|    May 24 Wed, 2017 10:00 am
FLASH NEWS

മന്ത്രി ജയരാജന്റെ രാജി: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായി

Published : 12th October 2016 | Posted By: SMR

തിരുവനന്തപുരം: ബന്ധു നിയമനവിവാദത്തിന്റെ പേരില്‍ വ്യവസായമന്ത്രി ഇ പി ജയരാജന്റെ രാജിയാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഡിസിസി ഓഫിസില്‍നിന്നും ആരംഭിച്ച മാര്‍ച്ച് വഴുതക്കാടിനു സമീപം പോലിസ് ബാരിക്കേഡുപയോഗിച്ചു തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മന്ത്രി ഇ പി ജയരാജന്റെ കോലം കത്തിക്കുകയും ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാന്‍ കൂട്ടാക്കിയില്ല.
അതിനിടെ പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോലിസിനുനേരെ കല്ലെറിയാന്‍ ശ്രമിച്ച ചില പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബന്ധുക്കളെ തിരുകിക്കയറ്റിയ ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. സ്വാശ്രയ അഴിമതിക്കുശേഷം സര്‍ക്കാര്‍ അടുത്ത അഴിമതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണു മന്ത്രിമാര്‍ ബന്ധുക്കളെ നിയമിക്കുന്നത്. അധികാരത്തിലേറി 125 ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും മന്ത്രിമാരുടെ തനിനിറം പുറത്തായെന്നും അനധികൃതമായി സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും മന്ത്രിയുടെ കോലം കത്തിക്കുകയുമായിരുന്നു. ഉച്ചയോടെ മാര്‍ച്ച് അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. മാര്‍ച്ചിനെത്തുടര്‍ന്ന് വഴുതക്കാട്, ബേക്കറി ജങ്ഷനുകളില്‍ ഗതാഗതം തടസപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day