|    Nov 22 Thu, 2018 1:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മന്ത്രിസഭാ പുനസ്സംഘടന ഉടന്‍; ഇ പി ജയരാജന്‍ തിരിച്ചെത്തും

Published : 9th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മുന്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നു. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന ജയരാജനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎമ്മില്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും സമ്മതം മൂളിയതിനെ തുടര്‍ന്നാണ് ഇ പി ജയരാജനു തിരികെ മന്ത്രിസഭയിലേക്ക് എത്താന്‍ വഴി തെളിഞ്ഞത്.
ജയരാജനെതിരേയുള്ള വിജിലന്‍സ് കേസ് റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയില്‍ തിരികെയെടുക്കണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, ഉടന്‍ തിരിച്ചെടുക്കുന്നത് അനാവശ്യ വിവാദമുണ്ടാക്കുമെന്നും അതിനാല്‍ പിന്നീട് പരിഗണിക്കാമെന്നുമായിരുന്നു അന്ന് സിപിഎം സംസ്ഥാന സമിതി നിലപാട്. നാളെ നടക്കുന്ന സിപിഎം സംസ്ഥാന സമിതി മന്ത്രിസഭാ വികസനം ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രേട്ടറിയറ്റും സംസ്ഥാന സമിതിയും ജയരാജന്റെ മടങ്ങിവരവിന് അനുമതി നല്‍കും. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഇ പി ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതു സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
വിഷയത്തില്‍ സിപിഐ നേരത്തേ എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്ന് സിപിഐ നേതാക്കളുമായി ഒന്നിലധികം തവണ ചര്‍ച്ചനടത്തി. സിപിഐയുടെ എതിര്‍പ്പു കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനവുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചത്. സിപിഐയുമായി വീണ്ടും ചര്‍ച്ച നടത്തും. തിങ്കളാഴ്ച എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ സിപിഎം ഇക്കാര്യം മുന്നണിയിലെ മറ്റു പാര്‍ട്ടികളെ അറിയിക്കും. തനിക്ക് അനുകൂലമായ വിധിയോടെ നീതി തന്നോടൊപ്പമാണെന്നു തെളിഞ്ഞതായി ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി തനിക്കൊപ്പമാണെന്ന് വളരെ അടുത്തവര്‍ക്ക് അദ്ദേഹം സന്ദേശം നല്‍കിയിട്ടുമുണ്ട്. പിണറായി മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇ പി ജയരാജന്‍ ബന്ധുവും കണ്ണൂര്‍ എംപി പി കെ ശ്രീമതിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെഎസ്—ഐഇയുടെ എംഡിയായി നിയമിച്ച് ഉത്തരവിറക്കിയതാണ് വിവാദമായത്. ഇതേത്തുടര്‍ന്നാണ് ജയരാജന്‍ രാജിവച്ചത്.
കേസില്‍ അന്വേഷണം നടത്തിയ വിജിലന്‍സ്, ജയരാജനെതിരേയുള്ള കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കേസ് റദ്ദ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. അന്വേഷണം നടത്തിയ വിജിലന്‍സ് കേസില്‍ ജയരാജനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് അറിയിച്ചാണ് റിപോര്‍ട്ട് നല്‍കിയത്. ഇ പി ജയരാജനെതിരേ അഴിമതി നിരോധന നിയമ വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ഇ പി ജയരാജന്‍ മന്ത്രിയാവുമ്പോള്‍ ചില മന്ത്രിമാര്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ മാറ്റം ഉണ്ടായേക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് പുതിയൊരാളെ പരിഗണിക്കുന്നതായും പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ കെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നിട്ടും ജയരാജനെ മടക്കിക്കൊണ്ടു വരാത്തതില്‍ പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനങ്ങളുണ്ടായിരുന്നു. ജയരാജന്റെ ഒഴിവില്‍ മന്ത്രിസഭയില്‍ എത്തിയ എം എം മണിക്ക് വൈദ്യുതി വകുപ്പാണ് നല്‍കിയിരുന്നത്. മടങ്ങിവരുന്ന ജയരാജന് ഏതു വകുപ്പ് നല്‍കുമെന്ന് തീരുമാനമായിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss