|    Mar 26 Sun, 2017 5:05 am
FLASH NEWS

മന്ത്രിസഭാ പുനസ്സംഘടന ഉടനുണ്ടായേക്കും; മന്ത്രിമാരുടെ പ്രകടനം വിലയിരുത്തി മാറ്റം

Published : 1st July 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയുടെ നടപടികള്‍ അവസാനഘട്ടത്തില്‍. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും കഴിവുതെളിയിക്കാത്തവരെ തഴഞ്ഞുമായിരിക്കും മന്ത്രിസഭാ പുനസ്സംഘടനയുണ്ടാവുക. മോദിയുടെ വിലയിരുത്തല്‍കാര്‍ഡിലെ മാര്‍ക്കും അടിസ്ഥാനമാക്കി മന്ത്രിമാര്‍ക്ക് സ്ഥാനചലനമുണ്ടാവും.
കഴിവുതെളിയിക്കാത്തവര്‍ക്ക് പുറത്തേക്കുള്ള വഴി തുറക്കുമ്പോള്‍ പുതുമുഖങ്ങള്‍ക്ക് ഏറെയും അവസരം ലഭിക്കുക തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നാവും. കേരളത്തില്‍നിന്ന് ഇത്തവണയും കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാവാനിടയില്ല. മന്ത്രിസഭാ പുനസ്സംഘടനയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കഴിഞ്ഞ ദിവസം നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ണാടകയില്‍നിന്നുള്ള സദാനന്ദ ഗൗഡയ്ക്ക് മന്ത്രിസഭയില്‍നിന്ന് മോദി പുറത്തേക്കുള്ള വഴി കാട്ടിയേക്കും. ഗൗഡയ്‌ക്കൊപ്പം രാസവള സഹമന്ത്രി നിഹാല്‍ ചന്ദിനും പുറത്തിരിക്കേണ്ടിവരും. മന്ത്രിസഭയിലെ ന്യൂനപക്ഷ മുഖമായ നജ്മ ഹിബത്തുല്ലയുടെ പ്രായക്കൂടുതല്‍ മന്ത്രിസഭയ്ക്കു പുറത്തേക്കുള്ള വഴിതെളിച്ചേക്കും.
അതേസമയം, കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്കു സ്ഥാനക്കയറ്റമുണ്ടായേക്കുമെന്നാണു സൂചന. മന്ത്രിമാരായ മഹേഷ് ശര്‍മയ്ക്കും സഞ്ജീവ് ബല്യാനും സ്ഥാനക്കയറ്റം കിട്ടാനും ഇടയുണ്ട്. മറ്റു മന്ത്രിമാരുടെ വകുപ്പുകളില്‍ കാര്യമായ അഴിച്ചുപണിയുണ്ടാവില്ലെന്നാണ് അറിയുന്നത്. ഒഴിവുള്ള കേന്ദ്ര കായികമന്ത്രി, സാമൂഹികനീതി സഹമന്ത്രി സ്ഥാനങ്ങളിലേക്കും പുതുമുഖങ്ങള്‍ എത്തിയേക്കും.
കേന്ദ്രമന്ത്രിസഭാ പുനസ്സംഘടനയ്ക്കുശേഷമാവും ബിജെപി ദേശീയ നിര്‍വാഹകസമിതി പുനസ്സംഘടിപ്പിക്കുക.

(Visited 27 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക