|    Jan 18 Wed, 2017 9:34 am
FLASH NEWS

മന്ത്രിസഭാ പുനസ്സംഘടനയ്ക്കു പിന്നില്‍

Published : 8th July 2016 | Posted By: SMR

പത്തൊമ്പത് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയും അഞ്ചുപേരെ പുറത്താക്കിയും കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പുനസ്സംഘടന രണ്ടു പ്രധാന ലക്ഷ്യങ്ങളാണ് മുമ്പില്‍ വച്ചത്. ഒന്ന്, രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ മന്ത്രിസഭയുടെ മങ്ങുന്ന പ്രതിച്ഛായയെ പുനര്‍നിര്‍മിക്കുക. രണ്ട്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായക സ്വാധീനമുള്ള ജാതി, ഉപജാതി വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി ബിജെപിയുടെ വിജയം സുനിശ്ചിതമാക്കുക.
ഈ രണ്ടു ലക്ഷ്യങ്ങളും കൈവരിക്കാന്‍ ഇപ്പോള്‍ നടത്തിയ മാറ്റങ്ങള്‍കൊണ്ടു മാത്രം സാധ്യമാണോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടതാണ്. തീര്‍ച്ചയായും മന്ത്രിസഭയുടെ പ്രവര്‍ത്തനം വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഘടകമാണ്. മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവച്ച മന്ത്രിസഭയെ ജനങ്ങള്‍ പിന്തുണച്ചെന്നു വരും. അതുപക്ഷേ, ജാതിമത താല്‍പര്യങ്ങള്‍ക്ക് അതീതമായ കാര്യമാണ്. ഭരണകൂടത്തിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനം ജനങ്ങള്‍ അനുഭവിക്കുന്നത് സാമൂഹിക-സാമ്പത്തിക സുരക്ഷയിലും സമൂഹത്തിന്റെ പൊതുവിലുള്ള പുരോഗതിയിലുമാണ്. മോദിയുടെ രണ്ടുവര്‍ഷത്തെ ഭരണം അങ്ങനെയൊരു വികാരം ജനങ്ങള്‍ക്കിടയില്‍ ഉല്‍പാദിപ്പിച്ചതായി ആരും പറയാനിടയില്ല.
മറിച്ച് നിഷേധാത്മകമായ ഘടകങ്ങള്‍ ധാരാളം ഉണ്ടായിരുന്നുതാനും. മന്ത്രിമാരുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളും ഏകപക്ഷീയവും വര്‍ഗീയവുമായ നിലപാടുകളും ജനാധിപത്യവിരുദ്ധമായ പുലമ്പലുകളും മാനക്കേടും പ്രതിച്ഛായാ നഷ്ടവും വരുത്തിവച്ചു. അത്തരം ഏകപക്ഷീയമായ നിലപാടുകളും വിവാദങ്ങളും മന്ത്രിസഭയ്ക്ക് ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുന്നു എന്ന് മോദി തിരിച്ചറിഞ്ഞതിന്റെ ലക്ഷണമാണ് മാനവ വിഭവശേഷി മന്ത്രാലയത്തില്‍ പിഞ്ഞാണക്കടയില്‍ കയറിയ കാളക്കൂറ്റനെപ്പോലെ ഭരണം നടത്തിയ മന്ത്രി സ്മൃതി ഇറാനിയെ പുറത്താക്കാനുള്ള തീരുമാനത്തില്‍ തെളിയുന്നത്. വകുപ്പിന്റെ ഭരണം കൈയില്‍ കിട്ടിയ നാള്‍ മുതല്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കലാപകേന്ദ്രങ്ങളാക്കുന്ന നയസമീപനമാണ് സ്മൃതി ഇറാനി സ്വീകരിച്ചുവന്നത്. ഇത്തരം ഹീനമായ നടപടികള്‍ മൂലമാണ് ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും അടക്കം രാജ്യത്തിന്റെ അഭിമാനമായ നിരവധി ദേശീയ വിദ്യാകേന്ദ്രങ്ങള്‍ കലാപഭൂമിയായി മാറിയത്. രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയിലേക്കു നയിച്ച പീഡനങ്ങള്‍ക്കു പിന്തുണ നല്‍കിയതും ഇതേ മഹതി തന്നെ. യുവതലമുറ ബിജെപിയുടെ വര്‍ഗീയവും ന്യൂനപക്ഷ-പിന്നാക്ക വിരുദ്ധവുമായ നിലപാടുകള്‍ക്കെതിരേ രാജ്യമെങ്ങും ഒന്നിച്ചുനിന്ന് പോരാടുന്ന അവസ്ഥയിലേക്ക് എത്തിച്ചത് അവരുടെ വികല നയങ്ങളാണ്.
അത് ആപത്തായി മാറുകയാണെന്ന് മോദി തിരിച്ചറിഞ്ഞതു നന്നായി. കാരണം, പൊതുവിദ്യാഭ്യാസം ജനങ്ങളുടെ ശാക്തീകരണത്തിന്റെ സ്രോതസ്സാണ്. അത്തരം സ്ഥാപനങ്ങള്‍ നേരെചൊവ്വെ നടത്തിക്കൊണ്ടുപോവുകയാണ് രാജ്യത്തിന്റെ ശ്രേയസ്സ് ആഗ്രഹിക്കുന്ന ആരും ചെയ്യുക. പുതുതായി നിയമിതനായ മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ ഇത്തരം കാര്യങ്ങള്‍ അവധാനതയോടുകൂടി പരിഗണിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക