|    May 25 Thu, 2017 2:30 pm
FLASH NEWS

മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവയ്ക്കില്ല;ഉത്തരവായാല്‍ നല്‍കുമെന്നു മുഖ്യമന്ത്രി

Published : 20th July 2016 | Posted By: mi.ptk

PINARAYI

തിരുവനന്തപുരം: മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. തീരുമാനങ്ങള്‍ ഉത്തരവായാല്‍ പൊതുജനങ്ങള്‍ക്കു നല്‍കും. ഇതുസംബന്ധിച്ച് 48 മണിക്കൂറിനകം ഉത്തരവ് പുറപ്പെടുവിക്കും. തുടര്‍ന്ന് ഇതിന്റെ പകര്‍പ്പ് സര്‍ക്കാര്‍ വെബ്‌സൈറ്റിലും ബന്ധപ്പെട്ട വകുപ്പിന്റെ വെബ്‌സൈറ്റിലും ലഭ്യമാവും. വിവരാവകാശ നിയമത്തിലും ഇക്കാര്യമാണു പറയുന്നത്. കൂടാതെ, കോടതിവിധികളും ഉണ്ടായി. ഇതെല്ലാം പരിഗണിച്ചാണ് വിവരാവകാശ കമ്മീഷണറുടെ ഉത്തരവെന്നു പറയാനാവില്ല. വിവാദമുണ്ടാക്കി പുകമറ സൃഷ്ടിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വി ഡി സതീശന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവായശേഷം വെളിപ്പെടുത്തണമെന്നാണ് 2005ലെ വിവരാവകാശനിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജൂണ്‍ 15നു മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഇറക്കിയ ഉത്തരവില്‍ മന്ത്രിസഭാ തീരുമാനങ്ങളും ബന്ധപ്പെട്ട രേഖകളും ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്‍കണമെന്നാണു നിര്‍ദേശിക്കുന്നത്. കുറഞ്ഞ ദിവസങ്ങളില്‍ മാത്രമാണ് അജണ്ടയിലുള്ള ഫയല്‍ ചീഫ് സെക്രട്ടറിയുടെ കൈവശമുണ്ടാവുക. ഇതിനു മുമ്പും ശേഷവും ഫയല്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയുടെ കൈവശമായിരിക്കും. വിവരങ്ങള്‍ നല്‍കേണ്ട ബാധ്യത ചീഫ് സെക്രട്ടറിക്കാണോ ബന്ധപ്പെട്ട വകുപ്പുകള്‍ക്കാണോ എന്ന കാര്യത്തിലാണു വ്യക്തത വരുത്തേണ്ടത്. അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനം സര്‍ക്കാരില്‍നിന്ന് ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day