|    Aug 22 Tue, 2017 12:54 pm
FLASH NEWS

മന്ത്രിയുടെ ഉറപ്പ് പാഴായി ; 2014ല്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ല

Published : 3rd August 2017 | Posted By: fsq

 

മാനന്തവാടി: കാലവര്‍ഷക്കെടുതിയിലും പ്രകൃതിക്ഷോഭത്തിലും കൃഷി നശിച്ച വാഴകര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക നല്‍കാന്‍ നടപടികളായില്ല. കര്‍ഷകര്‍ ജപ്തി ഭീഷണിയില്‍. ജില്ലയില്‍ തുക ലഭിക്കാതെ ദുരിതത്തിലായത് 4,765 ചെറുകിട വാഴകര്‍ഷകരാണ്. 2014ല്‍ ശക്തമായ കാറ്റിലും മഴയിലും വാഴകൃഷി നശിച്ച കര്‍ഷകര്‍ക്ക് മാത്രമാണ് കുടിശ്ശിക ലഭിക്കാത്തത്. ഇതിനു മുമ്പും ശേഷവുമുള്ള വര്‍ഷങ്ങളിലെ നഷ്ടപരിഹാരം നല്‍കിയെങ്കിലും 2014 ജനുവരി ഒന്നുമുതല്‍ 2015 ജനുവരി 31 വരെയുള്ള അപേക്ഷകളില്‍ തുക നല്‍കാതെ സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്നാണ് ആക്ഷേപം. 50,000 രൂപയ്ക്കു മുകളിലുള്ള നഷ്ടപരിഹാരം നല്‍കിയതിനാല്‍ തന്നെ ചെറുകിട കര്‍ഷകരാണ് ഏറെ ദുരിതത്തിലായത്. ആകെയുള്ള വയലിന്റെ ആധാരം പോലും പണയംവച്ച് ബാങ്ക് ലോണ്‍ എടുത്താണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയത്. എടുത്ത ലോണിന്റെ പലിശ പോലും അടയ്ക്കാന്‍ കഴിയാത്തതുകൊണ്ട് ബാങ്കില്‍ നിന്നു കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഉല്‍പാദനച്ചെലവിന്റെ നാലിലൊന്നു പോലും നഷ്ടപരിഹാരമായി ലഭിക്കില്ലെങ്കിലും പലിശ അടയ്ക്കാനെങ്കിലും തികയുമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ ജില്ലയിലെത്തിയ കൃഷിമന്ത്രി നഷ്ടപരിഹാര കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുമെന്നും എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടികളും ഉണ്ടാവാത്തതിനാല്‍ നിരാശയിലാണ് കര്‍ഷകര്‍. അതേസമയം, തങ്ങളുടെ ഭരണകാലഘട്ടത്തിലെ കുടിശ്ശിക മാത്രം കൊടുത്തുതീര്‍ക്കുക എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ആരോപണമുണ്ട്. കുടിശ്ശിക കൊടുത്തുതിര്‍ക്കാന്‍ അടിയന്തര നടപടികളുണ്ടായില്ലെങ്കില്‍ ജില്ല വീണ്ടും കര്‍ഷക ആത്മഹത്യയ്ക്ക് വേദിയായി മാറുമെന്നു കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുടിശ്ശിക വിതരണം ആരംഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് വിവിധ കര്‍ഷക സംഘടനകള്‍. ജില്ലയില്‍ കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കൃഷിനാശം ഉണ്ടാവാറുള്ള മാനന്തവാടി ബ്ലോക്കില്‍ മാത്രം 1,731 കര്‍ഷകര്‍ക്കായി മൂന്നു കോടിയോളം രൂപയാണ് വിതരണം ചെയ്യാനുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക