|    Nov 21 Wed, 2018 12:59 am
FLASH NEWS

മന്ത്രിക്ക് മുന്നില്‍ വിതുമ്പലടക്കാനാവാതെ ദുരിതബാധിതര്‍

Published : 12th August 2018 | Posted By: kasim kzm

ഇരിട്ടി: അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകളില്‍ ഉരുള്‍പൊട്ടല്‍ വരുത്തിയ നാശനഷ്ടങ്ങള്‍ കണ്ട് അമ്പരന്ന മന്ത്രിക്ക് മുന്നില്‍ സങ്കടങ്ങള്‍ നിരത്തി ദുരിതബാധിതര്‍. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിനൊപ്പം എല്ലാം നിമിഷനേരം കൊണ്ട് ഉരുളെടുത്ത സംഭവം വിവരിക്കുമ്പോള്‍ അവര്‍ നിയന്ത്രണംവിട്ട് വിങ്ങിപ്പൊട്ടി.
ഇരിട്ടിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മന്ത്രി കെ കെ ശൈലജ ദുരിതബാധിത മേഖലയിലെത്തിയത്. ഉരുള്‍പൊട്ടലുണ്ടായ പാറക്കാമല, എടപ്പുഴ, കീഴങ്ങാനം, മാഞ്ചോട് പാലം തുടങ്ങിയ സ്ഥലങ്ങളും മണ്ണിടിച്ചിലില്‍ മരണപ്പെട്ട രണ്ടുപേരുടെ വീടും, കച്ചേരിക്കടവ്, മാങ്ങോട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളും മന്ത്രിയും സംഘവും സന്ദര്‍ശിച്ചു. മണ്ണിടിഞ്ഞ് പൂര്‍ണമായും തകര്‍ന്ന വള്ളിത്തോട് പിഎച്ച്‌സി വീക്ഷിച്ച മന്ത്രി പാറക്കാമലയിലേക്ക് പോയി. പരാതിയും പരിഭവങ്ങളുമായി തടിച്ചുകൂടിയ നാട്ടുകാര്‍, ഒരു കിലോമീറ്ററിനുള്ളിലെ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടിയ സ്ഥലങ്ങള്‍ കാണണമെന്ന് വാശിപിടിച്ചു. ജനങ്ങളുടെ നിര്‍ബന്ധം ശക്തമായതോടെ മുടിക്കയത്ത് ഉരുള്‍പൊട്ടിയ സ്ഥലത്തെത്തി. കൂറ്റന്‍ പാറകള്‍ പതിച്ച കൃഷിഭൂമി കണ്ട മന്ത്രി, കൃഷിയിടം നഷ്ടപ്പെട്ടത് പ്രത്യേകം കണക്കാക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.
കച്ചേരിക്കടവ് സ്‌കൂളിലും മാങ്ങോട് എല്‍പി സ്‌കൂളിലും പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപും, കരിക്കോട്ടക്കരിയില്‍ തകര്‍ന്ന വീടും, എടപ്പുഴയില്‍ വീടുതകര്‍ന്ന് മരിച്ച ഷൈനിയുടെയും തോമസിന്റെയും കുടുംബവീടും മന്ത്രി സന്ദര്‍ശിച്ചു. തുടര്‍ന്ന് ആറളം-അയ്യന്‍കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാഞ്ചോട് പാലം തകര്‍ന്ന സ്ഥലത്തും കൊട്ടിയൂര്‍ മേഖലയിലെ ദുരിതാശ്വാസ ക്യാംപുകളിലും മന്ത്രിയെത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss