|    Dec 19 Wed, 2018 12:51 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മന്ത്രി ജലീലിന്റെ യാത്ര 10 പോലിസ് വാഹനങ്ങളുടെ അകമ്പടിയോടെ

Published : 14th November 2018 | Posted By: kasim kzm

എടപ്പാള്‍: ബന്ധുനിയമന വിവാദത്തില്‍ പ്രതിരോധത്തിലായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ യാത്രയില്‍ 10 പോലിസ് വാഹനങ്ങളുടെ അകമ്പടി. തിങ്കളാഴ്ച തന്റെ മണ്ഡലം കൂടിയായ തവനൂരിലെ വിവിധ പരിപാടികളില്‍ മന്ത്രിയെത്തിയത് 100ഓളം വരുന്ന പോലിസിന്റെ സുരക്ഷാ വലയത്തിലായിരുന്നു.
മുസ്‌ലിം യൂത്ത്‌ലീഗ്, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ മന്ത്രിയുടെ പൊതുപരിപാടികളില്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്ന രീതിയില്‍ ഒരാഴ്ചയായി സമരത്തിലാണ്. ഈ പ്രതിഷേധക്കാരെ നേരിടുന്നതിനാണ് പോലിസ് സര്‍വസംരക്ഷണവുമായി മന്ത്രിക്കൊപ്പമുള്ളത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി തന്റെ മണ്ഡലമായ തവനൂരില്‍ മന്ത്രിക്ക് നല്‍കിയ സ്വീകരണത്തില്‍ തനിക്ക് പോലിസ് അകമ്പടി തന്നെ വേണ്ട എന്ന നിലപാടിലായിരുന്നു മന്ത്രി. തന്റെ മണ്ഡലത്തില്‍ എന്തിനാണ് പോലിസ് സംരക്ഷണമെന്നാണ് ജലീല്‍ സ്വീകരണയോഗത്തില്‍ ചോദിച്ചിരുന്നത്. എന്നാല്‍ മന്ത്രിക്കെതിരായി പുതിയ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവരികയും അതിനെ പ്രതിരോധിക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെയാണ് കനത്ത പോലിസ് സംരക്ഷണത്തില്‍ മന്ത്രിയുടെ യാത്രകള്‍.
മുമ്പ് സിപിഎം മന്ത്രിസഭയിലെ മന്ത്രിമാരെ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്യുന്ന അവസരങ്ങളില്‍ ആ സമരക്കാരെ പ്രതിരോധിക്കുന്നതിനും മന്ത്രിയുടെ സംരക്ഷണത്തിനുമായി സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തു വരാറുണ്ടായിരുന്നു. എന്നാല്‍ ജലീലിനെതിരായ പ്രതിഷേധ സമരങ്ങളില്‍ മന്ത്രിക്ക് സംരക്ഷണമൊരുക്കാനോ സമരക്കാരെ പ്രതിരോധിക്കാനോ ഇടത് പ്രവര്‍ത്തകര്‍ ആരും തന്നെ രംഗത്ത് വരുന്നില്ലെന്നതും ശ്രദ്ധേയമാണ്. മന്ത്രിയുടെ ചില നിലപാടുകളില്‍ സിപിഎം ജില്ലാ കമ്മിറ്റിക്ക് നേരത്തെ തന്നെ ശക്തമായ വിയോജിപ്പുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സിപിഎം ജില്ലാ സമ്മേളന ചര്‍ച്ചകളില്‍ ഈ വിയോജിപ്പ് പ്രതിനിധികള്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നതാണ്. ബന്ധുനിയമന വിവാദവും മന്ത്രിയുടെ പത്‌നിക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതുമെല്ലാം പാര്‍ട്ടിയെയും കൂടി പ്രതിരോധത്തിലാക്കിയിരിക്കയാണെന്ന നിലപാടിലാണ് ജില്ലാ കമ്മിറ്റിയിലെ പല നേതാക്കളും.
മന്ത്രിയെ കൊണ്ട് നിര്‍ബന്ധിച്ച് രാജിവയ്പിക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളെ ബാധിക്കാനിടയുണ്ടെന്നും മന്ത്രി സ്വയം രാജിവയ്ക്കാന്‍ തയ്യാറായാല്‍ പാര്‍ട്ടി അതിനെ സ്വാഗതംചെയ്യുമെന്നുമാണു നേതാക്കളുടെ നിലപാട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss