|    Sep 25 Tue, 2018 8:14 pm
FLASH NEWS
Home   >  Editpage  >  Article  >  

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നേരെ

Published : 18th June 2017 | Posted By: fsq

അംബിക

രാഷ്ട്രീയ തടവുകാരെ ജയിലില്‍ സന്ദര്‍ശിക്കുന്നതുപോലും ജയിലിലടയ്ക്കപ്പെടാന്‍ കാരണമായി മാറിയിരിക്കുന്നു എന്നത് നമ്മുടെ ജനാധിപത്യം എവിടെയെത്തിയിരിക്കുന്നു എന്നതിന്റെ യഥാര്‍ഥ സൂചനയാണ്. ജനകീയ മനുഷ്യാവകാശപ്രസ്ഥാനത്തിന്റെ പ്രസിഡന്റ് സി പി റഷീദിനെയും ഹരിഹരശര്‍മയെയും കോയമ്പത്തൂര്‍ ജയിലിലടച്ചതിന് ഒരു കാരണവും ന്യായീകരണവും തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പോലിസ് ചമച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരായി കഴിയുന്ന മലയാളികളായ ഷൈനയെയും അനൂപിനെയും സന്ദര്‍ശിക്കാനാണ് സി പി റഷീദും ഹരിഹരശര്‍മയും അവിടെ പോയത്. അവര്‍ക്ക് അത്യാവശ്യമുള്ള വസ്ത്രങ്ങളും മറ്റും കൊടുക്കാനായി കരുതിയിരുന്നു. ഈ വസ്ത്രങ്ങളുടെ ഇടയില്‍ ഒളിപ്പിച്ചുവച്ച് ഡാറ്റയൊന്നുമില്ലാത്ത പെന്‍ഡ്രൈവ് കൈമാറാന്‍ ശ്രമിച്ചു എന്നാണ് പോലിസ് ആരോപിച്ചിരിക്കുന്നത്. പെന്‍ഡ്രൈവ് പോയിട്ട് ഒരു സേഫ്റ്റിപിന്‍ പോലും പോലിസിന്റെ അനുമതിയില്ലാതെ കൈമാറാനാവില്ലെന്ന് ഈ ജയിലില്‍ തടവുകാരെ കാണാനായി പോയ ഏതൊരാള്‍ക്കും അറിയാവുന്ന കാര്യമാണ്. മുമ്പൊരിക്കല്‍ ഷൈനയെ കാണാനായി അവരുടെ മകള്‍ ആമിയുടെ കൂടെ അവിടെ പോയപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ ഓര്‍മവരുകയാണ്. ഒരു ചുരിദാര്‍ അവര്‍ക്കായി കൊടുത്തപ്പോള്‍ ബോട്ടത്തിന്റെ കെട്ടുവള്ളിവരെ ഊരിമാറ്റി. ഒന്നിലേറെ പോലിസുകാര്‍ പരിശോധിച്ച് ഉറപ്പുവരുത്തി. അവര്‍ക്കത് നേരിട്ടു കൈമാറാനുള്ള അനുമതിയുമില്ല. പേരും നമ്പറുമിട്ട് കവറിലാക്കി അവിടെ ഏല്‍പിക്കാനേ കഴിയൂ. ഭക്ഷണമടക്കമുള്ള എല്ലാ സാധനങ്ങളും അങ്ങനെത്തന്നെയാണു കൈമാറുന്നത്. തടവുകാരെ വാര്‍ഡന്റെ സാന്നിധ്യത്തില്‍ കാണാമെന്നു മാത്രം. നാലടി അകലമുള്ള രണ്ട് ഗ്രില്ലുകള്‍ക്ക് അപ്പുറത്തു നില്‍ക്കുന്നവരോട് ഉച്ചത്തില്‍ സംസാരിച്ചാല്‍ പരസ്പരം കേള്‍ക്കാനുമാവും. ഇക്കാര്യങ്ങള്‍ അറിയാവുന്നവരാണ് റഷീദും ഹരിഹരശര്‍മയും. അതുകൊണ്ടുതന്നെ അവര്‍ ജയിലിലുള്ളവര്‍ക്ക് കൈമാറാനായി പെന്‍ഡ്രൈവ് കൈയില്‍ കരുതി എന്നു പോലിസ് പറയുമ്പോള്‍ അതു വിശ്വസിക്കാന്‍ കുറച്ചു പ്രയാസമുണ്ട്. പിന്നെ ജയിലിലുള്ളവര്‍ക്ക് ഒരു പത്രമോ പുസ്തകമോ ആനുകാലികമോ നല്‍കണമെങ്കില്‍തന്നെ വലിയ സെന്‍സറിങാണ്. ലാപ്‌ടോപ്പോ കംപ്യൂട്ടറോ ലഭ്യമാവുന്ന കാര്യത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ! പിന്നെയുള്ളത് ഭക്ഷണം കഴിക്കുന്ന പ്ലേറ്റും ഗ്ലാസുമാണ്. ഇരിക്കാനോ കിടക്കാനോപോലും സൗകര്യമില്ലാത്തിടത്ത് ഈ പെന്‍ഡ്രൈവ് കൊണ്ട് എന്താണാവോ പ്രയോജനം? പോലിസ് കള്ളക്കേസ് ചമയ്ക്കുമ്പോള്‍ അതിനും വേണ്ടെ ഒരു വിശ്വാസ്യത? എന്നാലല്ലേ ജനങ്ങളെയും കോടതിയെയുമൊക്കെ വിശ്വസിപ്പിക്കാനാവൂ? എന്തായാലും ഒരു കാര്യം ഉറപ്പാണ്. സി പി റഷീദ് നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ പോലിസിന് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അലോസരങ്ങള്‍ ചെറുതല്ല. കേരളത്തില്‍ ഏതൊരു മനുഷ്യാവകാശലംഘനം നടക്കുമ്പോഴും നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നവരാണ് ഇവര്‍. മാവോവാദികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാര്‍ക്ക് നിയമസഹായം ലഭ്യമാക്കുകയും കേസുകള്‍ നടത്താന്‍ സഹായിക്കുകയും ചെയ്യുന്ന സി പി റഷീദിനെ ജയിലിലടച്ചതിനു മറ്റു കാരണങ്ങളൊന്നും വേറെ അന്വേഷിക്കേണ്ടതില്ല. മനുഷ്യാവകാശ പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ ഭരണകൂടം നടത്തുന്ന നീക്കങ്ങളില്‍ ഒടുവിലത്തേതാണ് ഇവരുടെ അറസ്റ്റ്. മനുഷ്യാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും ‘വൈറ്റ്‌കോളര്‍ മാവോയിസ്റ്റുകള്‍’ എന്നു മുദ്രകുത്തിക്കൊണ്ട് ശക്തമായി അടിച്ചമര്‍ത്തുക എന്ന കേന്ദ്രസര്‍ക്കാരിന്റെ അജണ്ട നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്.മാസങ്ങള്‍ക്കു മുമ്പ് മധുര കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്ന അഡ്വ. മുരുകനെ മാവോവാദിയാണെന്നാരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. മാവോവാദികള്‍ അടക്കമുള്ള രാഷ്ട്രീയ തടവുകാരുടെ കേസുകളില്‍ അവര്‍ക്കു വേണ്ടി ഹാജരായതാണ് മുരുകനെ അറസ്റ്റ് ചെയ്യാന്‍ കാരണമായത്. അദ്ദേഹത്തിന്റെ തടവ് ഇപ്പോഴും തുടരുകയാണ്. മറുഭാഗം കേള്‍ക്കുക എന്നത് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാണ്. പ്രതിക്ക് തനിക്കെതിരേയുള്ള കുറ്റാരോപണം നിഷേധിക്കാനും പ്രതിരോധിക്കാനും തന്റെ ഭാഗം അവതരിപ്പിക്കാനുമുള്ള അവകാശം മൗലികാവകാശമാണ്. എന്നാല്‍, ഈ അവകാശത്തെ തത്ത്വത്തില്‍ അംഗീകരിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും പ്രവൃത്തിയില്‍ നിഷേധിക്കുന്ന സമീപനമാണ് രാഷ്ട്രീയ തടവുകാരുടെ കാര്യത്തില്‍ ഭരണകൂടം സ്വീകരിച്ചുവരുന്നത്.    മനുഷ്യാവകാശപ്രവര്‍ത്തകരെയും പൊതുപ്രവര്‍ത്തകരെയും കള്ളക്കേസുകള്‍ ചുമത്തി ജയിലിലടച്ച് സമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്തിക്കൊണ്ട് നീതിക്കായുള്ള അവരുടെ പോരാട്ടങ്ങളെ ഇല്ലാതാക്കാമെന്നത് ഭരണകൂട വ്യാമോഹം മാത്രമാണ്. സി പി റഷീദിനെയും ഹരിഹരശര്‍മയെയും കള്ളക്കേസ് ചുമത്തി ജയിലിലടച്ച തമിഴ്‌നാട് പോലിസിന്റെ നടപടിയില്‍ ജനകീയ മനുഷ്യാവകാശപ്രസ്ഥാനം സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss