|    Jan 20 Fri, 2017 12:49 am
FLASH NEWS

മന്ത്രാലയത്തിന്റെ റിപോര്‍ട്ട് തെളിയിച്ചാല്‍ കായികരംഗം വിടും: ഒ പി ജയ്ഷ

Published : 20th October 2016 | Posted By: SMR

ജോബിന്‍ തോമസ്

തൊടുപുഴ: കായികമന്ത്രാലയ സമിതിയുടെ റിപോര്‍ട്ട് തെളിയിച്ചാല്‍ കായികരംഗം വിടുമെന്ന് ഒളിംപ്യന്‍ ഒ പി ജയ്ഷ. ഇപ്പോള്‍ ലക്ഷ്യം 2020ല്‍ ജപ്പാനില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ഒരു മെഡലാണ്- തൊടുപുഴ ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഒ പി ജയ്ഷ പറഞ്ഞു. ഒളിംപിക്‌സ് പരിശീലനകാലഘട്ടം ജയിലില്‍ കിടന്ന അവസ്ഥയ്ക്ക് തുല്യമാണെന്നും ജയ്ഷ വികാരാധീനയായി പ്രതികരിച്ചു. കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ മാരത്തണ്‍ മല്‍സരം പൂര്‍ത്തിയാക്കിയശേഷം ബോധരഹിതയായ ജയ്ഷ മൂന്നുമണിക്കൂറിനുശേഷമാണ് സാധാരണനിലയിലെത്തിയത്. തുടര്‍ന്ന് ശാരീരികമായി തളര്‍ന്ന ജയ്ഷയ്ക്ക് എച്ച്1 എന്‍1 പനി ബാധിച്ചു. മോശമായ ആരോഗ്യസ്ഥിതി വീണ്ടെടുക്കാനാണ് തൊടുപുഴയില്‍ ചികില്‍സയ്‌ക്കെത്തിയത്.
ജയ്ഷ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് കഴിഞ്ഞ ദിവസം കായികമന്ത്രിക്ക് സമിതി നല്‍കിയിരുന്നു. ഇതിനെതിരേയാണ് ജയ്ഷ രംഗത്തെത്തിയത്. സമിതി തന്നില്‍നിന്നു വിവരം ശേഖരിച്ചത് മൊബൈല്‍ ഫോണിലൂടെയും ഇ-മെയിലിലൂടെയുമാണ്. മെയിലില്‍ അഞ്ച് ചോദ്യങ്ങള്‍ ചോദിച്ചു. ഇതിനു മറുപടിയും നല്‍കി. ആശുപത്രിയില്‍ കിടന്ന തന്റെയടുക്കല്‍ എത്താന്‍ സമിതി തയ്യാറായിട്ടില്ലെന്നും ജയ്ഷ പറഞ്ഞു.
കായികമന്ത്രാലയ ജോയിന്റ് സെക്രട്ടറി ഓംകാര്‍ കേദിയ, ഡയറക്ടര്‍ വിവേക് നാരായണ്‍ എന്നിവരടങ്ങിയ രണ്ടംഗ റിപോര്‍ട്ട് നല്‍കിയത്. എന്നാല്‍, മാരത്തണില്‍ ഓരോ അഞ്ചു കിലോമീറ്ററിലും കുടിക്കാനായി വെള്ളം ക്രമീകരിച്ചിരുന്നതായും ജയ്ഷ വേണ്ടെന്നു പറഞ്ഞതിനാലാണ് നല്‍കാതിരുന്നതെന്നുമാണ് റിപോര്‍ട്ട്. എന്നാല്‍, അഞ്ചു കിലോമീറ്ററില്‍ മറ്റുള്ള രാജ്യങ്ങളിലെ മല്‍സരാര്‍ഥികള്‍ക്ക് ഊര്‍ജപാനീയം ക്രമീകരിച്ചിരുന്നു. ഇവിടെനിന്നു വെള്ളം കുടിക്കാന്‍ ശ്രമിച്ചാല്‍ മല്‍സരത്തില്‍നിന്നു പുറത്താക്കണമെന്നാണ് ഒളിംപിക്‌സ് കമ്മിറ്റി തീരുമാനം. അതുകൊണ്ടാണ് വെള്ളം കുടിക്കാഞ്ഞത്. എന്നാല്‍, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഒരു സ്ഥലത്തുപോലും വെള്ളം കുടിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയില്ലെന്ന വാദത്തില്‍ ജയ്ഷ ഉറച്ചുനില്‍ക്കുകയാണ്.
ഒളിംപിക്‌സില്‍ മരത്തണില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ യോഗം തലേദിവസം ചേര്‍ന്നിരുന്നു. തന്നെ മാരത്തണില്‍ പരിശീലിപ്പിച്ച റഷ്യന്‍ കോച്ച് ഡോ. നികോളായ് ആ യോഗത്തില്‍ ഇന്ത്യന്‍ താരങ്ങളെ പങ്കെടുപ്പിച്ചില്ല. ഇതിനുശേഷം ഇന്ത്യന്‍ താരങ്ങള്‍ക്കായി നടത്തിയ മീറ്റിങിലും തന്നെ പങ്കെടുപ്പിക്കാന്‍ സമ്മതിച്ചിരുന്നില്ല. ഈ മീറ്റിങുകളിലാണ് വെള്ളവും ഊര്‍ജപാനീയങ്ങളും ക്രമീകരിക്കാനുള്ള സൗകര്യം ഒരോ രാജ്യങ്ങള്‍ക്കായും ഒരുക്കേണ്ട തീരുമാനമെടുത്തത്. അവിടെ എന്താണു സംഭവിച്ചതെന്നു തങ്ങള്‍ക്കറിയില്ലെന്നും ജയ്ഷ പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക