|    Nov 17 Sat, 2018 5:42 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മനോരമ കൈയേറിയ ക്ഷേത്രഭൂമി തിരിച്ചുപിടിച്ചു; നടപടി 16 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍

Published : 8th August 2018 | Posted By: kasim kzm

മലപ്പുറം: മലയാള മനോരമ കുടുംബം അനധികൃതമായി കൈവശം വച്ച മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ 400 എക്കര്‍ ഭൂമി തിരിച്ചുപിടിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ആര്‍ഡിഒ അജീഷ് കുത്തത്തിന്റെ നേതൃത്വത്തിലാണ് സ്ഥലം അളന്നു തിട്ടപ്പെടുത്തി ക്ഷേത്ര സംരക്ഷണസമിതി ഭാരവാഹികള്‍ക്കു കൈമാറിയത്. പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞിട്ടും മനോരമ കുടുംബം കൈവശം വച്ച ക്ഷേത്രഭൂമി തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണസമിതി പ്രവര്‍ത്തകര്‍ 16 വര്‍ഷത്തോളം നടത്തിയ പ്രക്ഷോഭങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവിലാണു ഭൂമി തിരിച്ചുപിടിച്ചത്.
ചൊവ്വാഴ്ച രാവിലെയോടെ ബാലന്നൂര്‍ പ്ലാന്റേഷനിലെത്തിയ 70 ഉദ്യോഗസ്ഥരടങ്ങിയ റവന്യൂ സംഘം അഞ്ച് വിഭാഗങ്ങളായി തിരിഞ്ഞാണ് ഭൂമി അളന്നു തിട്ടപ്പെടുത്തിയത്. അതിരാവിലെ തുടങ്ങിയ ജോലികള്‍ വൈകീട്ടോടെയാണ് അവസാനിച്ചത്. പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള കോഴിക്കോട് സാമൂതിരി മാനവ വിക്രമരാജ 1943 ആഗസ്ത് 23നാണ് 786.71 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി 60 വര്‍ഷത്തെ പാട്ടത്തിന് തിരുവല്ല കടപ്പുറം മുറിയില്‍ തയ്യില്‍ മാമ്മന്‍ മകന്‍ ചെറിയാന് നല്‍കിയത്. റബര്‍, കാപ്പി, തേയില തുടങ്ങിയ കാര്‍ഷികവിളകള്‍ കൃഷി ചെയ്യാനായിരുന്നു ഭൂമി. ആദ്യ 30 വര്‍ഷം പ്രതിവര്‍ഷം 350 രൂപ പ്രകാരവും പിന്നീടുള്ള 30 വര്‍ഷം പ്രതിവര്‍ഷം 500 രൂപയുമായിരുന്നു പാട്ടവ്യവസ്ഥ.
പാട്ടക്കാലാവധി അവസാനിക്കുന്ന 2003 ആഗസ്ത് 25നു ശേഷം പാട്ടക്കാര്‍ക്ക് ഭൂമിയില്‍ അവകാശമുണ്ടാവില്ലെന്നും മൂന്നുവര്‍ഷം തുടര്‍ച്ചയായി പാട്ടമടയ്ക്കുന്നത് ലംഘിച്ചാല്‍ കരാര്‍ ദുര്‍ബലമാവുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. കാലക്രമേണ ഭൂമിയുടെ അവകാശം മലയാള മനോരമ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യ എസ്‌റ്റേറ്റിനായി. എന്നാല്‍, 1974 വരെ പാട്ടസംഖ്യ അടച്ച യങ് ഇന്ത്യ എസ്‌റ്റേറ്റ് പണമടയ്ക്കാതെ ഭൂമി സ്വന്തമാക്കാനുള്ള കുറുക്കുവഴികള്‍ തേടി. ഭൂമിയുടെ പേരില്‍ സ്വന്തമായി കരമടച്ച് പട്ടയത്തിനു നല്‍കിയ അപേക്ഷ 1978ല്‍ തള്ളി.
ഇതിനിടയില്‍ 400 ഏക്കറോളം സ്ഥലം അനധികൃതമായി വിറ്റഴിക്കുകയും ബാക്കിയുള്ള ഭൂമി നിരവധി തവണ കൈമാറ്റം നടത്തി ബാലന്നൂര്‍ പ്ലാന്റേഷന്‍ എന്ന കമ്പനിക്ക് കീഴിലും കൊണ്ടുവന്നു. കരാര്‍ വ്യവസ്ഥ പാലിക്കാത്തതിനാല്‍ കാലാവധിക്കുശേഷം കരാര്‍ പുതുക്കരുതെന്നാവശ്യപ്പെട്ട് 2002ല്‍ ക്ഷേത്ര സംരക്ഷണസമിതി പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന് പരാതി നല്‍കി.
2003ല്‍ അദ്ദേഹം നേരിട്ട് പ്രക്ഷോഭങ്ങള്‍ക്കു പിന്തുണ നല്‍കി. ക്ഷേത്ര ഭാരവാഹികള്‍ ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെ 2008ല്‍ ഭൂമിയില്‍നിന്ന് കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഏറനാട് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss