|    Oct 19 Fri, 2018 5:59 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മന്ത്രിസഭാ പുനസ്സംഘടന : നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി രാജീവ് പ്രതാപ് റൂഡി

Published : 6th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയില്‍ ബിജെപിക്കകത്ത് പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രതിഷേധം പുറത്തേക്ക്. മന്ത്രിസഭയിലെ പ്രകടനം മോശമായതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം തെറിച്ച രാജീവ് പ്രതാപ് റൂഡിയാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമെതിരേ പരസ്യമായി രൂക്ഷവിമര്‍ശനം നടത്തിയത്. മോദിയെയും അമിത് ഷായെയും പേരെടുത്തുപറയാതെ തന്റെ യജമാനന്‍മാര്‍ എന്നാണ് റൂഡി വിശേഷിപ്പിച്ചത്.താന്‍ മോശം പ്രകടനം കാഴ്ചവച്ചുവെന്നാണ് തന്റെ ‘ബോസുമാര്‍’ വിചാരിക്കുന്നതെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ തനിക്കാവില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ മികച്ച രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇക്കാര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുന്നതില്‍ താന്‍ പരാജയപ്പെട്ടെന്നും റൂഡി പറഞ്ഞു.  തന്റെ വികസനനേട്ടങ്ങള്‍ ജനങ്ങളെയും പ്രധാനമന്ത്രിയെയും ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. തന്റെ പ്രകടനം മോശമായിരുന്നുവെന്ന് പറയുന്നത് യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണ്. പരമാവധി ശ്രമിച്ചിട്ടുണ്ട്- റൂഡി കൂട്ടിച്ചേര്‍ത്തു.ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്ക് പോയ രാജീവ് പ്രതാപ് റൂഡിയെ അതേ വിമാനത്തില്‍ വീണ്ടും ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയാണ് അമിത് ഷാ രാജി ആവശ്യപ്പെട്ടത്. രാജിവച്ചത് പാര്‍ട്ടി ആവശ്യപ്പെട്ടിട്ട് മാത്രമാണെന്നായിരുന്നു റൂഡി പ്രതികരിച്ചിരുന്നത്. ആറുപേരെയാണ് അമിത് ഷാ പുനസ്സംഘടനയുടെ ഭാഗമായി പുറത്താക്കിയത്. മന്ത്രിസഭാ പുനസ്സംഘടനയുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതില്‍ ബിജെപി ദേശീയ നേതാക്കളിലും എന്‍ഡിഎ സഖ്യകക്ഷികളിലും കടുത്ത അമര്‍ഷമുണ്ടായിരുന്നു. ബിജെപിയുടെ പ്രമുഖ നേതാവായ ഉമാഭാരതിയില്‍ നിന്ന് രാജി ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഉമാഭാരതിയെ സുപ്രധാന വകുപ്പുകള്‍ എടുത്തുമാറ്റിയാണ് മന്ത്രിസഭയില്‍ നിലനിര്‍ത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss