|    Mar 20 Tue, 2018 7:32 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

തുറന്ന പോര് ; മന്ത്രിമാര്‍ക്കയച്ച കത്ത് സുധീരന്‍ പരസ്യപ്പെടുത്തി

Published : 22nd March 2016 | Posted By: SMR

തിരുവനന്തപുരം: ഭൂമിവിഷയം ഉള്‍പ്പെടെയുള്ള വിവാദ ഉത്തരവുകളെ മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരേ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തുറന്ന പോരിലേക്ക്. പീരുമേട്ടിലെ ഭൂമിവിഷയവുമായി ബന്ധപ്പെട്ടും വിവരാവകാശ പരിധിയില്‍നിന്ന് വിജിലന്‍സിനെ ഒഴിവാക്കിയതിനെതിരേയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അയച്ച കത്ത് സുധീരന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
പീരുമേട്ടിലെ 1,303 ഏക്കറോളം വരുന്ന ഭൂമിവിഷയത്തില്‍ ഹോപ്പ് എസ്‌റ്റേറ്റിന് അനുകൂലമായ മന്ത്രിസഭാ തീരുമാനം അവരെ സഹായിക്കാനാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ഭൂമി നഷ്ടപ്പെടാനുള്ള സാഹചര്യമൊരുക്കുകയാണ് സര്‍ക്കാരെന്നും സുധീരന്‍ ചൂണ്ടിക്കാട്ടുന്നു. ഹോപ്പ് പ്ലാന്റേഷന്റെ അപേക്ഷ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നു മാത്രമാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. പ്ലാന്റേഷനെ മിച്ചഭൂമിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന് കോടതി ഉത്തരവില്‍ ഒരിടത്തും പറയുന്നില്ല.
വിജിലന്‍സ് അന്വേഷണങ്ങളെ വിവരാവകാശനിയമ പരിധിയില്‍നിന്ന് ഒഴിവാക്കിയ നടപടിയും സുധീരന്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അധികാരസ്ഥാനത്തിരിക്കുന്നവരും സ്ഥാനമൊഴിഞ്ഞവരുമായ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ ആരോപണങ്ങളെ സംബന്ധിച്ച വിഷയങ്ങള്‍ മറച്ചുവയ്ക്കുന്ന നടപടിയെന്ന നിലയിലേ ജനങ്ങള്‍ ഇതിനെ വിലയിരുത്തൂവെന്നാണ് കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നത്.
ഭരണത്തിലെ സുതാര്യത ഇല്ലാതാക്കുന്ന ഉത്തരവാകുമിത്. വിവരാവകാശനിയമത്തിന്റെ അന്തസ്സത്ത നഷ്ടപ്പെടുത്തുന്ന ഒന്നായിട്ടു മാത്രമേ ഇതിനെ വിലയിരുത്തൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ രണ്ടു വിവാദ ഉത്തരവുകള്‍ക്കെതിരേ നേരത്തേയും സുധീരന്‍ രംഗത്തെത്തിയിരുന്നു. മെത്രാന്‍ കായല്‍, കരുണ എസ്റ്റേറ്റ് വിഷയത്തിലും കെപിസിസി പ്രസിഡന്റിന്റെ എതിര്‍പ്പ് വന്‍ വിവാദമായിരുന്നു. തന്റെ അഴിമതിവിരുദ്ധമുഖം കൂടുതല്‍ വ്യക്തമാക്കാനുദ്ദേശിച്ചാണ് ഇപ്പോള്‍ പരസ്യമായി വീണ്ടും അദ്ദേഹം രംഗത്തുവന്നത്. സര്‍ക്കാരും പാര്‍ട്ടി അധ്യക്ഷനും തമ്മിലുള്ള ആഭ്യന്തര കത്തിടപാടുകള്‍ പരസ്യമാക്കിയതില്‍ കോണ്‍ഗ്രസ്സിനുള്ളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ, വി എം സുധീരനെതിരായ തന്ത്രം മെനയുന്നതിന് എ, ഐ ഗ്രൂപ്പുകള്‍ മന്ത്രി കെ സി ജോസഫിന്റെ വസതിയില്‍ സംയുക്തയോഗം ചേര്‍ന്നു. സര്‍ക്കാരിനെതിരേ വാളോങ്ങിയ കെപിസിസി പ്രസിഡന്റ് സ്ഥാനാര്‍ഥിപ്പട്ടികയിലും പിടിമുറുക്കുന്നതു തടയിടുന്നതിനാണിത്. എ ഗ്രൂപ്പില്‍നിന്ന് കെ സി ജോസഫിന് പുറമേ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബഹനാന്‍, എം എം ഹസന്‍, തമ്പാനൂര്‍ രവി എന്നിവരും ഐ ഗ്രൂപ്പിലെ കെ സുധാകരന്‍, വി ഡി സതീശന്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവരും പങ്കെടുത്തു. സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. സുധീരന്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യത ഉണ്ടെങ്കില്‍ മാത്രം അംഗീകരിക്കും.
എ ഗ്രൂപ്പ് മല്‍സരിച്ച കായംകുളം ഐ ഗ്രൂപ്പിന് വിട്ടുനല്‍കും. പകരം ഇടുക്കി ജില്ലയിലെ പീരുമേടോ ഉടുമ്പന്‍ചോലയോ എ ഗ്രൂപ്പിന് നല്‍കും. പെരുമ്പാവൂര്‍, വൈപ്പിന്‍ സീറ്റുകളും പരസ്പരം വച്ചുമാറാന്‍ ധാരണയായി. വടക്കാഞ്ചേരി സീറ്റിലും വച്ചുമാറ്റത്തിന് സാധ്യത തേടുന്നുണ്ട്. വിവാദവിഷയങ്ങളില്‍ പരസ്യമായി പ്രതികരിച്ച് സുധീരനെ ആളാക്കേണ്ടെന്നാണ് തീരുമാനം. ഗ്രൂപ്പുകളില്‍നിന്നുള്ള പരമാവധി സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാനുള്ള സീറ്റുകള്‍ നേടിയെടുക്കാനും ധാരണയായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss