|    Mar 23 Thu, 2017 4:01 pm
FLASH NEWS

മനോജ് വധം: പി ജയരാജന്റെ കസ്റ്റഡിഹരജി ഇന്ന് പരിഗണിക്കും

Published : 23rd February 2016 | Posted By: swapna en

തലശ്ശേരി: മനോജ് വധക്കേസില്‍ സിബിഐ അന്വേഷണസംഘം പ്രതിചേര്‍ത്ത പി ജയരാജനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഇന്ന് ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. കഴിഞ്ഞ 18ന് ഹരജി പരിഗണിച്ച കോടതി, ജയരാജന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ റിപോര്‍ട്ട് നല്‍കണമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ കോടതിക്ക് റിപോര്‍ട്ട് നല്‍കി. ഇന്നലെ ഉച്ചയോടെയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ ആരോഗ്യ പുരോഗതി റിപോര്‍ട്ട് ജഡ്ജിക്ക് സമര്‍പ്പിച്ചത്. ജയരാജന് നിലവില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന 18ന് ഫാക്‌സ് വഴി നല്‍കിയ മെഡിക്കല്‍ റിപോര്‍ട്ടിന് സമാനമായാണ് ഇന്നലെയും റിപോര്‍ട്ട് നല്‍കിയതെന്നാണ് അറിയുന്നത്. ആരോഗ്യാവസ്ഥയില്‍ ഗുണകരമായ പുരോഗതി ഉണ്ടെന്നും അതിനാല്‍ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണെന്നും റിപോര്‍ട്ടിലുണ്ടെന്നാണ് സൂചന. കഴിഞ്ഞ 18ന് ആരോഗ്യാവസ്ഥ വിശദമായി പരിശോധിച്ചുള്ള മെഡിക്കല്‍ റിപോര്‍ട്ട് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് ഫാക്‌സ് വഴി നല്‍കിയിരുന്നു. ജയരാജന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ട് നല്‍കിയത്. ന്യൂറോ, ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, ഫിസിക്കല്‍ മെഡിസിന്‍, ഹൃദ്‌രോഗ വിദഗ്ധര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡാണ് പി ജയരാജനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം റിപോര്‍ട്ട് നല്‍കിയത്. ദീര്‍ഘകാലം ഹൃദ്‌രോഗത്തിന് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ജയരാജന്‍ വിവിധ ഘട്ടങ്ങളില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമായിട്ടുണ്ടെന്നും റിപോര്‍ട്ടിലുണ്ടായിരുന്നു. മനോജ് വധക്കേസില്‍ 12ന് കോടതിയില്‍ കീഴടങ്ങിയ പി ജയരാജനെ മാര്‍ച്ച് 11 വരെ റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡിലായ ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സയില്‍ കഴിയുകയാണ്. ഗുരുതര ആരോഗ്യ പ്രശന്ങ്ങള്‍ പി ജയരാജന്‍ അനുഭവിക്കുന്നണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കരുതെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഡ്വ. കെ വിശ്വന്‍ കോടതിയില്‍ വാദിച്ചിരുന്നു.

(Visited 43 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക