|    Mar 19 Mon, 2018 8:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മന്ത്രിസഭാ വികസനം നേരിട്ടുള്ള നിയന്ത്രണം ശക്തമാക്കാന്‍

Published : 6th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ മന്ത്രിസഭാ പുനസ്സംഘടന പ്രധാനമായും തന്റെ ഓഫിസില്‍ നിന്നു നേരിട്ടുള്ള ഭരണം ശക്തിപ്പെടുത്താനും ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താനും. സര്‍വീസില്‍ നിന്നു പിരിഞ്ഞ ഒട്ടേറെ ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ തന്നെ കാബിനറ്റ് മന്ത്രിമാരുടെ തലയ്ക്കു മീതെ ഭരണം നടത്തുന്നത്. മോദി, രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയ ചില പ്രമുഖര്‍ക്കു മാത്രമേ സ്വന്തം വകുപ്പുകളില്‍ സ്വയംഭരണം അനുവദിച്ചിട്ടുള്ളൂ. റിട്ടയര്‍ ചെയ്ത അനവധി ഐഎഎസുകാര്‍ കൂടി മന്ത്രിസഭയില്‍ കയറിപ്പറ്റുന്നതോടെ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിയന്ത്രണം കൂടുതല്‍ ശക്തമാവുമെന്നാണ് വിലയിരുത്തല്‍. അതോടൊപ്പം മുസ്‌ലിംവിരുദ്ധ വീക്ഷണങ്ങള്‍ക്ക് കുപ്രസിദ്ധരായ പലരെയും മന്ത്രിമാരാക്കിയത് ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താനാണ്. പുതിയ മന്ത്രിസഭാ ലിസ്റ്റിന് അംഗീകാരം നേടാനായി ബിജെപി പ്രസിഡന്റ് അമിത് ഷാ, വൃന്ദാവനില്‍ യോഗം ചേര്‍ന്നിരുന്ന പ്രമുഖ ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള പുതിയ മന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ, ഏറ്റവും മലിനമായ മുസ്‌ലിംവിരുദ്ധ ആക്രമണങ്ങള്‍ക്കു കുപ്രസിദ്ധനാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഒരു പത്രസമ്മേളനത്തില്‍ ഹെഗ്‌ഡെ, ഇസ്‌ലാം പൊട്ടാനിരിക്കുന്ന ടൈം ബോംബാണെന്നും ഇസ്‌ലാം നിലനില്‍ക്കുന്ന കാലത്തോളം ലോകത്തു സമാധാനമുണ്ടാവില്ലെന്നും തട്ടിവിട്ടത് വലിയ വിവാദമായിരുന്നു. സിര്‍സിയിലെ ഒരു ആശുപത്രിയില്‍ ഡോക്ടര്‍മാരെ കൈയേറ്റം ചെയ്ത ഈ തൈക്വാണ്‍ഡോ ചാംപ്യന്റെ പേരില്‍ നൂറോളം ക്രിമിനല്‍ കേസുകളുണ്ട്. മന്ത്രിയായശേഷവും ഹെഗ്‌ഡെ മുസ്‌ലിംവിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിച്ചു. വിശാലഹൃദയരായ മുസ്‌ലിംകള്‍ ഇസ്‌ലാമിനെ ഇല്ലാതാക്കണമെന്നാണ് ഹെഗ്‌ഡെയുടെ പുതിയ വാദം. മധ്യപ്രദേശില്‍നിന്നുള്ള വീരേന്ദ്രകുമാര്‍ ഗോരക്ഷകരുടെ സംരക്ഷകന്‍ എന്ന നിലയ്ക്കാണ് കുപ്രസിദ്ധനായത്. പശുവിന്റെ പേരില്‍ മുസ്‌ലിംകളെ ആക്രമിക്കുന്ന സംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത് ഇദ്ദേഹമാണ്. ബിഹാറില്‍ നിന്നും യുപിയില്‍ നിന്നും മന്ത്രിസഭാംഗങ്ങളായ രണ്ടുപേര്‍ ആര്‍എസ്എസിന്റെ പ്രമുഖ പ്രവര്‍ത്തകരാണ്. കാര്യക്ഷമത എന്നതിനേക്കാള്‍ തന്നോടുള്ള കൂറിനാണ് മോദി ഇപ്രാവശ്യവും പ്രാധാന്യം നല്‍കിയത്.  പ്രതിരോധമന്ത്രിയായ നിര്‍മല സീതാരാമന്‍ വാണിജ്യ-വ്യവസായ വകുപ്പില്‍ മന്ത്രിയായിരുന്നപ്പോള്‍ വലിയ പരാജയമായിരുന്നു. മോദി വലിയ കൊട്ടിഘോഷത്തോടെ പ്രഖ്യാപിച്ച മേക്ക് ഇന്‍ ഇന്ത്യ എന്ന ചാപിള്ളയായ പദ്ധതിക്കു മേല്‍നോട്ടം വഹിച്ചിരുന്നത് നിര്‍മല സീതാരാമനായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss