|    Jul 20 Fri, 2018 4:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മന്ത്രി കടകംപള്ളിയുടെ ക്ഷേത്രദര്‍ശനം : വിവാദം വേണ്ടെന്ന് സിപിഎം

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ വിവാദം വേണ്ടെന്ന് സിപിഎം. സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റിലാണ് തീരുമാനം. കടകംപള്ളിയുടെ വിശദീകരണം തൃപ്തികരമെന്നാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. അതിനാല്‍ മന്ത്രിക്കെതിരേ തുടര്‍നടപടികള്‍ വേണ്ടെന്ന് യോഗം തീരുമാനിച്ചു. ക്ഷേത്രാചാരങ്ങള്‍ ചിലര്‍ അനാവശ്യമായി വിവാദമാക്കുകയായിരുന്നുവെന്നാണ് മന്ത്രി നല്‍കിയ വിശദീകരണം. ഇക്കാര്യം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടേറിയറ്റില്‍ റിപോര്‍ട്ടു ചെയ്തു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നെങ്കിലും കൂടുതല്‍ വിവാദങ്ങള്‍ക്ക് പോവേണ്ടതില്ലെന്ന പൊതുനിലപാടാണ് യോഗം സ്വീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് അടക്കം വരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിലെ കൂടുതല്‍ ചര്‍ച്ചകള്‍ പൊതുസമൂഹത്തിനു മുന്നില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.  ഈ സാഹചര്യത്തില്‍ കടകംപള്ളിയുടെ കാര്യത്തില്‍ നിലപാട് മയപ്പെടുത്തുകയാണ് ഉചിതമെന്ന് തീരുമാനത്തിലെത്തുകയായിരുന്നു നേതാക്കള്‍. അതേസമയം, 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുളള സിപിഎം സമ്മേളനങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. ഒക്ടോബര്‍ 15 വരെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കും. ഫെബ്രുവരിയിലാണ് സംസ്ഥാന സമ്മേളനം. വിഭാഗീയത ഒഴിവാക്കാനായുള്ള മാര്‍ഗരേഖയും പാര്‍ട്ടി നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ 31700 ബ്രാഞ്ചുകളില്‍ സമ്മേളനവും സംഘടനാ തിരഞ്ഞെടുപ്പും ഒക്ടോബര്‍ 15നകം പൂര്‍ത്തിയാക്കും. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ ലോക്കല്‍ സമ്മേളനങ്ങളും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ ഏരിയാ സമ്മേളനങ്ങളും നടത്തും. ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 26ന് തുടങ്ങി ജനുവരി 21ന് അവസാനിക്കും. തൃശൂരില്‍ ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് സംസ്ഥാന സമ്മേളനം. ഏപ്രിലില്‍ ഹൈദരാബാദില്‍ വച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസ്. ഇത്തവണ വലിയ വിഭാഗീയ പ്രശ്‌നങ്ങളില്ലാതെയാണ് സംഘടനാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതെന്ന ആശ്വാസം  സിപിഎം നേതൃത്വത്തിനുണ്ട്. വിഎസ് പക്ഷം ഏതാണ്ട് നാമവശേഷമായിക്കഴിഞ്ഞു. എന്നാല്‍, ചില ജില്ലകളിലെങ്കിലും ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്ളത് നേതൃത്വം ഗൗരവമായാണ് കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമ്മേളനങ്ങളില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ തടയാനുള്ള മാര്‍ഗരേഖയും പാര്‍ട്ടിനേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ബ്രാഞ്ച് മുതലുള്ള സമ്മേളനങ്ങളില്‍ പാര്‍ട്ടി ഉപരിഘടകം നിശ്ചയിക്കുന്ന പാനലിനെതിരേ മറ്റൊരു പാനല്‍ മല്‍സരരംഗത്തുണ്ടാവരുതെന്നാണ് മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശം. സമ്മേളന പ്രതിനിധികള്‍ക്ക് വേണമെങ്കില്‍ വ്യക്തിപരമായി മല്‍സരിക്കാം എന്നും മാര്‍ഗരേഖ വിശദീകരിക്കുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സുമായുള്ള ബന്ധം മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ വരെയുള്ള വിഷയങ്ങളും സമ്മേളനങ്ങളില്‍ ചര്‍ച്ചയാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss