|    Mar 26 Sun, 2017 7:14 am
FLASH NEWS

മനു വധം; തെളിവെടുപ്പു പൂര്‍ത്തിയാക്കി പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും

Published : 18th October 2016 | Posted By: Abbasali tf

ചങ്ങനാശ്ശേരി: മനു വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ തെളിവെടുപ്പു പൂര്‍ത്തിയാക്കി ഇന്നു കോടതിയില്‍ ഹാജരാക്കി സബ്ജയിലിലേക്ക് അയയ്ക്കും. അഞ്ചു ദിവസത്തേക്കു കസ്റ്റഡിയില്‍ വാങ്ങിയ ഇവരെ കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയില്‍ എത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടായിരിക്കും ഇന്നു കോട്ടയത്തു തെളിവെടുപ്പു നടത്തുക. കൊലപാതകത്തിനു ശേഷം കോട്ടയത്തെത്തി തങ്ങിയ പ്രതികളില്‍ ഒരാളായ ഷെമീറിന്റെ ബന്ധുവീട്ടിലും പ്രതികളില്‍ ഒരാള്‍ക്ക് 5,000 രൂപ നല്‍കിയ സ്ത്രീയുടെ അടുത്തും ചികില്‍സ തേടിയ ജില്ലാ ആശുപത്രിയിലും എത്തിച്ച് ഇന്നു തെളിവെടുപ്പ് നടത്തും. തുടര്‍ന്നാവും തിരികെ സബ്ജയിലിലേക്കു അയക്കുന്നത്. മനു മാത്യുവിനെ കുത്താന്‍ മുഖ്യപ്രതി സിജോ ഉപയോഗിച്ച കത്തി മറ്റൊരു പ്രതിയായ വാഴയില്‍ ഷെമീര്‍ വാടകയ്ക്കു താമസിക്കുന്ന ഫാത്തിമാപുരത്തെ വീട്ടില്‍ നിന്നു കഴിഞ്ഞ ദിവസം പോലിസ് കണ്ടെടുത്തിരുന്നു. മുന്‍ നഗരസഭാ കൗണ്‍സിലറുടെ മകനാണ് ഷെമീര്‍. നിരവധി ഗുണ്ടാ സംഘങ്ങളുമായി ഇയാള്‍ക്കു ബന്ധമുള്ളതായി പോലിസ് സംശയിക്കുന്നു. ആ ബന്ധത്തിലൂടെയാണ്് സിജോയുമായി ഇയാളെ അടുപ്പിച്ചത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് സിജോയുടെ വീട്ടിലെത്തിയ ഷെമീറിന്റെ കൈവശമിരുന്ന പ്രത്യേക ആകൃതിയിലുള്ള കത്തി സിജോ കാണുകയും അത് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ കത്തി പിതാവ് ഷാനിയുടേതാണെന്നു ഷെമീര്‍ പോലിസിനുമൊഴി നല്‍കിയിട്ടുണ്ട്. കത്തി സ്വന്തമായി ലഭിച്ച നാള്‍ മുതല്‍ സിജോ എപ്പോഴും ഇതു കൈയില്‍ സൂക്ഷിച്ചിരുന്നതായും പറയുന്നു. എന്നാല്‍ കഴിഞ്ഞദിവസം പോലിസ് ചോദ്യം ചെയ്യലില്‍ ആരാണ് കുത്തിയതെന്നും സംഭവത്തെക്കുറിച്ചും തനിക്കൊന്നുമറിയില്ലെന്നുമാണ്് പ്രതികളില്‍ ഒരാളായ തൃക്കൊടിത്താനം ഗാമപ്പഞ്ചായത്തംഗം നിഥിന്‍ ആലുമ്മൂട്ടില്‍ പോലിസിനോട് പറഞ്ഞത്. ഷെമീറിനെ കോട്ടയത്തുനിന്നു വിളിച്ചുവരുത്തിയതും  കാറില്‍ രക്ഷപ്പെടാന്‍ സഹായിച്ചതും നിഥിനായിരുന്നു. ഗൂഢാലോചന, അക്രമസംഭവം മറച്ചുവക്കല്‍, പ്രതികള്‍ രക്ഷപ്പെടാന്‍ സഹായിക്കല്‍, ജനപ്രതിനിധിയെന്ന നിലയില്‍ കുറ്റകൃത്യം  തടയാതിരുന്നത് തുടങ്ങിയ കുറ്റങ്ങളാണ്  പഞ്ചായത്തംഗമായ നിഥിനെതിരേ ചുമത്തിയിട്ടുള്ളത്. സംഭവത്തിനുശേഷം പ്രതികളുടെ ഫോണില്‍ നിന്നുള്ള മുഴുവന്‍ വിളികളും പോലിസ് പരിശോധിക്കുന്നുണ്ട്.

(Visited 28 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക