|    Oct 19 Thu, 2017 2:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മന്ത്രിയുടെ പരാമര്‍ശം; കോണ്‍ഗ്രസ് സഭ സ്തംഭിപ്പിച്ചു; മന്ത്രി നഖ്‌വി പ്രസ്താവന പിന്‍വലിച്ചു

Published : 30th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ശൂന്യവേളയില്‍  വിഷയം ഉന്നയിക്കുന്നതിനിടെ പാര്‍ട്ടിക്കെതിരേ മോശം പരാമര്‍ശം നടത്തിയ കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി മാപ്പു പറയണമെന്നാവശ്യപ്പെട്ട്  കോണ്‍ഗ്രസ് രാജ്യസഭ സ്തംഭിപ്പിച്ചു. പ്രതിഷേധം രൂക്ഷമായതോടെ മന്ത്രി തന്റെ പ്രസ്താവന പിന്‍വലിച്ചു. ശൂന്യവേളയില്‍ ഇന്നലെ ജെഡിയു അംഗം ശരദ് യാദവ് തൊഴില്ലായ്മ സംബന്ധിച്ച വിഷയം ഉന്നയിച്ചതിനോട് അനുബന്ധിച്ചാണ് മന്ത്രിയുടെ പരാമര്‍ശം.
വര്‍ഷം തോറും കോടിക്കണക്കിനു തൊഴിലവസരങ്ങളുണ്ടാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ ശരിവെച്ചു സംസാരിക്കവേ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ അസ്വസ്ഥയുണ്ടെന്നും തൊഴിലവസരങ്ങളുണ്ടാകുന്നില്ലെന്നും പറഞ്ഞു. രാജ്യത്തു തൊഴില്‍ സാഹചര്യങ്ങളില്‍ കാര്യമായ മാറ്റമില്ലെന്നു സിപിഎം അഗം സീതാറാം യെച്ചൂരിയും ചൂണ്ടിക്കാട്ടി.
എന്നാല്‍, പ്രതിപക്ഷ കക്ഷികളുടെ ആരോപണങ്ങളെ നിഷേധിച്ച മന്ത്രി നഖ്‌വി എല്ലാ മേഖലകളിലും പുതിയ തൊഴിലവസരങ്ങളുണ്ടെന്നു വാദിച്ചു. യുവാക്കളുടെ ഇടയില്‍ അസ്വസ്ഥത ഉണ്ടെന്നു പറഞ്ഞ ആനന്ദ ശര്‍മയോടു തനിക്കു പറയാനുള്ളത് അസ്വസ്ഥത കോണ്‍ഗ്രസിനുള്ളിലാണെന്നും അതിനു പരിഹാരമില്ലെന്നും മന്ത്രി പറഞ്ഞു. ഇതു കേട്ടതോടെ രൂക്ഷ പ്രതിഷേധം ഉയര്‍ത്തി കോണ്‍ഗ്രസും ഒപ്പം ജെഡിയു അംഗങ്ങളും നടുത്തളത്തിലിറങ്ങി. സമാജ് വാദി പാര്‍ട്ടിയും പ്രതിഷേധവുമായി എഴുന്നേറ്റു. മന്ത്രി മാപ്പു പറഞ്ഞു പ്രസ്താവന പിന്‍വലിക്കണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം.
മന്ത്രിയുടെ പ്രസ്താവനയില്‍ മോശം പരാമര്‍ശങ്ങളുണ്ടെങ്കില്‍ സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യുമെന്നും ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍ വ്യക്തമാക്കി. എന്നാല്‍, പ്രതിഷേധിച്ചു നിന്ന എംപിമാര്‍ മടങ്ങാന്‍ കൂട്ടാക്കിയില്ല. അംഗങ്ങള്‍ നടുത്തളത്തില്‍ നില്‍ക്കരുതെന്ന് ഉപാധ്യക്ഷന്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്‍കി. ഇതിനിടെ മന്ത്രി ഒരു പാര്‍ട്ടിയുടെ പേരെടുത്തു പരാമര്‍ശിക്കരുതായിരുന്നുവെന്ന് സിപിഎം അംഗം സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക