‍ട്ട് നല്‍കാനിരിക്കെയാണ് മുഖ്യമന്ത്രി കലക്ടറെ നേരിട്ടു വിളിപ്പിച്ചത്. തോമസ് ചാണ്ടിക്കെതിരേ ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംഭവം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ റവന്യൂ മന്ത്രി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ സമയം കലക്ടറായിരുന്ന വീണാ മാധവന്‍ നല്‍കിയ റിപോര്‍ട്ടില്‍ കാര്യമായ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് റിപോര്‍ട്ട് തിരിച്ചയച്ച് വിശദമായ റിപോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. പുതുതായി ചുമതലയേറ്റ ടി വി അനുപമയാണ് പിന്നീട് അന്വേഷണം നടത്തിയത്.  റിപോര്‍ട്ടില്‍ തോമസ് ചാണ്ടിയെ പ്രതിസന്ധിയിലാക്കുന്ന നിരവധി വിവരങ്ങളുണ്ടെന്നാണ് സൂചന. അതേസമയം, കുട്ടനാട്ടിലെ മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി കൈയേറിയെന്ന ആരോപണത്തിലും തോമസ് ചാണ്ടിക്കെതിരേ സര്‍ക്കാര്‍ നിലപാടെടുത്തു. വിഷയത്തില്‍ അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി ഉത്തരവിട്ടു. ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നതിനുശേഷം കുട്ടനാട്ടിലെ കൈനകരിയിലുള്ള മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമിയും തോമസ് ചാണ്ടി കൈയേറിയെന്ന് ദേവസ്വം അധികൃതരാണ് പരാതി നല്‍കിയത്.  ഇതിന്റെ വിവരങ്ങളും ജില്ലാ കലക്ടറുടെ റിപോര്‍ട്ടിലുണ്ടെന്നാണ് സൂചന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss