|    Oct 21 Sun, 2018 1:21 pm
FLASH NEWS

മന്ത്രിയുടെ മണ്ഡലത്തില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ : 700 കോടി രൂപയുടെ പദ്ധതികള്‍ ചുവപ്പുനാടയില്‍

Published : 16th September 2017 | Posted By: fsq

 

കാസര്‍കോട്: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം 700 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതികള്‍ അനിശ്ചിതത്വത്തില്‍. മന്ത്രി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ആകുന്നതിന് മുമ്പുള്ള പദ്ധതികള്‍ പോലും പൂര്‍ത്തിയാകാതെയുണ്ട്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ വികസന പദ്ധതികളെ കുറിച്ച് അവലോകനം ചെയ്യാന്‍ കലക്്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ ക്ഷൂഭിതനായ മന്ത്രി ഉദ്യോഗസ്ഥരുടെ പൊട്ടത്തരം അനുവദിക്കാനാവില്ലെന്ന് തുറന്നു പറയുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രണ്ട് ബജറ്റുകളിലായി അനുവദിച്ച കോടികളുടെ പദ്ധതികളാണ് പ്രാഥമിക സര്‍വേ പോലും നടത്താതെ ചുവപ്പുനാടയിലായിരിക്കുന്നത്. അലാമിപ്പള്ളി മുതല്‍ അതിഞ്ഞാല്‍ വരെ ഫ്‌ളൈഓവര്‍ സ്ഥാപിക്കുന്നതിന് ബജറ്റില്‍ 400 കോടി രൂപ അനുവദിച്ചുവെങ്കിലും ഇതിന്റെ പ്രാഥമിക പഠനംപോലും ആരംഭിച്ചിട്ടില്ല. ഏറെ പ്രതീക്ഷയോടെ മലയോര ജനത നോക്കികണ്ട വെള്ളരിക്കുണ്ട് റവന്യൂ ടവറിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് രണ്ട് കോടി രൂപയും എല്‍ഡിഎഫ് സര്‍ക്കാര്‍ 18 കോടി രൂപ ഉള്‍പ്പെടെ 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിന്റെയും പ്രാഥമിക പ്രവൃത്തി പോലും ആരംഭിച്ചിട്ടില്ല. ഹൊസ്ദുര്‍ഗ്-പാണത്തൂര്‍ റോഡിന്് 35 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും ദേശീയപാതയുടെ സാങ്കേതികത്വം പറഞ്ഞ് പൊതുമാരാമത്ത് ഉദ്യോഗസ്ഥര്‍ പദ്ധതി അനിശ്ചിതമായി നീട്ടികൊണ്ടുപോവുകയാണെന്ന് മന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. നീലേശ്വരം എടത്തോട് റോഡിന് 20 കോടി രൂപയും പെരിയ-ഒടയംചാല്‍ റോഡിന്റെ കയറ്റം കുറക്കാന്‍ അഞ്ച് കോടി രൂപയും കള്ളാര്‍-ചുള്ളിക്കര റോഡിന് നാല് കോടി രൂപയും ആനക്കല്ല്-പൂക്കയം-മാലക്കല്ല് റോഡിന് ഒരു കോടി രൂപയും നീലേശ്വരം-ബങ്കളം റോഡിന് നാല് കോടി രൂപയും പാണത്തൂര്‍-പാക്കം റോഡിന് ഒന്നരകോടിയും അനുവദിച്ചെങ്കിലും ഇവയുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. പടന്നക്കാട് മേല്‍പാലം, വെള്ളരിക്കുണ്ട് റോഡ് 60 കോടി രൂപയുടെ പദ്ധതിയാണ്. മലയോര വികസനത്തിന് നാന്ദികുറിക്കുമെന്ന് കരുതിയ ഈ പദ്ധതി ഉദ്യോസ്ഥരുടെ അലംഭാവംകൊണ്ട് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിക്കാത്ത സ്ഥിതിയാണ്. 2003- 04 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആശുപത്രിയില്‍ പാലിയേറ്റീവ് യുനിറ്റ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ഷം ഏറെ കഴിഞ്ഞിട്ടും ആരംഭിച്ചിട്ടുപോലുമില്ല. എംഎല്‍എ, എംപി ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ നിരുത്തരവാദപരമായ സമീപനമാണ് ഉദ്യോഗസ്ഥര്‍ കൈകൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു. മടിക്കൈയിലെ ചരണംതല പാലത്തിന് ആറ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജനുവരി 30നകം ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്്ടര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ ഉദ്യോഗസ്ഥരേയും യോഗത്തിന് വിളിച്ചിരുന്നുവെങ്കിലും കാഞ്ഞങ്ങാട് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ യോഗത്തിന് എത്തുകയോ വിശദീകരണം നല്‍കുകയോ ചെയ്യാത്തത് വിമര്‍ശനത്തിന് ഇടയാക്കി. ജില്ലാ കലക്്ടറോട് അടിയന്തിരമായി ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും വിളിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ മനോഭാവം മാറാതെ നാട്ടില്‍ വികസനം ഉണ്ടാകുകയില്ലെന്ന് മന്ത്രി എടുത്തുപറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss