|    Apr 26 Thu, 2018 5:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മന്ത്രിസഭ പുനസ്സംഘടന; ലക്ഷ്യം ഉത്തര്‍പ്രദേശ്

Published : 6th July 2016 | Posted By: G.A.G

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടും ജാതി പ്രാതിനിധ്യം ഉറപ്പുവരുത്തിയുമാണ് മോദി സര്‍ക്കാര്‍ പുനസ്സംഘടന നടത്തിയിരിക്കുന്നത്. ഇതോടെ പ്രധാനമന്ത്രി ഉള്‍പ്പെടെ മോദി മന്ത്രിസഭയില്‍ ഉത്തര്‍പ്രദേശിനെ പ്രതിനിധീകരിച്ച് 12ലധികം പേരായി. ഇന്നലെ മന്ത്രിയായി ചുമതലയേറ്റവര്‍ക്കു മുമ്പുതന്നെ അഞ്ച് കാബിനറ്റ് മന്ത്രിമാര്‍, മൂന്ന് സ്വതന്ത്രചുമതലയുള്ള മന്ത്രിമാര്‍, നാല് സഹമന്ത്രിമാര്‍ എന്നിവര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. ജാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭ അംഗമാണെങ്കിലും മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും ഉത്തര്‍പ്രദേശ് സ്വദേശിയാണ്.
പുതുതായി സത്യപ്രതിജ്ഞ ചെയ്ത 19 മന്ത്രിമാരില്‍ അഞ്ചു പേര്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. മൂന്നു പേര്‍ ആദിവാസി വിഭാഗത്തിലും രണ്ടു പേര്‍ ഒബിസി വിഭാഗത്തിലും പെടുന്നു. നേരത്തെ ഒബിസി വിഭാഗക്കാരനായ കേശവ് പ്രസാദ് മൗര്യയെ ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷനാക്കി ബിജെപിയും സമാന തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.
സമാജ്‌വാദി പാര്‍ട്ടിയുടെ യാദവ വോട്ടുകളെക്കാള്‍ ബിഎസ്പിയുടെ ദലിത് വോട്ടുകളാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ന് ഇതില്‍നിന്നു വ്യക്തം. 20 ശതമാനം ദലിത്‌വോട്ട് ബാങ്കാണ് ബിഎസ്പിക്കുള്ളത്. സമാജ്‌വാദി പാര്‍ട്ടിക്കെതിരായ ഭരണവിരുദ്ധ വികാരം ബിഎസ്പി കൊണ്ടുപോവാതെ നോക്കുകയെന്ന ലക്ഷ്യമാണ് ബിജെപിയുടേത്. പുതുതായി മന്ത്രിസഭയിലെത്തിയ അനുപ്രിയ പട്ടേല്‍ ഉത്തര്‍പ്രദേശിലെ ഒബിസിയില്‍പ്പെട്ട കുര്‍മീസ് വിഭാഗക്കാരിയാണ്. പ്രമുഖ കുര്‍മീസ് നേതാവ് സോനെലാല്‍ പട്ടേലിന്റെ മകളാണ് അനുപ്രിയ. രാംദാസ് അത്താവാല, കൃഷ്ണരാജ്, അര്‍ജുന്‍ രാം മേഗാവാള്‍, രമേശ് ജിദാജിനാഗി, അജയ് താംത എന്നിവരാണ് ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍.
ഇതില്‍ കൃഷ്ണരാജ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിന്നുള്ള എംപിയാണ്. ഇതോടൊപ്പം ചന്ദൗലിയില്‍ നിന്നുള്ള ബ്രാഹ്മണ എംപി മഹേന്ദ്ര പാണ്ഡെയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി ജാതി സമവാക്യം പാലിച്ചിട്ടുമുണ്ട്. ഗുജറാത്തിന്റെ കാര്യത്തിലും ജാതി സമവാക്യം പാലിച്ചുകൊണ്ടുള്ള പുനസ്സംഘടനയാണു നടന്നിരിക്കുന്നത്.
ഗുജറാത്തില്‍ നിന്നുള്ള രണ്ടു മന്ത്രിമാരെ നീക്കിയപ്പോള്‍ മൂന്നു പേരെ ഉള്‍പ്പെടുത്തി. ഇതില്‍ പുരുഷോത്തം രൂപാല, മന്‍സൂഖ് മണ്ഡാവിയ എന്നിവര്‍ രാജ്യസഭ അംഗങ്ങളും ജസ്വന്ത് സിങ് ബാബ് ഹോര്‍ ദോഹോദില്‍ നിന്നുള്ള ലോക്‌സഭ അംഗവുമാണ്.

ഇതോടെ ഗുജറാത്തില്‍ നിന്നുള്ള മന്ത്രിമാരുടെ എണ്ണം ആറായി ഉയര്‍ന്നു. എന്നാല്‍, ഇതില്‍ രണ്ടു പേര്‍ മാത്രമാണ് ലോക്‌സഭ അംഗങ്ങള്‍. രൂപാല, മണ്ഡാവിയ എന്നിവര്‍ ഗുജറാത്തിലെ പ്രബലരായ പടിതാര്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. കഴിഞ്ഞ ഒരു വര്‍ഷമായി സംവരണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പടിതാര്‍ വിഭാഗത്തിന് ഇതിലൂടെ വ്യക്തമായ സന്ദേശമാണു നല്‍കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss