|    Nov 15 Thu, 2018 10:07 pm
FLASH NEWS

മന്ത്രി ഇടപെട്ടു; വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനം നിര്‍ത്തിവയ്പ്പിച്ചു

Published : 2nd August 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: ഈസ്റ്റ് എളേരി പഞ്ചായത്ത് ചിറ്റാരിക്കാലില്‍ നിര്‍മിച്ച ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സില്‍ അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിനെതിരേ വൈദ്യുതി വകുപ്പിന്റെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ നടപടി വൈദ്യുതി മന്ത്രിയും എം രാജഗോപാലന്‍ എംഎല്‍എയും ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. ബസ് സ്റ്റാന്റ് നിര്‍മിക്കുമ്പോള്‍ എടുത്ത താല്‍ക്കാലിക കണക്ഷനില്‍ നിന്ന് ഷോപ്പിങ് കോംപ്ലക്‌സിലേക്ക് വൈദ്യുതി ഉപയോഗിക്കുന്നതായാണ് സ്‌ക്വാഡ് കണ്ടെത്തിയത്. ഇതിന് 1,23,532 രൂപ പിഴയടക്കാന്‍ നിര്‍ദ്ദേശിക്കുകയും ഒരു ദിവസത്തിനുള്ളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിയുടെ ഓഫിസിലെ ഇടപെടലിനേ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കുന്നത് അസി. എന്‍ജിനീയര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ കെട്ടിടത്തിനു സമീപം അപകടം വിളിച്ചുവരുത്തും വിധത്തില്‍ വൈദ്യുതിയുടെ സര്‍വീസ് വയറുകള്‍ തറയില്‍ക്കൂടി വലിച്ചാണ് കണക്ഷന്‍ നല്‍കിയിരുന്നത്. ഇതില്‍ നിന്നാണ് കെട്ടിടനിര്‍മാണം പൂര്‍ത്തിയായിട്ടും കഴിഞ്ഞ ഒമ്പതുമാസമായി പഞ്ചായത്ത് വൈദ്യുതി എടുത്തിരുന്നത്. ബസ് സ്റ്റാന്റ് യാഡിലെ ലൈറ്റിങിനും പമ്പ് സെറ്റിലേക്കുമെല്ലാം ഇവിടുത്തെ താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് പുറമെ താരിഫ് ദുരുപയോഗവും ഇവിടെ നടക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ചിറ്റാരിക്കാല്‍ ടൗണിലെ ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സിലെ വൈദ്യുതി വിഛേദിക്കാനുള്ള നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഈസ്റ്റ് ഏളേരി പഞ്ചായത്ത് പ്രസിഡന്റ് ജെസിടോം പറഞ്ഞു.പഞ്ചായത്തിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകള്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് നല്‍കാന്‍ കഴിയില്ലെന്ന് ഭരണസമിതി വൈദ്യുതി മന്ത്രിക്ക് പരാതി നല്‍കിയതിന്റെ പേരില്‍ വൈദ്യുതി വകുപ്പിലെ കോണ്‍ഗ്രസ് അനുകൂല നേതാവിന്റെ പകപോക്കലാണിതെന്ന് അവര്‍ പറഞ്ഞു. ബസ് സ്റ്റാന്റിലെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് എടുത്തു തരാന്‍ പിഡബ്ല്യുഡി ഇലക്ട്രിസിറ്റി വിഭാഗം കാലതാമസം വരുത്തിയതാണ് താല്‍ക്കാലിക കണക്ഷനില്‍ നിന്നും വൈദ്യുതി എടുക്കേണ്ടിവന്നതെന്നും ഇപ്പോള്‍ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന് പ്രതിമാസം 28,000 രൂപയോളം നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ ആന്റി തെഫ്റ്റ് സ്‌ക്വാഡ് 24 മണിക്കൂറിനുള്ളില്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ തീരുമാനിച്ച ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സിലെ കണക്ഷന്‍ വിച്ഛേദിക്കരുതെന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ബോര്‍ഡ് ജീവനക്കാരുടെ ഇടയില്‍ കടുത്ത അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss