|    Nov 15 Thu, 2018 3:19 am
FLASH NEWS

മന്ത്രിയുടെ അനുമതി ലഭിച്ചാല്‍ വലിയപാലത്തിന്റെ പണി ഉടന്‍ നടക്കും: ഡോ. എം കെ മുനീര്‍ എംഎല്‍എ

Published : 3rd August 2016 | Posted By: SMR

കോഴിക്കോട്: പുതിയപാലത്ത് കനോലികാലിനു കുറുകെ നിര്‍മിക്കാനുദ്ദേശിക്കുന്ന വലിയപാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട നടപടി അവസാന ഘട്ടത്തിലാണെന്ന് ഡോ. എം കെ മുനീര്‍ എംഎല്‍എ അറിയിച്ചു. നഗരത്തിന്റെ ഗതാഗതകുരുക്കിന് പരിഹാരമാവുന്ന പദ്ധതിയാണ്. വകുപ്പു മന്ത്രിയുടെ ഉത്തരവ് ലഭിച്ചാല്‍ പാലം പണി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫണ്ടിന്‍മേല്‍ പുതുക്കിയ ഭരണാനുമതി ലഭിക്കേണ്ട സന്ദര്‍ഭത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്.
ഇത് സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്റെ അനുമതിക്ക് അപേക്ഷിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിയുംവരെ അനുമതി ലഭിച്ചിരുന്നില്ല.യുഡിഎഫ് സര്‍ക്കാര്‍ മാറി ഇടതുജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നതിനു ശേഷം ബന്ധപ്പെട്ട വകുപ്പുമന്ത്രി പദ്ധതി ഫയലിന്‍മേല്‍ ചില വിശദീകരണം ആവശ്യപ്പെട്ട് ഉത്തരവിട്ടിരുന്നു. താഴെ തട്ടില്‍ നിന്നും ഈ വിശദീകരണ റിപോര്‍ട്ട് നല്‍കുകയും അതിന്‍മേല്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ സര്‍ക്കാരിലേക്ക് അനുകൂല ശുപാര്‍ശ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു.
2012 ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിന് 40കോടിയുടെ ഭരണാനുമതി നല്‍കിയിരുന്നു.
സ്ഥലം ഏറ്റെടുക്കല്‍ വേഗത്തില്‍ ആക്കാന്‍ ഭൂമി നേരിട്ട് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭുമി ഏറ്റെടുക്കാന്‍ നേരത്തെ നിശ്ചയിച്ച 20 കോടി രൂപയ്ക്ക് പകരം പുനരധിവാസം ഉള്‍പ്പെടെ 30 കോടി ആവശ്യമായി വന്നു. പാലം നിര്‍മാണത്തിന് 20 കോടി രൂപയ്ക്ക് പകരം 23.50 കോടി രൂപയും ആവശ്യമായി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ധനകാര്യവകുപ്പ് 50 കോടി രൂപയായി നിജപ്പെടുത്തി കൊണ്ട് അനുമതിയും നല്‍കി.
ബജറ്റില്‍ തീരുമാനമായതിനാല്‍ ഫണ്ട് ഇല്ലെന്ന് പറഞ്ഞ് പദ്ധതി തിരിച്ചയക്കാന്‍ സാധിക്കുകയില്ലെന്ന് എംഎല്‍എ അറിയിച്ചു.
പദ്ധതിക്കായി ഫണ്ട് നേരത്തെ മാറ്റിവച്ചതാണ്. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാല്‍ എത്രയും പണി ആരംഭിക്കും. രണ്ട് ഏക്കര്‍സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. പാലം മൂന്നുമാസം കൊണ്ട് തുറക്കാന്‍ സാധിക്കും. പാലത്തിന്റെ പണി നടന്നാല്‍ മാത്രമെ റോഡ് പണി തുടങ്ങാന്‍ സാധിക്കുകയുള്ളുവെന്നും എംഎല്‍എ അറിയിച്ചു.
മണ്ഡലത്തിലെ മൂന്നു സ്‌കൂളുകളെ മാതൃകാ സ്‌കൂളുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി മീഞ്ചന്ത സ്‌കൂളിന് എംഎല്‍എയുടെ അസറ്റ് ഫണ്ടില്‍ നിന്ന് മൂന്നുകോടി രൂപയും ഗവ. മോഡല്‍ സ്‌കൂളിന് നാലു കോടി രൂപയും കല്ലായി ഗണപത് സ്‌കൂളിന് 4 കോടിയും അനുവദിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവരുന്നതിനായി കോര്‍പറേഷനുമായി സഹകരിക്കും. അക്കാദമിക് നിലവാരം പരിശോധിക്കാന്‍ മോണിറ്ററിങ് കമ്മിറ്റിയെ നിയമിക്കും. മാലിന്യ മുക്ത മണ്ഡലമാക്കാന്‍ ശുചിത്വമിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss