|    Dec 11 Tue, 2018 3:40 am
FLASH NEWS
Home   >  Editpage  >  Editorial  >  

മന്ത്രിമാര്‍ മാറുമ്പോഴും ഖജനാവിനു നഷ്ടം

Published : 29th November 2018 | Posted By: kasim kzm

കേരളം ഇന്നോളം നേരിട്ടിട്ടില്ലാത്തത്ര ശക്തമായ പ്രളയത്തില്‍ കോടിക്കണക്കിനു രൂപയുടെ കനത്ത നാശനഷ്ടങ്ങളാണ് നേരിട്ടത്. 20,000 കോടി രൂപയുടെ നഷ്ടം വരുമെന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്ക്. പ്രളയം കഴിഞ്ഞ് നൂറു ദിനങ്ങള്‍ പിന്നിടുമ്പോഴും പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതിയെക്കുറിച്ച വായ്ത്താരിയല്ലാതെ പ്രായോഗിക നീക്കങ്ങള്‍ നടന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല.
ഖജനാവിലെ ധൂര്‍ത്ത് ഒഴിവാക്കിയും അമിതച്ചെലവ് വെട്ടിക്കുറച്ചും പുനര്‍നിര്‍മാണത്തിനുള്ള പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ തന്നെ മാതൃക കാണിച്ചു മുന്നിലുണ്ടാകുമെന്നാണ് നാം ധരിക്കുക. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലോല്‍സവങ്ങളും കായികോല്‍സവങ്ങളും രാജ്യാന്തര ചലച്ചിത്രോല്‍സവവും ഒഴിവാക്കുന്നതിനുള്ള നിര്‍ദേശം പോലും ഉയര്‍ന്നപ്പോള്‍ ചെലവു ചുരുക്കല്‍ സംസ്ഥാനത്തിന്റെ മുഖമുദ്രയായി മാറുന്നുവെന്ന തോന്നലാണ് സൃഷ്ടിച്ചത്. എന്നാല്‍, ധൂര്‍ത്തിന്റെയും പാഴ്‌ച്ചെലവിന്റെയും പുതിയ അധ്യായങ്ങളാണ് രചിക്കുന്നത്.
സംസ്ഥാനത്തെ മന്ത്രിമാരുടെ രാജിവയ്ക്കലും പകരക്കാരന്റെ സ്ഥാനമേല്‍ക്കലും വകുപ്പുമാറ്റവും വഴി സംസ്ഥാന ഖജനാവിനു കോടിക്കണക്കിനു രൂപയുടെ നഷ്ടം നേരിടുന്നുവെന്ന വാര്‍ത്ത അവഗണിക്കാനാവില്ല. പിണറായി വിജയന്‍ മന്ത്രിസഭയുടെ കാലാവധി ഏതാണ്ട് പകുതി പൂര്‍ത്തിയായപ്പോള്‍ ഇതിനകം നാലു മന്ത്രിമാര്‍ രാജിവച്ചു, പകരം നാലു പേര്‍ മന്ത്രിസ്ഥാനമേറ്റു. നാലു പേരുടെ രാജിയും പകരം സത്യപ്രതിജ്ഞയും മാത്രമല്ല, അതിനൊപ്പം പുതിയ പേഴ്‌സനല്‍ ജീവനക്കാരുടെ നിയമനം, വീടും ഓഫിസും മോടി പിടിപ്പിക്കല്‍, വാഹന നവീകരണം തുടങ്ങിയ ഇനങ്ങളിലായി ഖജനാവില്‍ നിന്നു കോടിക്കണക്കിന് രൂപയാണ് ചെലവു വരുന്നത്.
ഒരു മന്ത്രിക്ക് 25 പേഴ്‌സനല്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് ചട്ടമുണ്ട്. ഒരു ലക്ഷം രൂപ മുതല്‍ താഴേക്കുള്ള വേതനത്തിലാണ് ഇവര്‍ നിയമിതരാകുന്നത്. ഓരോ തവണ മന്ത്രിമാര്‍ മാറുമ്പോഴും പേഴ്‌സനല്‍ സ്റ്റാഫും മാറുന്നു. അതേ പാര്‍ട്ടിയുടെ മന്ത്രിയാണ് ചുമതലയേല്‍ക്കുന്നതെങ്കിലും ഇതില്‍ കാര്യമായ വ്യത്യാസമില്ല. കാര്യമായ യോഗ്യതയൊന്നും ഇല്ലെങ്കില്‍ പോലും രണ്ടു വര്‍ഷം ജോലി ചെയ്താല്‍ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കാനുള്ള വ്യവസ്ഥയും നിലവിലുണ്ട്.
കേരളത്തില്‍ 4.7 ലക്ഷം പേര്‍ക്കു വീടില്ല എന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 2.91 ലക്ഷം പേര്‍ക്കു മാത്രമേ വീടു വയ്ക്കാനുള്ള സ്ഥലം പോലും സ്വന്തമായുള്ളൂ. ബാക്കി 1.79 ലക്ഷം കുടുംബങ്ങള്‍ക്ക് വീടോ വീടു വയ്ക്കാവുന്ന സ്ഥലമോ ഇല്ല. ഇത്തരമൊരു സംസ്ഥാനത്താണ് മന്ത്രിസഭകള്‍ മാറുമ്പോഴും മന്ത്രിമാര്‍ മാറുമ്പോഴും മന്ത്രിമന്ദിരങ്ങളുടെ സൗന്ദര്യവത്കരണവും വാഹനങ്ങളുടെ ആധുനികവത്കരണവും നടക്കുന്നത്. അധികാരകേന്ദ്രങ്ങളിലുള്ളവര്‍ തന്നെ ദുര്‍വ്യയവും ധൂര്‍ത്തും ഒഴിവാക്കി മാതൃകയാവുമ്പോള്‍ മാത്രമേ നവകേരള നിര്‍മിതിക്കു വേണ്ടി എല്ലാം അര്‍പ്പിക്കാന്‍ തയ്യാറാവണമെന്ന ആഹ്വാനത്തിനു വിലയുണ്ടാകൂ.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss