|    Apr 19 Thu, 2018 7:10 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മനോരോഗിയെ തീവ്രവാദിയാക്കല്‍: മാധ്യമങ്ങളുടെ ശ്രമം പാളി

Published : 30th July 2016 | Posted By: SMR

കബീര്‍ എടവണ്ണ

ദുബയ്: വിമാനത്തില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച യാത്രക്കാരനെ മുസ്‌ലിം തീവ്രവാദിയാക്കാനുള്ള ഏതാനും മാധ്യമങ്ങളുടെ ശ്രമം പാളി. കണ്ണൂര്‍ പാനൂര്‍ കടവത്തൂര്‍ സ്വദേശി ഇസ്മയില്‍ എന്ന 21കാരനെതിരെയാണ് മാധ്യമങ്ങള്‍ ഐഎസ് തീവ്രവാദിയാണന്ന് വാര്‍ത്ത നല്‍കിയത്.
ഈ യാത്രക്കാരന്റെ ഭീഷണിയെ തുടര്‍ന്ന് ദുബയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ഇന്‍ഡിഗോ വിമാനം മുംബൈയില്‍ അടിയന്തരമായി നിലത്തിറക്കിയെന്ന് ആദ്യം വാര്‍ത്ത നല്‍കിയത് ലൗ ജിഹാദ് എന്ന തീവ്രവാദ ഹിന്ദു വിഭാഗങ്ങളുടെ കള്ളക്കഥ പ്രചരിപ്പിച്ച കോട്ടയം പ്രസിദ്ധീകരണമാണ്. മലയാളിയായ കൊടും തീവ്രവാദിയെ കുറിച്ചുള്ള വാര്‍ത്ത പിന്നീട് മറ്റു മാധ്യമങ്ങളും നല്‍കി.
വിമാനത്തിനകത്തു നിന്നുള്ള ശരിയായ വിവരങ്ങള്‍ അറിയും മുമ്പ് തന്നെ കള്ളക്കഥകള്‍ പ്രചരിപ്പിക്കാനായിരുന്നു ശ്രമം. ദുബയ് അല്‍ ഖൂസിലെ ഒരു മിനി മാര്‍ട്ടില്‍ നാല് വര്‍ഷമായി ജോലി നോക്കുന്ന ഇസ്മയില്‍ കാലിലെ വേരിക്കോസിസ് ഞരമ്പുകള്‍ ഇടയ്ക്കിടെ പൊട്ടുന്നതിനെ തുടര്‍ന്ന് നാല് തവണ ചികില്‍സയ്ക്കായി നാട്ടിലെത്തിയിരുന്നതായി മൂത്ത സഹോദരന്‍ മുഹമ്മദ് പറഞ്ഞു. ഈ രോഗത്തിന് പലതരം മരുന്നുകളും സ്ഥിരമായി കഴിക്കുന്നുണ്ട്. രണ്ടര വയസ്സുള്ളപ്പോഴാണ് മാതാവ് മരിച്ചത്. ഈയിടെ ജോലിയിലും താമസ സ്ഥലത്തും മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ദുബയില്‍ തന്നെ ജോലി ചെയ്യുന്ന ഷമീര്‍ ചികില്‍സയ്ക്കായി നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. മുംബൈ വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ മനോരോഗിയാണന്ന് വ്യക്തമായി.
തുടര്‍ന്ന് മുംബൈയിലെ ചൗപ്പാത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്മയിലിനെ കൂട്ടാനും ചികില്‍സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുമായി സുഹൃത്തുക്കളെ കൂട്ടി പോയ മുഹമ്മദ് വിമാനം മുംബൈയിലേക്ക് തിരിച്ച് വിട്ട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് പോലിസ് വീട് റെയ്ഡ് നടത്തി തന്റെ മകളുടെ ലാപ്‌ടോപ് പോലും എടുത്ത് കൊണ്ടുപോയ വിവരം അറിയുന്നത്. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍വച്ച് ഒരു തമിഴന്‍ അധ്യാപികയെ കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ രക്ഷിച്ചതിന് കേരള പോലിസ് ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസില്‍ നിന്ന് പ്രത്യേക പുരസ്‌കാരം ലഭിച്ച വ്യക്തിയാണ് മുഹമ്മദ്.
ഈ യാത്രക്കാരന്‍ തന്റെ അസുഖം ഉന്‍മാദ രൂപത്തില്‍ പ്രകടിപ്പിച്ചതായാണ് മനസ്സിലാവുന്നതെന്ന് അജ്മാന്‍ മെട്രോ മെഡിക്കല്‍ സെന്ററിലെ സൈക്ക്യാട്രിസ്റ്റും തിരുവനന്തപുരം സ്വദേശിയുമായ ഡോ. രാജീവ് പറഞ്ഞു.
രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞാലും പഞ്ചസാരയുടെ തോത് താളം തെറ്റിയാലും ഇത്തരത്തില്‍ വിഭ്രാന്തി പ്രകടിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള ലോക സാഹചര്യത്തില്‍ സമൂഹത്തെ ഭയപ്പെടുത്താതെ മാധ്യമങ്ങള്‍ ശരിയായി മനസ്സിലാക്കി വാര്‍ത്ത നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസം മുമ്പ് ദുബയില്‍ നിന്നും അമൃതസറിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ ഗ്രൗണ്ട് ജീവനക്കാരുടെ അബദ്ധം കാരണം ബോര്‍ഡിങ് പാസ് എടുത്ത ഇന്തോനീസ്യന്‍ യാത്രക്കാരിയെ കയറ്റാതെ ലഗേജ് മാത്രം കൊണ്ടുപോയി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. വിമാന ജോലിക്കാരുടെ അബദ്ധം പോലും മുസ്‌ലിം യാത്രക്കാരിയുടെ ലഗേജ് പരിഭ്രാന്തി സൃഷ്ടിച്ചു എന്ന രൂപത്തിലാണ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss