|    Dec 18 Mon, 2017 2:25 pm
Home   >  Todays Paper  >  Page 5  >  

മന്ത്രിസ്ഥാനം അപ്രതീക്ഷിതം; ശൈലി മാറ്റില്ല: എം എം മണി

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: മന്ത്രിസ്ഥാനം ലഭിച്ചത് അപ്രതീക്ഷിതമാണെന്നും തന്റെ ശൈലിയില്‍ മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയുക്തമന്ത്രി എം എം മണി. തന്നെ മന്ത്രിയായി തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് കടപ്പാടുമുണ്ട്. ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും. ഏത് വകുപ്പാണു തനിക്കു നല്‍കേണ്ടതെന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭയില്‍ അംഗമാക്കാനുള്ള സംസ്ഥാന സമിതിയുടെ പ്രഖ്യാപനമുണ്ടായശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏത് വകുപ്പ് കിട്ടിയാലും ഒരു കൈ നോക്കും. തന്നെ സംബന്ധിച്ചിടത്തോളം കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണിത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള തനിക്കു മന്ത്രിയാവാന്‍ കഴിഞ്ഞത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായതിനാലാണ്. വേറെ ഏതെങ്കിലും ബൂര്‍ഷ്വാ പാര്‍ട്ടിയിലായിരുന്നേല്‍ ഇതൊന്നും നടക്കുമായിരുന്നില്ല. അവിടെയൊക്കെ കൈയൂക്കുള്ളവന്‍ കാര്യക്കാരനെന്ന നയമാണ്.
താനൊരു സാധാരണക്കാരനാണ്. ഇടുക്കിയിലെ കര്‍ഷകകുടുംബത്തില്‍ നിന്നു വന്ന് പ്രതിസന്ധികളെ നേരിട്ട് മന്ത്രിവരെ ആയി. 27 വര്‍ഷം ജില്ലാ സെക്രട്ടറിയായിരുന്നു താന്‍. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. അത് ചില്ലറക്കാര്യമല്ല. അദ്ദേഹം പറഞ്ഞു. മന്ത്രിയായശേഷം ശൈലി മാറ്റുമോയെന്ന ചോദ്യത്തിന് ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ടെന്ന് മണി മറുപടി നല്‍കി. കെ കരുണാകരന്‍, വി എസ് അച്യുതാനന്ദന്‍, ഇഎംഎസ്, ഇ കെ നായനാര്‍, ഉമ്മന്‍ചാണ്ടി ഇവര്‍ക്കെല്ലാം ഓരോ ശൈലിയുണ്ട്. അതിലൊന്നും വലിയ കാര്യമില്ല. മണി പറഞ്ഞു. സിപിഐ മന്ത്രിമാര്‍ക്കെതിരായ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ തുടങ്ങുന്നതിനു മുമ്പ് പണിയരുതെന്നായിരുന്നു ഹാസ്യരൂപേണയുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss