|    Jan 19 Thu, 2017 2:10 pm
FLASH NEWS

മന്ത്രിസഭാ തീരുമാനം വെളിപ്പെടുത്തണമെന്ന ഉത്തരവ്; ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനം വെല്ലുവിളി: ചെന്നിത്തല

Published : 16th July 2016 | Posted By: SMR

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഏകാധിപത്യശൈലിയാണ് നിലപാടിനു പിന്നിലെന്നും തീരുമാനം പിന്‍വലിക്കണമെന്നും ചെന്നിത്തല വാര്‍ത്താസേമ്മളനത്തില്‍ പറഞ്ഞു.
മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളില്‍നിന്നു ബോധപൂര്‍വം മറച്ചുവച്ച് അവരെ കബളിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അപ്പീല്‍ കോടതിവരാന്തയില്‍പ്പോലും എത്താതെ തള്ളിക്കളയും. ആരാണ് ഇതുസംബന്ധിച്ച് നിയമോപദേശം നല്‍കിയത്. വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ ഭയക്കുകയാണ്. നിയമത്തെ ദുര്‍ബലപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ നീക്കം. പൊതുസമൂഹത്തിന്റെയും ജനങ്ങളുടെയും മുന്നില്‍ എന്താണ് സര്‍ക്കാരിനു മറച്ചുവയ്ക്കാനുള്ളത്. മന്ത്രിസഭാ തീരുമാനങ്ങ ള്‍ ജനങ്ങളെ അറിയിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ഇതുസംബന്ധിച്ച മുന്‍ നിലപാടില്‍നിന്നു മലക്കംമറിഞ്ഞതിന്റെ പിന്നിലെ ലക്ഷ്യമെന്താണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. വിജിലന്‍സിലെ ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശം സമര്‍പ്പിച്ചത് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ്. വിജിലന്‍സിന് വിവരങ്ങള്‍ നല്‍കുന്നവരുടെ ജീവന് ഭീഷണിയുണ്ടാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ടി’ബ്രാഞ്ചിനെ ഒഴിവാക്കണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തത്. ഇതുസംബന്ധിച്ചാണ് 2016 ജനുവരി 27ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍, മുഖ്യമന്ത്രി, മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടി ടി ബ്രാഞ്ചില്‍ ഉള്‍പ്പെടുത്തിയതായി കണ്ടെത്തി. മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് തീരുമാനം റദ്ദ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് ഇതുവരെയും ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ വിവരാവകാശത്തെ ഭയക്കുന്നത് ജനം ആട്ടി പുറത്താക്കുമെന്ന ഭയംകൊണ്ടാണെന്ന് കഴിഞ്ഞ മാര്‍ച്ച് 18ന് ഫേസ്ബുക്കില്‍ കുറിച്ച പിണറായി വിജയന്‍ ഇപ്പോള്‍ വിവരാവകാശ നിയമത്തെ ഭയക്കുന്നത് എന്തുകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും ചോദിച്ചു. മാസങ്ങള്‍ക്കു മുമ്പ് വിവരാവകാശ നിയമമനുസരിച്ച് സ്വീകരിച്ച നിലപാടില്‍നിന്നു മലക്കംമറിയുന്ന പിണറായി വിജയന്റെ അവസരവാദ സമീപനമാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെ ചോദ്യംചെയ്തതിലൂടെ പുറത്തുവന്നത്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ തെറ്റുകളില്‍നിന്നു തെറ്റുകളിലേക്ക് വീണുകൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക