|    Dec 15 Sat, 2018 5:28 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ തള്ളി; ചടങ്ങ് 26ന് രാജ്ഭവനില്‍

Published : 19th September 2017 | Posted By: fsq

 

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഷാര്‍ജ സുല്‍ത്താന് ഹോണററി ഡി ലിറ്റ് നല്‍കുന്ന ചടങ്ങ് അന്തിമ നിമിഷം സര്‍വകലാശാലയില്‍ നിന്ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിലേക്കു മാറ്റിയ മന്ത്രിസഭാ തീരുമാനം ചാന്‍സലറായ ഗവര്‍ണര്‍ തള്ളി. 26ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഡി ലിറ്റ് സമ്മാനിക്കും. ഷാര്‍ജ സുല്‍ത്താനും ചലച്ചിത്രതാരം മോഹന്‍ലാലിനും കായികതാരം പി ടി ഉഷയ്ക്കും നല്‍കാന്‍ തീരുമാനിച്ച ഡി ലിറ്റ് രണ്ടവസരത്തില്‍ നല്‍കാനായിരുന്നു തീരുമാനം. രാഷ്ട്രത്തലവനെന്ന നിലയില്‍ ഷാര്‍ജ സുല്‍ത്താന് കൂടുതല്‍ സുരക്ഷയൊരുക്കേണ്ടതിനാല്‍ കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഈ മാസം 26ന് സുല്‍ത്താനു മാത്രം ഡി ലിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. മറ്റു രണ്ടുപേര്‍ക്കും അടുത്ത മാസം നടക്കുന്ന ചടങ്ങില്‍ നല്‍കാനായിരുന്നു ധാരണ. വേദിയൊരുക്കാനുള്ള പടുകൂറ്റന്‍ പന്തല്‍നിര്‍മാണത്തിന് ക്വട്ടേഷന്‍ ക്ഷണിക്കുകയും വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടലംഘനമാവുമെന്നതിനാല്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് ചടങ്ങില്‍ സംബന്ധിക്കാനാവുമായിരുന്നില്ല. തുടര്‍ന്നാണ് മന്ത്രിസഭായോഗം ഡി ലിറ്റ് ചടങ്ങ് കോഴിക്കോട്ടേക്കു മാറ്റാന്‍ തീരുമാനിച്ച് സര്‍വകലാശാല അധികാരികളെ അറിയിച്ചത്. ഈ  മന്ത്രിസഭാ നിര്‍ദേശം സര്‍വകലാശാലാ സ്റ്റാറ്റിയൂട്ടിന്റെ ലംഘനമായിരുന്നു. ഗവര്‍ണറുമായി കൂടിയാലോചന നടത്താതെയെടുത്ത തീരുമാനമായതിനാല്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മന്ത്രിസഭാ നിര്‍ദേശം തള്ളുകയായിരുന്നു. കാലിക്കറ്റ് വിസി ഇന്നലെ ഗവര്‍ണറെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് വരുന്ന 26ന് പരിപാടി രാജ്ഭവനില്‍ നടത്താന്‍ തീരുമാനിച്ചത്. 25നു മുഴുവന്‍ സെനറ്റംഗങ്ങളും സര്‍വകലാശാലയില്‍ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടും. ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കാന്‍ മുന്‍ വിസി ഡോ. അബ്ദുസലാമിന്റെ കാലത്താണ് തീരുമാനമെടുത്തിരുന്നത്. അസൗകര്യം കാരണമാണ് സുല്‍ത്താന്‍ നേരത്തേ സര്‍വകലാശാലയിലെത്താതിരുന്നത്. ഡി ലിറ്റ് ചടങ്ങും സുല്‍ത്താന്റെ സന്ദര്‍ശനവും പിണറായി സര്‍ക്കാരിന്റെ മികവായി വരുത്തിത്തീര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പിനായിരുന്നു സര്‍ക്കാര്‍ നീക്കം. കാലിക്കറ്റ് സര്‍വകലാശാല കാംപസും പഠനവിഭാഗങ്ങളും ലൈബ്രറിയും സന്ദര്‍ശിക്കാന്‍ സുല്‍ത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഷാര്‍ജ സുല്‍ത്താന്റെ സന്ദര്‍ശനസമയത്ത് സര്‍വകലാശാലയുടെ പുരോഗതിക്കാവശ്യമായ സാമ്പത്തിക പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ചടങ്ങ് തിരുവനന്തപുരത്തേക്ക് മാറ്റിയതോടെ ഇതിനു സാധ്യതയില്ലാതായി. പരിപാടി സര്‍വകലാശാലയില്‍ നിന്ന് മാറ്റിയതോടെ പോലിസ് ഉള്‍പ്പെടെ ജില്ലാ ഭരണകൂടം ആശ്വാസത്തിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss