|    Nov 14 Wed, 2018 12:03 am
FLASH NEWS

മനുഷ്യാവകാശ കമ്മീഷന് പരാതിയുമായി 12 കുടുംബങ്ങള്‍

Published : 16th December 2015 | Posted By: SMR

കാസര്‍കോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അനുവദിച്ച ഭൂമിക്ക് വേണ്ടി നാല് വികലാംഗരുള്‍പ്പെടെ 12 കുടുംബങ്ങള്‍ പരാതിയുമായി മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി.
മഞ്ചേശ്വരം താലൂക്കിലെ കുമ്പള ബംബ്രാണ വില്ലേജില്‍ സര്‍വേ നമ്പര്‍ 154/1 ല്‍ 2014 ല്‍ ഫെബ്രുവരിലാണ് വികലാംഗരായ നാല് പേര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ഭൂമി അനുവദിച്ചത്. മാസങ്ങള്‍ ശേഷം പട്ടയഭൂമി കുടുംബങ്ങള്‍ക്ക് അളന്നു നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ നാട്ടുകാരെന്ന് പറഞ്ഞ് ചിലര്‍ തടയുകയായിരുന്നു.
പിന്നീട് പലതവണ ഭൂമിക്ക് വേണ്ടി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയ ഇവര്‍ ഈ സ്ഥലത്ത് കുടിലുകള്‍ കെട്ടുകയും ചെയ്തു. ആ കുടിലുകള്‍ ഒരു സംഘം രാത്രിയുടെ മറവില്‍ തകര്‍ത്തിരുന്നു.
പോലിസില്‍ പരാതി നല്‍കിയെങ്കിലും ഇവര്‍ക്കെതിരെ നടപടി എടുത്തില്ല. തുടര്‍ന്ന് വിഷയത്തില്‍ കലക്ടര്‍ ഇടപെടുകയും മറ്റൊരു ഭൂമി ഇവര്‍ക്ക് അളന്നുകൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഈ ഭൂമി അളന്നു നല്‍കുന്നതിനെതിരെയും നാട്ടുകാരും ക്ഷേത്രകമ്മിറ്റിക്കാരും രംഗത്ത് വന്നതോടെ ഇവര്‍ക്ക് ഭൂമി ലഭിക്കാതെ വന്നിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ആദ്യം നല്‍കിയ ഭൂമി തന്നെ അളന്ന് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ചിലരുടെ താല്‍പര്യം സംരക്ഷിക്കാനായി കുമ്പള പഞ്ചായത്ത് അധികൃതര്‍ ഭൂമി നല്‍കാനാവില്ലെന്നും അത് പഞ്ചായത്തിന്റെ വികസന കാര്യങ്ങള്‍ക്കായി നീക്കിവച്ച സ്ഥലമാണെന്നും അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് വികലാംഗര്‍ ഉള്‍പ്പെടുന്ന 12 കുടുംബങ്ങള്‍ ഇന്നലെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങില്‍ പരാതിയുമായി എത്തിയത്. 2014 ഫെബ്രുവരിയില്‍ ബംബ്രാണ വില്ലേജിലെ ചൂരിത്തടുക്കയില്‍ 12 കുടുംബങ്ങള്‍ക്കായി 36 സെന്റ് ഭൂമിയാണ് അനുവദിച്ചത്. ഒന്നര വര്‍ഷം മുമ്പ് മുഖ്യമന്ത്രി പങ്കെടുത്ത ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ഉദ്ഘാടന വേദിയില്‍ വച്ചാണ് ഇവര്‍ക്ക് പട്ടയം നല്‍കിയത്.
ഈ ഭൂമി റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഭൂമി ആരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിനും അങ്കണവാടിക്ക് വേണ്ടിയും പഞ്ചായത്ത് നീക്കിവച്ചതാണെന്ന് പഞ്ചായത്ത് അധികൃതര്‍ അവകാശപ്പെടുന്നു. അതേ സമയം സാമ്പത്തിക ശേഷിയുള്ള വന്‍കിടകളാണ് ഈ ഭൂമിക്ക് സമീപം താമസിക്കുന്നത്.
12 ഓളം കുടുംബങ്ങള്‍ വീട് വച്ച് താമസിച്ചാല്‍ തങ്ങളുടെ വീടുകളുടെ ഭംഗി കുറയുമെന്ന് കരുതി ഇവരെ ഒഴിവാക്കാന്‍ പഞ്ചായത്ത് അധികരെ സ്വാധീനിച്ച് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് തങ്ങള്‍ക്ക് സ്ഥലം അനുവദിച്ച് തരാതിരിക്കുന്നതെന്ന് വികലാംഗയായ ആസ്യമ്മ പറയുന്നു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ആരംഭിക്കുന്ന ഘട്ടത്തില്‍ വില്ലേജ് ഓഫിസര്‍മാര്‍ പരിശോധിച്ച് അളന്ന് തിട്ടപ്പെടുത്തിയാണ് ഗുണഭോക്തക്കള്‍ക്കായി പട്ടയം തയ്യാറാക്കിയത്. ഇത്തരത്തില്‍ പതിച്ചുകൊടുക്കാന്‍ യോഗ്യമായ ഭൂമിയാണെന്ന് റിപോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി പതിച്ചു നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss