|    Jan 24 Tue, 2017 2:42 am

മന്ത്രി ജി സുധാകരന്റെ ആക്ഷേപ ആംഗ്യം; പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: കണ്ണൂരിലുണ്ടായ രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ച് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ അവതരണത്തിനിടെ ബഹളം. പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നതിനിടെ മന്ത്രി ജി സുധാകരന്‍ ആക്ഷേപ ആംഗ്യം കാട്ടിയെന്നാരോപിച്ചാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്.
പോലിസ് കോണ്‍സ്റ്റബിളിനെ മാറ്റുന്ന ലാഘവത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പോലിസ് മേധാവിയെ മാറ്റിയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് മന്ത്രി ജി സുധാകരന്‍ പ്രതിപക്ഷ നേതാവിനു നേരെ തിരിഞ്ഞത്. കോണ്‍സ്റ്റബിളിനെന്താ നിയമം ബാധകമല്ലേ എന്നും പ്രതിപക്ഷനേതാവ് എന്തൊക്കെയാണ് ഈ പറയുന്നതെന്നും ചോദിച്ച ശേഷം മന്ത്രി ജി സുധാകരന്‍ ചെന്നിത്തലയ്ക്കു നേരേ ആക്ഷേപ ആംഗ്യം കാട്ടിയെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
മന്ത്രി മാപ്പുപറയണമെന്നും വിവാദപ്രസ്താവനകള്‍ സഭാരേഖകളില്‍നിന്നു നീക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം സഭാതളത്തിലിറങ്ങി. ഇരിപ്പിടത്തിലേക്കു മടങ്ങണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ കൂട്ടാക്കിയില്ല. ബഹളം രൂക്ഷമായതോടെ മന്ത്രി പറഞ്ഞതൊന്നും രേഖകളിലില്ലെന്നും പിന്നെയെങ്ങനെയാണ് നീക്കംചെയ്യുന്നതെന്നും സ്പീക്കര്‍ ചോദിച്ചു. ഉച്ചഭാഷിണിയില്‍ക്കൂടി പറയുന്നവ മാത്രമാണ് സഭാരേഖകളിലുണ്ടാവു കയെന്നും സ്പീക്കര്‍ വിശദീകരിച്ചു. എന്നാല്‍, പ്രതിപക്ഷം ഇതില്‍ തൃപ്തരായില്ല. മന്ത്രി സുധാകരന്‍ മാപ്പുപറയണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
രേഖയില്‍ വരാത്ത എന്ത് ആംഗ്യഭാഷയും സഭയില്‍ കാണിക്കാമോയെന്നും മുണ്ട് അഴിച്ചു തലയില്‍ കെട്ടിയാല്‍ സഭയില്‍ കുഴപ്പമില്ലേയെന്നുമായിരുന്നു വി ഡി സതീശന്റെ ചോദ്യം. സംഭവത്തിന്റെ വീഡിയോ പരിശോധിക്കണമെന്നും ആക്ഷേപകരമായ ആംഗ്യമുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നുംചെന്നിത്തല സ്പീക്കറോട് ആവശ്യപ്പെട്ടു. വീഡിയോ പരിശോധിക്കാമെന്നും നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കാമെന്നും സ്പീക്കര്‍ അറിയിച്ചതോടെയാണ് പ്രതിപക്ഷം ശാന്തമായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 159 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക