|    Nov 19 Mon, 2018 1:56 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മന്ത്രിയുടെ നിലപാട് തള്ളി സിപിഐ

Published : 22nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: മന്ത്രി കെ രാജുവിന്റെ പ്രളയകാല ജര്‍മനി യാത്രയുമായി ബന്ധപ്പെട്ട രാ ഷ്ട്രീയ വിവാദം മുറുകുന്നു. സംസ്ഥാനം പ്രളയദുരിതത്തി ല്‍ ഉഴലുമ്പോള്‍ മന്ത്രി കെ രാജു ജര്‍മന്‍ സന്ദര്‍ശനത്തിനു പോയ സംഭവത്തില്‍ മന്ത്രിയുടെ വിശദീകരണം സിപിഐ തള്ളി. സംഭവിച്ചത് തെറ്റുതന്നെയാണെന്നും കൂടുതല്‍ ന്യായീകരിച്ച് വഷളാക്കരുതെന്നും പാര്‍ട്ടി നിര്‍ദേശിച്ചതായാണ് റിപോര്‍ട്ട്. വിദേശയാത്ര നടത്തിയതില്‍ തെറ്റില്ലെന്ന മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടി നേതൃത്വം തള്ളിക്കളഞ്ഞു. സംഭവിച്ചതു തെറ്റുതന്നെയാണെന്ന് പാര്‍ട്ടി നേതൃത്വം കെ രാജുവിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ മന്ത്രി വിദേശത്തേക്ക് പോവരുതായിരുന്നു എന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞദിവസം പരസ്യമായിത്തന്നെ പറഞ്ഞിരുന്നു. തുടര്‍ന്നാണ് നേതൃത്വം മന്ത്രിയെ തിരിച്ചുവിളിച്ചത്. ഇത്രയും സംഭവങ്ങ ള്‍ക്കു ശേഷവും കാര്യങ്ങളെ ന്യായീകരിക്കുന്നത് ശരിയല്ലെന്ന് മന്ത്രിക്ക് നേതൃത്വം നിര്‍ദേശം നല്‍കിയതായാണ് റിപോര്‍ട്ട്. മന്ത്രി നടത്തിയ വിദേശയാത്ര ചട്ടങ്ങള്‍ ശരിയായി പാലിക്കാതെയായിരുന്നെന്നും ആക്ഷേപമുണ്ട്. ഒരു മന്ത്രിയുടെ ചുമതല കൈമാറുമ്പോള്‍ പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കണമെന്ന നിബന്ധനയും രാജു പാലിച്ചില്ല. സാധാരണ ഒരു മന്ത്രി വിദേശയാത്ര നടത്തുമ്പോള്‍ വകുപ്പിന്റെ ചുമതല മറ്റൊരു മന്ത്രിക്ക് കൈമാറുന്ന കാര്യം രേഖാമൂലം മുഖ്യമന്ത്രിയെ അറിയിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ശുപാര്‍ശപ്രകാരം ഗവര്‍ണറാണ് ചുമതല കൈമാറേണ്ടത്. എന്നാല്‍ കെ രാജുവിന്റെ കാര്യത്തില്‍ ഇത്തരം നടപടിക്രമങ്ങളൊന്നുമുണ്ടായില്ല. നേരിട്ട് മറ്റൊരു മന്ത്രിക്ക് ചുമതല കൈമാറാന്‍ കഴിയില്ല. യാത്രതിരിക്കുന്ന ദിവസമാണ് തന്റെ വകുപ്പിന്റെ ചുമതല ഏല്‍പിക്കുന്നതായി മന്ത്രി പി തിലോത്തമന് ലെറ്റര്‍ പാഡില്‍ എഴുതി അറിയിച്ചത്. ഇതു ചട്ടവിരുദ്ധമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം വിവാദം സംബന്ധിച്ച് കാര്യങ്ങള്‍ പരിശോധിക്കട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജര്‍മന്‍ സന്ദര്‍ശനത്തിനു പോയ മന്ത്രി കെ രാജു തിങ്കളാഴ്ചയാണ് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. താന്‍ ജര്‍മനിയിലേക്ക് പോവുന്ന സമയത്ത് മഴ ഉണ്ടായിരുന്നില്ലെന്നും പാര്‍ട്ടിയുടെ അനുമതിയോടെയാണ് പോയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചിരുന്നു. ഇവിടെയുള്ള മലയാളികളുടെ സഹോദരങ്ങള്‍തന്നെയാണ് അവിടെയുമുള്ളതെന്നും അവര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍—ത്തനങ്ങളില്‍ കോട്ടയം ജില്ലയുടെ ചുമതല തനിക്കുണ്ടായിരുന്നതായി മന്ത്രി സമ്മതിച്ചു. എന്നാല്‍ വിദേശയാത്ര തെറ്റായിപ്പോയതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക മലയാളി ഫെഡറേഷന്റെ പരിപാടിയില്‍ പങ്കെടുക്കാ ന്‍ ആഗസ്ത് 16ന് ആണ് മന്ത്രി ജര്‍മനിയിലേക്ക് പോയത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് കടുത്ത മഴയും പ്രളയവുംമൂലം ജനങ്ങള്‍ ദുരിതത്തിലായിരുന്നു. മന്ത്രിയുടെ സന്ദര്‍ശനം വിവാദമായതോടെ അദ്ദേഹത്തെ സിപിഐ നേതൃത്വം തിരികെ വിളിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss