|    Jan 24 Tue, 2017 8:25 am

മന്ത്രിമാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കും; ചുമതല സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: ഗോഡ്ഫാദര്‍ പരാമര്‍ശത്തിന്റെ പേരില്‍ പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ ഖേദം പ്രകടിപ്പിച്ചു. തനിക്ക് ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതാണ് മന്ത്രിസ്ഥാനം ലഭിക്കാതിരിക്കാന്‍ കാരണമെന്ന ബിജിമോളുടെ പ്രസ്താവനയി ല്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വിശദീകരണം തേടിയിരുന്നു. പാര്‍ട്ടിക്കു നല്‍കിയ വിശദീകരണത്തിലാണ് എംഎ ല്‍എ ഖേദം പ്രകടിപ്പിച്ചത്.
ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജിമോളുടെ പരാമര്‍ശം. തന്റെ വാക്കുകള്‍ ലേഖകന്‍ അസത്യമായി ഉപയോഗിക്കുകയായിരുന്നുവെന്നും ബോധപൂര്‍വമല്ല താന്‍ അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നുമായിരുന്നു ബിജിമോള്‍ വിശദീകരണം നല്‍കിയത്. അനൗപചാരികമായി താന്‍ ലേഖകനോട് സംസാരിച്ച വിഷയമാണിതെന്നും പ്രസിദ്ധീകരിക്കുമെന്നു കരുതിയില്ലെന്നും ബിജിമോള്‍ വ്യക്തമാക്കി. ബിജിമോളുടെ വിശദീകരണം പരിശോധിച്ച പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് എന്തു നടപടി സ്വീകരിക്കണമെന്ന കാര്യം സംസ്ഥാന കൗണ്‍സിലിനു വിട്ടു. സിപിഎമ്മിനു പിന്നാലെ പാര്‍ട്ടി മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ സിപിഐയും തീരുമാനിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിനാണു നിരീക്ഷണത്തിന്റെ ചുമതല. മാസത്തിലൊരിക്കല്‍ ഇതിനായി സംസ്ഥാന എക്‌സിക്യൂട്ടീവ് ചേരാനും നിര്‍ദേശങ്ങളും തിരുത്തലുകളും ആവശ്യമെങ്കില്‍ മന്ത്രിമാര്‍ക്കു നല്‍കാനും യോഗത്തില്‍ തീരുമാനമായി. മന്ത്രിസഭയില്‍ കൃഷിവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി വി എസ് സുനില്‍കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന വിലയിരുത്തലും എക്‌സിക്യൂട്ടീവിലുണ്ടായി.
കഴിയുന്ന ദിവസങ്ങളിലെല്ലാം നാലുമന്ത്രിമാരും പാര്‍ട്ടി ആസ്ഥാനത്തെത്തണമെന്ന നിര്‍ദേശവും എക്‌സിക്യൂട്ടീവ് നല്‍കി. വിവാദ പ്രസ്താവനകള്‍ നടത്തുകയോ വിവാദ കാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുകയോ ചെയ്യരുതെന്നും എക്‌സിക്യൂട്ടീവ് മന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കി. ഇന്നും നാളെയുമാണ് സംസ്ഥാന കൗണ്‍സില്‍. ബോര്‍ഡ്-കോര്‍പറേഷനുകളുടെ കാര്യത്തില്‍ നേരത്തേയെടുത്ത തീരുമാനത്തില്‍ മാറ്റമൊന്നും വരുത്തേണ്ടതില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം ചെയര്‍മാന്‍മാരെ സംബന്ധിച്ച് തീരുമാനമെടുക്കാനും എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ഗുജറാത്തില്‍ ഗോവധം ആരോപിച്ച് ദലിത് യുവാക്കളെ കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ആഹ്വാനം ചെയ്തു. ഗുജറാത്തില്‍ നടന്ന സംഭവങ്ങള്‍ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ബിജെപി കേന്ദ്രഭരണത്തി ല്‍ എത്തിയതു മുതല്‍ നടത്തുന്ന സവര്‍ണരാഷ്ട്രീയത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണിത്. ഗുജറാത്ത് സംഭവത്തെ അപലപിക്കാന്‍ കേരളത്തിലെ മതേതരവിശ്വാസികളെല്ലാം അണിനിരക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. സി എന്‍ ജയദേവന്‍ എംപി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 337 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക