|    Mar 24 Fri, 2017 7:36 pm
FLASH NEWS

മന്ത്രിസഭാ തീരുമാനങ്ങള്‍ നല്‍കാന്‍ ബാധ്യതയില്ലെന്ന് ചീഫ് സെക്രട്ടറി

Published : 18th July 2016 | Posted By: SMR

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് നിയമപരമായ ബാധ്യതയില്ലെന്ന് ചീഫ് സെക്രട്ടറി. മന്ത്രിസഭാ തീരുമാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ഏതെങ്കിലും ഫയല്‍ നടപടി ക്രമങ്ങള്‍ തീര്‍പ്പാക്കിയാല്‍ മാത്രം അതേപ്പറ്റി വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് ചീഫ് സെക്രട്ടറിയുടെ വാദം.
ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാവുമെന്നിരിക്കെ ഭരണവകുപ്പിന് വിവരങ്ങള്‍ നല്‍കാന്‍ നിയമപരമായ ബാധ്യത ഇല്ലെന്നും ചീഫ് സെക്രട്ടറിയുടെ ഓഫിസ് റിപോര്‍ട്ട് നല്‍കി. സാധാരണ ഗതിയില്‍ ഒരു ഫയല്‍ വകുപ്പ് സെക്രട്ടറിയില്‍ നിന്ന് വകുപ്പ് മന്ത്രി വഴി മുഖ്യമന്ത്രിയിലെത്തുകയാണ് ചെയ്യുക. മുഖ്യമന്ത്രിയുടെ അനുമതിയോടെ പകര്‍പ്പുകള്‍ സഹിതം ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ അതീവ രഹസ്യസ്വഭാവമുള്ള സെക്ഷനില്‍ കൂടിയാണ് മന്ത്രിസഭ അജണ്ടയില്‍ എത്തിച്ചേരുന്നത്. മന്ത്രിസഭാ യോഗത്തില്‍ പ്രസ്തുത ഫയലില്‍ തീരുമാനമെടുത്താല്‍ ചീഫ് സെക്രട്ടറി നടപടികള്‍ക്കായി വകുപ്പ് സെക്രട്ടറിക്ക് കൈമാറും. വകുപ്പ് സെക്രട്ടറി നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമെ വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ഫയലില്‍ തീരുമാനമായി എന്നു പറയാനാവൂ.
ഇത്തരം ഫയലുകളില്‍ വിവരാവകാശ നിയമപ്രകാരം അതത് വകുപ്പില്‍ അപേക്ഷ നല്‍കിയാല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ചീഫ് സെക്രട്ടറിയുടെ ഫയലില്‍ പറയുന്നു. മുമ്പും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ നല്‍കിയിട്ടുണ്ട്. 1200ലേറെ വിവരാവകാശ അപേക്ഷകള്‍ ലഭിക്കുന്ന ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ അഞ്ചു പേര്‍ മാത്രമാണുള്ളത്. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ ക്രോഡീകരിച്ച് നല്‍കുമ്പോള്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. അതിനാലാണ് വിവരങ്ങള്‍ക്കായി അതത് വകുപ്പുകളുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നത്.
ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്ന തരത്തില്‍ വിവരങ്ങള്‍ നല്‍കേണ്ടതില്ല എന്ന വിവരാവകാശ നിയമത്തിലെ നിര്‍ദേശവും ചീഫ് സെക്രട്ടറി ഓര്‍മിപ്പിക്കുന്നു. മുന്‍ സര്‍ക്കാരിന്റെ അവസാന കാലത്തെ തീരുമാനങ്ങള്‍ പുനപ്പരിശോധനയ്ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ ബന്ധപ്പെട്ട ഫയലുകളില്‍ തീരുമാനമായിട്ടില്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. മുന്‍ സര്‍ക്കാരിന്റെ അവസാന സമയത്തെ വിവാദ തീരുമാനങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാരും വിവരാവകാശ കമ്മീഷനും തമ്മിലുള്ള തര്‍ക്കത്തിലാണ് ഉറച്ച നിലപാടുമായി ചീഫ് സെക്രട്ടറിയുടെ ഓഫിസ് രംഗത്തുവന്നിരിക്കുന്നത്.

(Visited 27 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക