|    Jul 21 Sat, 2018 1:40 am
FLASH NEWS

മന്ത്രി ജലീലിനെതിരേ രൂക്ഷവിമര്‍ശനങ്ങളുമായി സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍

Published : 22nd September 2017 | Posted By: fsq

 

എടപ്പാള്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായുള്ള ബ്രാഞ്ച് കമ്മിറ്റി സമ്മേളനങ്ങളില്‍ തദ്ദേശ സ്വയം ഭരണ മന്ത്രി കെ ടി ജലീലിനെതിരായി രൂക്ഷ വിമര്‍ശന. പാര്‍ട്ടി ബ്രാഞ്ച്-ലോക്കല്‍ കമ്മിറ്റി നേതാക്കളെയും ഘടകങ്ങളേയും വകവെക്കാതെ മന്ത്രി തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിവിധ സമ്മേളനങ്ങളില്‍ നിന്നുയര്‍ന്ന വിമര്‍ശനം. ഓരോ പഞ്ചായത്തിലും മന്ത്രിയുടെ ഇടപെടലുകള്‍ നിയന്ത്രിക്കാനും പ്ലാന്‍ ചെയ്യാനുമായി ഓരോ കോക്കസുകളാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത്തരം കോക്കസുകളിലൊന്നും പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടനേതാക്കളേയോ പ്രവര്‍ത്തകരേയോ ഉള്‍ക്കൊള്ളിക്കുന്നില്ല. പ്രാദേശിക പാര്‍ട്ടിഘടകങ്ങളുടെ എതിര്‍ ചേരിയില്‍ നില്‍ക്കുന്ന മറ്റു പാര്‍ട്ടികളിലെ പ്രവര്‍ത്തകരുമായുള്ള മന്ത്രിയുടെ അടുത്ത ബന്ധം കീഴ്ഘടകങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. വിവാഹ വീടുകളിലും മരണ വീടുകളിലും മന്ത്രി സന്ദര്‍ശനം നടത്തുമ്പോള്‍ അതത് പ്രദേശത്തെ പാര്‍ട്ടി ഘടകങ്ങളോ പ്രവര്‍ത്തകരോ അറിയുന്നില്ല. മന്ത്രിയുടെ സന്ദര്‍ശനം തനിക്ക് പേരുണ്ടാക്കാന്‍ മാത്രമായി കാണുന്നുവന്നും മറിച്ച് പാര്‍ട്ടിക്ക് മുതല്‍ കൂട്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്നും തുടങ്ങി ഒട്ടേറെ വിമര്‍ശനങ്ങളും ആരോപണങ്ങളുമാണ് വിവിധ പഞ്ചായത്തുകളിലെ സമ്മേളനങ്ങളില്‍ ഉയര്‍ന്നുവന്നത്. അതേസമയം മന്ത്രിക്കെതിരെ സ്വന്തം മണ്ഡലങ്ങളിലെ പഞ്ചായത്തുകളില്‍ നിന്നും ഉയര്‍ന്നുവന്ന ആരോപണത്തിനും വിമര്‍ശനത്തിനും വ്യക്തമായ മറുപടി നല്‍കാന്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന ഏരിയ, ജില്ലാ നേതാക്കള്‍ തയ്യാറാകുന്നില്ലെന്ന ആരോപണങ്ങളും പാര്‍ട്ടി അംഗങ്ങളില്‍ ശക്തമാണ്. മന്ത്രിക്കെതിരെ ഉയരുന്ന ആറോപണങ്ങള്‍ക്കുള്ള മറുപടി ലോക്കല്‍-ഏരിയ സമ്മേളനങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുമെന്നാണ് ബ്രാഞ്ച് സമ്മേളനങ്ങളില്‍ നേതൃത്വം നല്‍കുന്നമറുപടി. കഴിഞ്ഞ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മന്ത്രി തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെ വാര്‍ഡുകളില്‍ മാത്രം പ്രചരണം നടത്തി എന്ന ആരോപണവുൂം ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss