|    Nov 17 Sat, 2018 8:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മനുഷ്യാവകാശപ്രവര്‍ത്തകരുടെ അറസ്റ്റ്: രാജ്യത്ത് വ്യാപക പ്രതിഷേധം

Published : 31st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ പൂനെയില്‍ ഭീമ കൊരേഗാവ് അനുസ്മരണച്ചടങ്ങിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പോലിസ് മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപക പ്രതിഷേധം. വിവിധ മനുഷ്യാവകാശ, രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് ജന്തര്‍മന്ദറില്‍ വന്‍ പ്രതിഷേധ ധര്‍ണകള്‍ നടന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. എസ്ഡിപിഐ ഡല്‍ഹി ഘടകത്തിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രതിഷേധധര്‍ണ നടന്നു.ചൊവ്വാഴ്ചയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ അഞ്ച് മനുഷ്യാവകാശപ്രവര്‍ത്തകരെ മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്തത്. ഭീമ കൊരേഗാവ് സംഭവത്തില്‍ ബന്ധമുണ്ടെന്ന ആരോപണത്തിനു പുറമെ പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നും മാവോവാദി ബന്ധവും ആരോപിച്ചായിരുന്നു അറസ്റ്റ്.
സംഭവവുമായി ബന്ധപ്പെട്ട് മീ ടു അര്‍ബന്‍ നക്‌സല്‍’എന്ന പേരില്‍ ട്വിറ്ററില്‍ നടക്കുന്ന ഹാഷ് ടാഗ് കാംപയിനില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്. ചലച്ചിത്രകാരനും ബിജെപി അനുഭാവിയുമായ വിവേക് അഗ്‌നിഹോത്രി അര്‍ബന്‍ നക്‌സല്‍ എന്ന പ്രയോഗത്തെ പ്രതിരോധിക്കുന്നവരുടെ പട്ടിക തയ്യാറാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. തുടര്‍ന്ന് മീ ടു അര്‍ബന്‍ നക്‌സല്‍’എന്ന ഹാഷ്ടാഗുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തി. ഞാനും നക്‌സലാണ് എന്നേയും അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞുകൊണ്ടാണ് ഹാഷ്ടാഗ് കാംപയിന്‍ പുരോഗമിക്കുന്നത്.
മനുഷ്യാവകാശപ്രവര്‍ത്തകരുടെ അറസ്റ്റിനെതിരേ പ്രതിഷേധവുമായി രാഷ്ട്രീയപ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞു. അറസ്റ്റിലായവരില്‍ ചിലരെ വ്യക്തിപരമായി അറിയാമെന്നും ഇവരാരും നക്‌സലുകള്‍ അല്ലെന്നും പവാര്‍ പറഞ്ഞു. ആരെയും വധിക്കുന്നതിന് ഇവര്‍ പദ്ധതിയിടുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യം ഏകാധിപത്യത്തിലേക്ക് ചുവടുവയ്ക്കുകയാണെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss