|    Nov 14 Wed, 2018 6:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മന്ത്രി ജലീലിന്റെ വകുപ്പ് മാറ്റം; മോശം പ്രവര്‍ത്തനവും പാര്‍ട്ടി എതിര്‍പ്പും കാരണം

Published : 12th August 2018 | Posted By: kasim kzm

മലപ്പുറം: മന്ത്രിസഭാ അഴിച്ചുപണിയില്‍ നഷ്ടം മന്ത്രി കെ ടി ജലീലിന്. വലിയ പ്രതീക്ഷയോടെ പാര്‍ട്ടിയും മുന്നണിയും ജലീലിനെ തദ്ദേശ സ്വയംഭരണ വകുപ്പ് ഏല്‍പ്പിച്ചുവെങ്കിലും കാ ര്യക്ഷമമായി ഭരണം നിര്‍വഹിക്കാനാവാതെ പോയതാണ് വിനയായത്.
യുഡിഎഫ് മന്ത്രിസഭയില്‍ മുസ്‌ലിംലീഗിലെ മൂന്നു മന്ത്രിമാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളായിരുന്നു അത്. എന്നാല്‍, മന്ത്രി ജലീല്‍ വകുപ്പ് ഏറ്റെടുത്ത എല്ലാം കുത്തഴിഞ്ഞെ ന്ന ആക്ഷേപം വ്യാപകമായി. തൃശൂരിലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഏറെ വിമര്‍ശനവിധേയമായത് തദ്ദേശ സ്വയംഭരണ വകുപ്പായിരുന്നു. ത്രിതല പഞ്ചായത്തുകളിലെ സിപിഎം ഭരണസമിതികളും ജില്ലാ കമ്മിറ്റികളും മന്ത്രിക്കെതിരേ രംഗത്തെത്തി. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടന്ന സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിലും സംസ്ഥാന കമ്മിറ്റി യോഗത്തിലും രൂക്ഷ വിമര്‍ശനമാണ് വകുപ്പിനെതിരേ ഉയര്‍ന്നത്. വകുപ്പില്‍ എന്തു നടക്കുന്നുവെന്ന് മന്ത്രിക്കു തന്നെ അറിയില്ല എന്നാണ് എറണാകുളത്ത് നിന്നുള്ള മുതിര്‍ന്ന ഒരു നേതാവ് പറഞ്ഞത്.
അധികാരവികേന്ദ്രീകരണം എന്നത് ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലെ നയമായിരിക്കെ, മന്ത്രി അധികാരകേന്ദ്രീകരണം നടത്തിയെന്നായിരുന്നു പ്രധാന വിമര്‍ശനം. സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളായ നാലു മിഷനുകളില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ലൈഫ് മിഷന്‍ പദ്ധതിയുടെ പരാജയമാണ് സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഏറെ പ്രതിസന്ധിയിലാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാരും വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കിയിരുന്ന പാവപ്പെട്ടവര്‍ക്കുള്ള എല്ലാ ഭവന നിര്‍മാണ പദ്ധതികളും ഒരു കുടക്കീഴിലാക്കിയാണ് പദ്ധതി ആവിഷ്‌കരിച്ചത്. എന്നാല്‍, അവയുടെ പ്രവര്‍ത്തനം വേണ്ടവിധം പുരോഗമിക്കാതായതോടെ വിമര്‍ശനം ഉയര്‍ന്നു. സിപിഎം ഭരിക്കുന്ന ഭരണസമിതികളായിരുന്നു വിമര്‍ശനങ്ങളില്‍ മുന്നില്‍. സംസ്ഥാനതല കോ-ഓഡിനേഷന്‍ കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന മന്ത്രിയുടെ നിലപാട് ഭരണസമിതികളെ എതിരാളികളാക്കി. ഫണ്ടു വകയിരുത്തുന്നതിലും പദ്ധതികള്‍ തയ്യാറാക്കുന്നതിലും കോ-ഓഡിനേഷന്‍ കമ്മിറ്റികളുടെ ശക്തമായ ഇടപെടല്‍ ത്രിതല പഞ്ചായത്ത് ഭരണസമിതികളെ തന്നെ നോക്കുകുത്തികളാക്കുന്നു വെ ന്നും ആക്ഷേപം ഉയര്‍ന്നുവന്നു. മന്ത്രിക്കു പകരം കാര്യങ്ങള്‍ ഉദ്യോഗസ്ഥന്മാര്‍ തീരുമാനിക്കുന്നുവെന്ന അവസ്ഥയായി വകുപ്പില്‍. ഏതാനും സിപിഎം സംസ്ഥാന കമ്മിറ്റികളില്‍ ഈ വകുപ്പ് പാര്‍ട്ടി നേരിട്ട് ഏറ്റെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എ സി മൊയ്തീനെ വകുപ്പ് ഏല്‍പ്പിക്കുന്നതിലൂടെ ആ നിര്‍ദേശമാണ് നടപ്പായിരിക്കുന്നത്.
ന്യൂനപക്ഷ വോട്ടുകളെ ആകര്‍ഷിക്കുന്നതിനായി സിപിഎം ആവിഷ്‌കരിച്ച പദ്ധതികളുടെ അന്തകനായി ജലീല്‍ മാറിയെന്ന ആക്ഷേപവുമുണ്ട്. എല്ലാ മതസംഘടനകളുമായും തുല്യ ബന്ധം സ്ഥാപിക്കാനുള്ള പാര്‍ട്ടി നയം ജലീലിന്റെ ഇടപെടലില്‍ തകര്‍ന്നുവെന്നാ ണ് ആരോപണം. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും മാര്‍ക്കിട്ടിരുന്നു. ഇതില്‍ ജലീലിന്റെ നില വളരെ താഴെയായിരുന്നു. മതസംഘടനകളോടുള്ള ജലീലിന്റെ പക്ഷപാതപരമായ സമീപനവും നേതാക്കള്‍ക്കിടയില്‍ അസംതൃപ്തിയുണ്ടാക്കി. മലപ്പുറം ജില്ലയിലെയും എടപ്പാള്‍, തവനൂര്‍ മേഖലയിലെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ജലീലിനെതിരായ വികാരമാണുണ്ടായിരുന്നത്. വഖ്ഫ്, ഹജ്ജ് വകുപ്പുകളിലെ മന്ത്രിയുടെ അന്യായമായ ഇടപെടലുകള്‍ ആക്ഷേപങ്ങള്‍ക്കും കേസുകള്‍ക്കും ഇടയാക്കിയിരുന്നു. ഇതിന്റെയെല്ലാം ഫലമായാണ് പ്രധാന വകുപ്പില്‍ നിന്നു ജലീലിന് മാറ്റം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss