|    Nov 13 Tue, 2018 11:50 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍

Published : 14th August 2016 | Posted By: SMR

തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം പരസ്യപ്പെടുത്താനാവില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരേ കേന്ദ്ര മുഖ്യവിവരാവകാശ കമ്മീഷന്‍. സംസ്ഥാന സര്‍ക്കാരുകള്‍ മന്ത്രിസഭാ തീരുമാനങ്ങളും അജണ്ടകളും വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാത്തൂര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
കേന്ദ്ര മന്ത്രിസഭയുടെ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുന്നതു സംബന്ധിച്ച പരാതി തീര്‍പ്പാക്കിയാണ് കമ്മീഷണറുടെ നടപടി. മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയും അപേക്ഷകര്‍ക്കു നല്‍കണമെന്നു രാധാകൃഷ്ണ മാത്തൂര്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കി. മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് തന്നെയായിരുന്നു കേന്ദ്രത്തിനും ഉണ്ടായിരുന്നത്. ഇതു പൂര്‍ണമായും തള്ളുന്നതാണു കേന്ദ്ര മുഖ്യവിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. കേരളത്തില്‍ വിവരാവകാശപ്രവര്‍ത്തകരും സര്‍ക്കാരും മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതു സംബന്ധിച്ചു തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണു കേന്ദ്ര കമ്മീഷണറുടെ ഉത്തരവു വന്നതെന്നതും ശ്രദ്ധേയമാണ്.
നേരത്തെ സംസ്ഥാന വിവരാവകാശ കമ്മീഷനും മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് നിര്‍ണായകമാവും.
ജൂലൈ ഒന്നിനാണു കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 12 വരെയുള്ള മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ ഉത്തരവിട്ടത്. ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡിബി ബിനു നല്‍കിയ വിവരാവകാശ അപേക്ഷയിലായിരുന്നു നടപടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss