|    Nov 20 Tue, 2018 11:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മന്ത്രി ജലീല്‍ ഒരു നിമിഷം വൈകാതെ രാജിവച്ചു പുറത്ത് പോവണം: ചെന്നിത്തല

Published : 5th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ബന്ധു നിയമനത്തിലൂടെ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മന്ത്രി കെ ടി ജലീല്‍ ഒരു നിമിഷം വൈകാതെ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി അഭിമുഖത്തില്‍ പങ്കെടുക്കാത്തയാളെ തന്റെ പിതൃസഹോദരന്റെ കൊച്ചുമകനാണ് എന്ന ഒറ്റ ആനുകൂല്യത്തില്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചത് ഗുരുതരമായ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ഇതിനു വേണ്ടി ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള യോഗ്യതയില്‍ മന്ത്രി ഇടപെട്ട് വെള്ളം ചേര്‍ക്കുകയും ചെയ്തു.
പത്രങ്ങളില്‍ പരസ്യം ചെയ്താണ് സാധാരണഗതിയില്‍ ഇത്തരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. എന്നാല്‍, ഇവിടെ പത്രക്കുറിപ്പിലൂടെയാണ് അപേക്ഷ ക്ഷണിച്ചത്. അതുതന്നെ ഗുരുതരമായ കൃത്രിമത്വത്തിലേക്കാണ് വിരല്‍ച്ചൂണ്ടുന്നത്. മന്ത്രിയുടെ സ്വന്തക്കാരനെ എടുക്കാന്‍ വേണ്ടി മാത്രമാണ് ഇതു ചെയ്തതെന്ന് വ്യക്തമാവുകയാണ്. ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തി സ്വന്തക്കാരെ തങ്ങളുടെ വകുപ്പുകളിലെല്ലാം തിരുകിക്കയറ്റുന്ന പരിപാടി ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നിമിഷം തന്നെ തുടങ്ങിയതാണ്. ആദ്യം ഇ പി ജയരാജന്‍ ഇതേ ആരോപണത്തിലാണ് രാജിവച്ചത്. ഇപ്പോള്‍ നിയമിക്കപ്പെട്ട ആള്‍ ഇന്റര്‍വ്യൂവിന് എത്തിയില്ല എന്ന് ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ എംഡി തന്നെ വ്യക്തമാക്കിയതോടു കൂടി മന്ത്രി കെ ടി ജലീല്‍ കൈയോടെ പിടിക്കപ്പെട്ടിരിക്കുകയാണ്. ഇനിയും സ്ഥാനത്ത് കടിച്ച് തൂങ്ങി നാണം കെടാതെ മന്ത്രി രാജിവച്ച് പുറത്തു പോവണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss