|    Mar 19 Mon, 2018 9:40 pm
FLASH NEWS

മന്ത്രി ഓര്‍ക്കുന്നുണ്ടോ ഈ കുരുന്നുകള്‍ക്ക് നല്‍കിയ വാഗ്ദാനം

Published : 14th November 2016 | Posted By: SMR

പത്തനാപുരം: സാര്‍, ….ഞങ്ങള്‍ക്ക് അച്ഛനും അമ്മയുമില്ല. അവര്‍ മരിച്ചതിനു തുല്ല്യം. അവര്‍ എവിടെയാണന്ന് പോലും അറിയില്ല,ജീവിച്ചിരിപ്പുണ്ടോ എന്നു പോലും.മാതാപിതാക്കള്‍ ഉപേക്ഷിച്ച ഞങ്ങള്‍ നാല് പേരും ഒരു അഗതിമന്ദിരത്തിലായിരുന്നു. എന്നാല്‍ എനിക്ക് 15 വയസ് കഴിഞ്ഞതോടെ അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. പല വീടുകളുടെ മുന്നില്‍ തള്ളക്കോഴി കുഞ്ഞുങ്ങളെയെന്ന പോലെയാണ് പ്രായാമായ ഞങ്ങളുടെ മുത്തശ്ശി കിടത്തി ഉറക്കുന്നത്. ഞങ്ങള്‍ക്ക് തലചായ്ക്കാന്‍ ഒരു വീടു വേണം….’ഇത് ഒരു പതിനഞ്ചുകാരി 2015 ല്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ നിവേദനത്തിലെ വാക്കുകളാണ്. പട്ടാഴി ഗ്രാമപ്പഞ്ചായത്തിലെ മൈലാടും പാറ പാറവിള പുത്തന്‍ വീട്ടില്‍ രമേഷ് ബാബുശാലിനി ദമ്പതികളുടെ മകള്‍ റോഷ്‌നി (16) യായിരുന്നു അത്. റോഷ്‌നിയുടേയും ദയനീയാവസ്ഥ മുമ്പും തേജസ് ഉള്‍പ്പടെ വാര്‍ത്തയാക്കിയിരുന്നു. കേരളത്തിനകത്ത് നിന്നും പുറത്തു നിന്നുമായി സഹായവാഗ്ദാനവുമായി നിരവധി സുമനസ്സുകളും സംഘടനകളും രംഗത്തെത്തുകയും ചെയ്തു. ഇതിനിടെയാണ് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ പട്ടാഴിയില്‍ ഒരു പൊതു പരിപാടിക്ക് എത്തിയത്. റോഷ്‌നിയുടേയും സഹോദരങ്ങളുടേയും ദയനീയാവസ്ഥ ജനപ്രതിനിധികളിലൊരാള്‍ മന്ത്രിയോട് പറഞ്ഞപ്പോള്‍ വസ്തു വാങ്ങി വീട് നിര്‍മിച്ച് നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മാധ്യമങ്ങളെ സാക്ഷിയാക്കി പ്രഖ്യാപനവും നടത്തി. മന്ത്രിയുടെ പ്രഖ്യാപനം മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തു . എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലന്ന് മാത്രമല്ല മന്ത്രിയുടെ പ്രഖ്യാപനം മൂലം സഹായിക്കാന്‍ രംഗത്ത് വന്ന സുമനസ്സുകളും സന്നദ്ധ സംഘടനകളും പിന്‍ന്മാറുകയും ചെയ്തു. കൃഷിമന്ത്രിയേയും ബന്ധപ്പെട്ടവരേയും പിന്നീട് സമീപിച്ചപ്പോള്‍ അനുകൂലമായ മറുപടി കിട്ടിയില്ല. പൊതുപരിപാടിക്ക് എത്തിയ മന്ത്രി അന്ന് അത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നില്ലാ എങ്കില്‍ ഇന്ന് ഏതെങ്കിലും സുമനസ്സുകള്‍ റോഷ്‌നിക്കും സഹോദരങ്ങള്‍ക്കും അന്തിയുറങ്ങാനായി അടച്ചുറപ്പുളള ഒരു വീട് നിര്‍മിച്ച് നല്‍കിയേനെ. നാല് വര്‍ഷം മുമ്പ് ഉപേക്ഷിച്ചു പോയ മാതാപിതാക്കള്‍ ഇന്ന് എവിടെയാണന്ന്   ഇവര്‍ക്കറിയില്ല. പക്ഷേ ഇന്ന് തുണയായുള്ളത് പ്രായമായ മുത്തശ്ശി കല്ല്യാണിയമ്മ (70)  മാത്രം. ജീവിക്കാന്‍ ഒരു നിവര്‍ത്തിയും ഇല്ലാതായപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കായംകുളം കരിമുളയ്ക്കലിലെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് സഹോദരങ്ങളായ അരുണ്‍ (10) അഖില്‍ (9) നിഖില്‍ (8) എന്നിവരെ മാറ്റിയതോടെ റോഷ്‌നിയും മുത്തശ്ശിയും തനിച്ചായി. നാട്ടില്‍ നടക്കുന്ന ഓരോ ദിവസത്തെ വാര്‍ത്തകളും ഈ മുത്തശ്ശിയുടെ  ഉള്ളില്‍ തീയാണ് പടര്‍ത്തുന്നത്. ചില സുമനസ്സുകളുടെ സഹായത്തോടെയാണ് പഠനം നടത്തുന്നത്. സ്വന്തമായി ഉണ്ടായിരുന്ന വീട് വസ്തുവും വിറ്റ് കിട്ടിയ കാശുമായാണ് അച്ഛനും അമ്മയും രണ്ട് വഴിക്ക് പോയത്. നാല് വര്‍ഷം മുമ്പാണ് ഇവരുടെ സ്വര്‍ഗ്ഗം നരകമായതെന്നും ഇവരറിയുന്നു. അമ്മൂമ്മ കല്യാണി കശുവണ്ടി ഫാക്ടറിയില്‍ പോയി കിട്ടുന്ന തുശ്ചമായ പൈസ കൊണ്ടാണ് ഇവരുടെ ജീവിതം മുന്നോട്ടു പോകുന്നത്.കഴിഞ്ഞ രണ്ട് മാസമായി ജോലി ഇല്ലാതയതോടെ തീര്‍ത്തും ദുരത്തിലാണ് ഇവര്‍. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ വൈദ്യുതിയില്ല. മഴപെയ്താല്‍ ഏതു നിമിഷവും തകര്‍ന്നു വീഴാറായ കൂരയ്ക്കുള്ളില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ ആ മുത്തശ്ശി മനസ്സിലുണ്ടാകുന്ന വെമ്പലുകള്‍ റോഷ്‌നിയും മനസ്സിലാക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss