|    Jan 24 Tue, 2017 2:29 am

മനുസ്മൃതിയുടെ കാവല്‍ഭടന്‍മാര്‍

Published : 21st September 2016 | Posted By: mi.ptk

കാരാട്ട് കാണാത്ത ഫാഷിസം-2
 ശംസുല്‍ ഇസ്‌ലാം
ലോകത്ത് വംശീയമല്ലാത്തതെല്ലാം കൊള്ളരുതാത്തതാണെന്നാണ് ഹിറ്റ്‌ലര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതുതന്നെയാണ് ജാതിയെപ്പറ്റിയുള്ള ഹിന്ദുത്വരുടെ വിശ്വാസവും. ഹിന്ദുത്വവും ഹിന്ദു ദേശീയതയും സമാനമാണെന്നാണ് അവര്‍ പ്രഖ്യാപിക്കുന്നത്. 1966ല്‍ പ്രസിദ്ധീകരിച്ച ഗോള്‍വാള്‍ക്കറുടെ ഗ്രന്ഥത്തില്‍ പറയുന്നത് ബ്രാഹ്മണര്‍ ശിരസ്സും ക്ഷത്രിയര്‍ കൈകളും വൈശ്യര്‍ തുടകളും ശൂദ്രര്‍ കാലുകളുമാണെന്നാണ്. ”ജനങ്ങളില്‍ ഈ നാല് വിഭാഗവുമുണ്ടെന്നാണ് ഇതിനര്‍ഥം. അതായത്, ഹിന്ദുസമുദായത്തിലെ ജനങ്ങളാണ് ദൈവം. ദൈവത്തെ ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന വീക്ഷണം നമ്മുടെ രാഷ്ട്രം എന്ന ആശയത്തിന്റെ കേന്ദ്രബിന്ദുവാണ്. നമ്മുടെ ചിന്ത വിപുലീകരിക്കുന്നതും നമ്മുടെ സാംസ്‌കാരിക പൈതൃകത്തിലെ ഏകത്വം എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്നതുമാണത്”- ഗോള്‍വാള്‍ക്കര്‍ ചൂണ്ടിക്കാട്ടുന്നു. ശൂദ്രരുടെ ജോലി മറ്റു മൂന്ന് ജാതിക്കാരെയും വിനയത്തോടുകൂടി പരിചരിക്കുക എന്നതാണെന്ന് മനുസ്മൃതിയുടെ ഒന്നാം അധ്യായത്തിലെ 91ാം ശ്ലോകത്തില്‍ വിധിക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി പാസാക്കിയപ്പോള്‍ ആര്‍എസ്എസ് അതു സ്വീകരിച്ചിരുന്നില്ല. മനുസ്മൃതി ഭരണഘടനയായി പ്രഖ്യാപിക്കണമെന്നായിരുന്നു സവര്‍ക്കര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം സഖാവ് കാരാട്ട് മനസ്സിലാക്കിയിട്ടില്ല. യൂറോപ്പില്‍ ജൂതന്‍മാര്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കുമെതിരേ ഫാഷിസം നടത്തിയ ആക്രമണങ്ങളേക്കാള്‍ കടുത്ത രോഷമാണ് ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരേ ആര്‍എസ്എസ് പ്രകടിപ്പിച്ചത്. ശൂദ്രന്‍മാരെയും സ്ത്രീകളെയും രണ്ടാംതരം മനുഷ്യരായിട്ടാണ് മനുസ്മൃതി കാണുന്നത്. വേദങ്ങള്‍ കഴിഞ്ഞാല്‍ ഹിന്ദുത്വ സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കര്‍ പുണ്യഗ്രന്ഥമായി പരിഗണിക്കുന്ന മനുസ്മൃതിയില്‍ ഒരുവട്ടമെങ്കിലും കണ്ണോടിക്കാന്‍ സഖാവ് കാരാട്ട് തയ്യാറാവണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ശൂദ്രനായി പിറന്ന ഒരാള്‍ ഒരു സവര്‍ണനെതിരേ അപവാദം പ്രചരിപ്പിക്കുകയോ നിന്ദിക്കുകയോ ചെയ്താല്‍ അയാളുടെ നാവറുക്കണം (ഢകകക/270), സവര്‍ണനെ അവജ്ഞയോടെ ജാതിപറഞ്ഞ് വിളിച്ചാല്‍ 10 വിരല്‍ നീളമുള്ള ഇരുമ്പാണി പഴുപ്പിച്ച് ശൂദ്രന്റെ വായില്‍ തിരുകിക്കയറ്റണം. (ഢകകക/271), ബ്രാഹ്മണരെ അവരുടെ ചുമതലയെപ്പറ്റി പഠിപ്പിച്ചാല്‍ അയാളുടെ വായിലും ചെവിയിലും തിളച്ച എണ്ണ ഒഴിക്കണം (ഢകകക/272), കാലുകൊണ്ട് മേല്‍ജാതിക്കാരെ തൊഴിച്ചാല്‍ ആ കാല് മുറിക്കണം (ഢകകക/280), ഉയര്‍ന്ന ജാതിക്കാരന്റെ ഇരിപ്പിടത്തില്‍ ശൂദ്രന്‍ ഇരുന്നാല്‍ അവന്റെ ചന്തി തകര്‍ക്കണം (ഢകകക/281) തുടങ്ങി നിരവധി നിയമങ്ങളാണ് ശൂദ്രര്‍ക്കെതിരേ മനുസ്മൃതിയിലുള്ളത്. അതേസമയം, സമാന തെറ്റുകള്‍ ചെയ്ത സവര്‍ണര്‍ക്കെതിരേ വളരെ സൗമ്യമായ നടപടികള്‍ മാത്രമേ എടുക്കാവൂവെന്നും മനുസ്മൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എട്ടാം അധ്യായത്തിലെ 380ാം ശ്ലോകം ബ്രാഹ്മണരോടുള്ള സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതാണ്. കടുത്ത കുറ്റം ചെയ്താല്‍ ബ്രാഹ്മണരെ ഒരിക്കലും വധിക്കരുത്. അദ്ദേഹത്തെ കുറ്റവിമുക്തനാക്കി സ്വത്തുക്കളും മറ്റും വിട്ടുകൊടുക്കണമെന്നാണ് മനുസ്മൃതി അനുശാസിക്കുന്നത്. സ്ത്രീകള്‍ സദാസമയവും കുടുംബത്തിലെ പുരുഷന്‍മാരെ ആശ്രയിച്ചാണു ജീവിക്കേണ്ടത്. അവരെ ലൈംഗികമായി ഉപയോഗിക്കുകയാണെങ്കിലും ഒരു പുരുഷന്റെ നിയന്ത്രണത്തിനു കീഴിലായിരിക്കും (കത/2). ബാല്യത്തില്‍ പിതാവിന്റെയും യൗവനത്തില്‍ ഭര്‍ത്താവിന്റെയും വാര്‍ധക്യത്തില്‍ മക്കളുടെയും സംരക്ഷണത്തിലായിരിക്കും സ്ത്രീയെന്നും സ്ത്രീക്ക് സ്വാതന്ത്ര്യത്തിന് അര്‍ഹതയില്ലെന്നുമാണ് ഒമ്പതാം അധ്യായത്തിലെ 5ാം ശ്ലോകത്തില്‍ പറയുന്നത്. അവശനായ ഭര്‍ത്താവാണെങ്കിലും ഭാര്യമാരെ സംരക്ഷിക്കണമെന്നാണ് ജാതിവ്യവസ്ഥയിലെ നിബന്ധന (കത/6). സ്ത്രീയെ എല്ലാ അര്‍ഥത്തിലും പൂര്‍ണമായി സംരക്ഷിക്കാന്‍ പുരുഷന് കഴിഞ്ഞെന്നു വരില്ല. സ്വത്ത് സമ്പാദിക്കുന്നതിലും ഗാര്‍ഹിക ചെലവുകള്‍ വഹിക്കുന്നതിലും വീട് വൃത്തിയായി സൂക്ഷിക്കുന്നതിലും മതപരമായ ചടങ്ങുകള്‍ നടത്തുന്നതിലും ഭക്ഷണം തയ്യാറാക്കുന്നതിലും വീട്ടുസാമഗ്രികള്‍ സംരക്ഷിക്കുന്നതിലുമൊക്കെ സ്ത്രീകളുടെ സഹായം തേടാന്‍ പുരുഷന് അധികാരമുണ്ടെന്നും മനുസ്മൃതി കല്‍പിക്കുന്നു. രണ്ട് ഫാഷിസവും ന്യൂനപക്ഷങ്ങളെ നശിപ്പിക്കുന്നതില്‍ വിശ്വസിക്കുന്നു. ഫാഷിസത്തിന്റെ ഒന്നാം നമ്പര്‍ ശത്രു ജൂതന്‍മാരായിരുന്നു. രണ്ടാമത് കമ്മ്യൂണിസ്റ്റുകളും. ഇവരെ പൂര്‍ണമായും ഇല്ലാതാക്കുകയോ രാഷ്ട്രത്തില്‍നിന്നു പുറത്താക്കുകയോ ആയിരുന്നു അവരുടെ ലക്ഷ്യം. ഗോള്‍വാള്‍ക്കറെ സംബന്ധിച്ചിടത്തോളം ഹിന്ദു വംശീയതയ്ക്ക് മാത്രമുള്ളതാണ് ഹിന്ദുസ്ഥാന്‍. ദേശീയതയുടെ ശത്രുക്കളെയും രാജ്യദ്രോഹികളെയും ഹിന്ദുസ്ഥാനില്‍നിന്ന് പുറത്താക്കി ശുദ്ധീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ആര്‍എസ്എസിന്റെ വാക്കുകള്‍ വേദവാക്യമായാണ് അവര്‍ കരുതുന്നത്. രാജ്യത്തിന്റെ ആഭ്യന്തര ഭീഷണികളായ മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും ഒന്നും രണ്ടും മൂന്നും ശത്രുക്കളാണെന്നാണ് ആര്‍എസ്എസിന്റെ വീക്ഷണം. 1939ല്‍ പ്രസിദ്ധീകരിച്ച ‘നമ്മുടെയും നമ്മുടെ രാഷ്ട്രത്തിന്റെയും നിര്‍വചനം’ എന്ന പുസ്തകത്തില്‍ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും സ്ഥാനത്തെപ്പറ്റി അദ്ദേഹം വിവരിക്കുന്നുണ്ട്. ”നാത്‌സി ജര്‍മനിയുടെയും ഫാഷിസ്റ്റ് ഇറ്റലിയുടെയും തീവ്രപക്ഷ നിലപാടിന്റെ അനുഭവത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ വിദേശ വംശക്കാരുടെ സ്ഥാനത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. ഹിന്ദുസ്ഥാനിലെ വിദേശവംശത്തില്‍പ്പെട്ടവര്‍ ഹിന്ദു സംസ്‌കാരത്തെയും ഭാഷയെയും സ്വീകരിക്കുകയോ ഹിന്ദുമതത്തിന്റെ പവിത്രത ബഹുമാനിക്കാന്‍ പഠിക്കുകയോ വേണം. ഹിന്ദു വംശവുമായി ഇഴുകിച്ചേരാന്‍ അവരുടെ സ്വത്വം ഉപേക്ഷിക്കണം. ഹിന്ദു രാഷ്ട്രത്തിനു കീഴില്‍ ഒരവകാശവും ഉന്നയിക്കാതെ, ഒരു ആനുകൂല്യവും പ്രതീക്ഷിക്കാതെ, പൗരത്വം പോലും ആവശ്യപ്പെടാതെ അവര്‍ക്ക് ജീവിക്കാവുന്നതാണ്”- ഇങ്ങനെയാണു സവര്‍ക്കര്‍ തന്റെ പുസ്തകത്തില്‍ പറയുന്നത്. ഹിന്ദുത്വ ഫാഷിസത്തിന്റെ ഗൗരവം കുറച്ചുകാണുന്ന സഖാവ് കാരാട്ട് ഭരണഘടനാനുസൃതമായി ഈ അക്രമാസക്തമായ പ്രത്യയശാസ്ത്രം എങ്ങനെ അധികാരത്തില്‍ വന്നെന്ന് അന്വേഷിക്കണം. ലോക്‌സഭയില്‍ നേടിയ വന്‍ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണരംഗത്തും ഹിന്ദു മതഭ്രാന്തന്‍മാരുടെ ഇടപെടലുകളിലൂടെ ജനങ്ങള്‍ക്കിടയിലും പ്രവര്‍ത്തിച്ച് രാജ്യത്തെ നശിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഏതു പേരില്‍ വിശേഷിപ്പിച്ചാലും സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.

പരിഭാഷ: കോയ കുന്ദമംഗലം (അവസാനിച്ചു.)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 134 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക