|    Jan 21 Sat, 2017 5:49 am
FLASH NEWS

മന്ത്രിസഭാ തീരുമാനങ്ങള്‍ നല്‍കണം: മുഖ്യവിവരാവകാശ കമ്മീഷണറുടെ ഉത്തരവ് നടപ്പായില്ല

Published : 11th July 2016 | Posted By: SMR

കൊച്ചി: 2016 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 12 വരെയുളള മന്ത്രിസഭാ തീരുമാനങ്ങള്‍, മിനുട്‌സ്, അജണ്ട എന്നിവയുടെ കോപ്പി വിവരാവകാശപ്രകാരം നല്‍കണമെന്ന മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കിയില്ല.
പൊതുഭരണം, സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, പൊതുഭരണം, അപ്പലറ്റ് അതോറിറ്റി എന്നിവര്‍ക്കെതിരേ വിവരാവകാശ പ്രവര്‍ത്തകനും ഹ്യൂമന്റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ഡി ബി ബിനു മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോളിന് പരാതി നല്‍കി. 2016 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 12 വരെ എടുത്ത മന്ത്രിസഭാ തീരുമാനങ്ങള്‍, മിനുട്‌സ്, അജണ്ട എന്നിവയുടെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബന്ധപ്പെട്ട അധികൃതര്‍ക്ക് അഡ്വ. ഡി ബി ബിനു അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇത് നല്‍കാന്‍ അന്ന് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യ വിവരാവകാശ കമ്മീഷണറെ സമീപിച്ചത്.
തുടര്‍ന്ന് ഇരു വിഭാഗത്തിന്റെയും വാദം കേട്ട് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ രഹസ്യ സ്വഭാവമുള്ളവയല്ലെന്നും ഈ സാഹചര്യത്തില്‍ അതിന്റെ കോപ്പി 10 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും ഒപ്പം മന്ത്രിസഭാ തീരുമാനങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കാട്ടി കഴിഞ്ഞ ജൂണ്‍ 15ന് ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവിന്റെ പകര്‍പ്പ് ജൂണ്‍ 21ന് ബിനുവിന് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, നാളിതുവരെ മന്ത്രിസഭാ തീരുമാനങ്ങളുടെ പകര്‍പ്പു നല്‍കാനോ മന്ത്രിസഭാ തീരുമാനങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനോ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നും അഡ്വ. ഡി ബി ബിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഉത്തരവ് നടപ്പാക്കാത്തതിലൂടെ കമ്മീഷന്റെ പ്രസക്തിക്ക് അധികൃതര്‍ കോട്ടം വരുത്തിയിരിക്കുകയാണെന്നും ഇതിനെതിരേ പൊതുഭരണം, സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ബി വി എസ് മണിക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക