|    Jan 24 Tue, 2017 6:35 am

മനുഷ്യാവകാശത്തിന്റെ പ്രതിനിധി

Published : 12th December 2015 | Posted By: G.A.G

slug sherif   നാട്ടില്‍ നാം ഇപ്പോള്‍ കാണുന്ന പല നിയമാനുകൂല്യങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ച ഒരു മഹദ്‌വ്യക്തിയുടെ 11ാം ചരമദിനം ഇന്ന് ആരും ഓര്‍ക്കാതെ കടന്നുപോവുകയാണ്. ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടതാണെന്ന് എല്ലാവരും വിശ്വസിച്ച, ഇശ്‌റത്ത് ജഹാന്‍-പ്രാണേഷ് കുമാര്‍ വധം പച്ചയായ പോലിസ് കൊലപാതകമാണെന്നു തെൡയിച്ച് ദേശീയതലത്തില്‍ തന്നെ വിഷയമാക്കിയ മുകുന്ദന്‍ സി മേനോന്‍. ഇതിന് ഉത്തരവാദിയായ ഗുജറാത്ത് മുന്‍ ഡിജിപി വന്‍സാരയെ ജയിലില്‍ അടയ്ക്കാന്‍ കാരണമായിരുന്ന സംഭവം, മലയാളിയായ പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥന്‍ പിള്ളയെക്കൊണ്ട് മുകുന്ദന്‍ സി മേനോന്‍ ഹരജി കൊടുപ്പിച്ചതിന്റെ ഫലമായിരുന്നു. എവിടെ പോലിസ് അതിക്രമം നടന്നാലും അണുഅളവ് വിട്ടുകൊടുക്കാതെ അതിനെതിരേ പിന്നാലെ കൂടി പൊരുതുന്ന മുകുന്ദന്‍ സി മേനോന്‍ അസാധാരണ മനുഷ്യനായിരുന്നു. mukundanമേനോന്‍ അംഗമായ നാഷനല്‍ കമ്മിറ്റി ഫോര്‍ ദി അബോളിഷന്‍ ഓഫ് ഡെത്ത് പെനല്‍റ്റി സുപ്രിംകോടതിയില്‍ നല്‍കിയ കേസിലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകള്‍ക്ക് മാത്രമേ വധശിക്ഷ വിധിക്കാവൂ എന്ന സുപ്രിംകോടതി നിര്‍ദേശമുണ്ടായത്. ഇന്ത്യയിലെ വംശീയകലാപങ്ങള്‍ക്കു വേണ്ടി സംഘപരിവാരം പണം ചെലവഴിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ‘യാങ്കി ഹിന്ദുത്വം: പണം വരുന്ന വഴി’ എന്ന പുസ്തകത്തിലൂടെ അദ്ദേഹം തുറന്നുകാട്ടുകയുണ്ടായി. 1996ല്‍ മുംബൈയില്‍ കൗമുദി ന്യൂസ് എഡിറ്ററായിരിക്കുമ്പോഴാണ് മേനോനെ പരിചയപ്പെടുന്നത്. മുംബൈ വിട്ടു വന്ന് ഇന്ത്യാ റിവ്യൂ എന്ന മാഗസിന്റെ ചീഫ് എഡിറ്ററായി ചുമതലയേറ്റപ്പോഴാണ് മുകുന്ദന്‍ സി മേനോനുമായി ഏറ്റവും കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞത്. മനുഷ്യാവകാശത്തിന്റെ നേരവതാരമായിരുന്ന അദ്ദേഹത്തെ 1997ല്‍ കോഴിക്കോട്ട് നടന്ന ദേശീയ മനുഷ്യാവകാശ സമ്മേളനത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞതു മുതല്‍ തുടങ്ങുന്നു തേജസുമായുള്ള അഭേദ്യബന്ധം. പ്രസ്തുത സമ്മേളനത്തിന്റെ ഭാഗമായി അന്നു കാലത്ത് ഞങ്ങള്‍ സംഘടിപ്പിച്ച കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഗമവേദിയില്‍ മേനോന്‍ നിറഞ്ഞുനിന്നു. അവിടെ വച്ചാണ് സിഎച്ച്ആര്‍ഒ രൂപപ്പെടുന്നത്. അന്നു സിഎച്ച്ആര്‍ഒയില്‍ കേരളത്തിലെ ഏതാെണ്ടല്ലാ മനുഷ്യാവകാശ സംഘടനകളും അംഗങ്ങളായിരുന്നു. അവരെ കൂട്ടിയിണക്കി കൊണ്ടുപോവുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയമാണ്.

mukundan c menon പല വസ്തുതാന്വേഷണ കമ്മീഷനുകൡും ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. എന്നാല്‍, കോയമ്പത്തൂര്‍ കലാപം നടന്ന ഉടനെ വസ്തുതാന്വേഷണവുമായി ഞങ്ങള്‍ അവിടെയെത്തിയതും പ്രസ്തുത സംഘര്‍ഷഭൂമിയില്‍ മേനോന്‍ കാണിച്ച ചങ്കൂറ്റവും മറക്കാനാവില്ല. പോലിസ് ഉദ്യോഗസ്ഥരുമായി തന്റേടത്തോടെ ഇടപഴകാനുള്ള അപാരമായ കരുത്ത് കൈവശമുണ്ടായിരുന്നതാണ് അത്തരം ആപത്‌വേളകളില്‍ പോലും അടിപതറാതെ നില്‍ക്കാന്‍ അദ്ദേഹത്തെ തുണച്ചത്. വസ്തുതാന്വേഷണം നടത്തുകയെന്ന മനുഷ്യാവകാശ പ്രവര്‍ത്തനം എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ വളരെ പ്രൊഫഷനലായിരുന്നു മേനോന്‍. അതിന് അദ്ദേഹം ചാരനെന്നും ദൂതനെന്നും കരിങ്കാലിയെന്നും തീവ്രവാദികളുടെ ഒത്താശക്കാരനെന്നും പഴികള്‍ പലതു കേട്ടിട്ടുണ്ട്. 1984ലെ സിഖ് വിരുദ്ധ കലാപത്തെ ആര്‍എസ്എസ് നേതാവ് നാനാജി ദേശ്മുഖ് ന്യായീകരിച്ചപ്പോള്‍ അതിശക്തമായ പ്രതികരണമാണ് മേനോന്‍ നടത്തിയത്. ‘എല്ലാ ന്യൂനപക്ഷങ്ങളും ഫാഷിസ്റ്റുകളുടെ ശത്രുക്കളാണ്’ എന്ന് അദ്ദേഹം സിഖുകാരെയും പഠിപ്പിച്ചു. ദക്ഷിണേന്ത്യക്കാരനായ പിന്നാക്കക്കാരന്‍ ആയതുകൊണ്ട് മാത്രമാണ് കാമരാജ് പ്രധാനമന്ത്രി ആവാതെപോയതെന്നും അനുയോജ്യരായ ബ്രാഹ്മണരെ കിട്ടാത്തതിനാല്‍ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന നരസിംഹറാവുവിനെ തപ്പിയെടുത്തു കൊണ്ടുവരുകയായിരുന്നുവെന്നും മേനോന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരുകാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ ചാരക്കേസ് വസ്തുനിഷ്ഠമായി ആദ്യമായി വിലയിരുത്തിയത് മേനോനായിരുന്നു. അബ്ദുന്നാസിര്‍ മഅ്ദനി ഒരു ഭയങ്കര ഭീകരനായി ചിത്രീകരിക്കപ്പെട്ട കാലത്ത് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് തലനാരിഴ കീറി പരിശോധിച്ച് കേരളത്തില്‍ ഉടനീളം പ്രസംഗിച്ചു നടന്നത് മേനോന്‍ ആയിരുന്നു. പേരറിവാളന്റെ അമ്മയെ ആദ്യമായി കേരളത്തില്‍ കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. സിഎച്ച്ആര്‍ഒ ഇന്ന് ഇന്ത്യയിലെ ഏഴെട്ട് സംസ്ഥാന കമ്മിറ്റികളുള്ള എന്‍സിഎച്ച്ആര്‍ഒ ആയി വളര്‍ന്നിരിക്കുമ്പോള്‍ അതിന്റെ തുടക്കക്കാരെ ഓര്‍ക്കുന്നത് ഏതൊരു പ്രസ്ഥാനത്തിനും രോമാഞ്ചം പകരേണ്ടതാണ്. പത്രപ്രവര്‍ത്തനവും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും ഒരുമിച്ചു കൊണ്ടുനടന്ന അപൂര്‍വം ആളുകളില്‍ ഒരാളായിരുന്നു മേനോന്‍. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രവര്‍ത്തനമേഖല കേരളമായിരുന്നില്ല. ആന്ധ്രയും ഡല്‍ഹിയുമായിരുന്നു. അടിയന്തരാവസ്ഥയില്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനോടൊപ്പം ജയിലില്‍ കിടന്ന ഒറ്റ അനുഭവം മതി മേനോന്റെ യശസ്സുയര്‍ത്താന്‍. മേനോനെപ്പോലൊരാള്‍ ഇത്രമേല്‍ ആത്മാര്‍ഥമായി പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്കായി സ്വയം മറന്നു പോരാടുന്നത് സംഘപരിവാര ശക്തികളെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. 1996ല്‍ അയ്യങ്കാളി സഭ പാലക്കാട് ജില്ലാ കലക്ടറെ ബന്ദിയാക്കിയപ്പോള്‍ മധ്യസ്ഥചര്‍ച്ചയ്ക്കായി അവര്‍ വിളിച്ചുവരുത്തിയത് വീരേന്ദ്രകുമാറിനെയും മേനോനെയുമായിരുന്നു. മതവും ജാതിയും ഒക്കെയുള്ള മനുഷ്യരുടെ മൗലികാവകാശങ്ങള്‍ക്കു വേണ്ടിയാണ് 70കളില്‍ മേനോന്‍ പോരാട്ടത്തിനിറങ്ങിത്തിരിച്ചത്. തീവ്രവാദി, ഭീകരന്‍, മാവോവാദി, നക്‌സല്‍ തുടങ്ങി അസംഖ്യം മുള്‍ക്കിരീടങ്ങള്‍ ചാര്‍ത്തി, ആര്‍ക്കും അടുക്കാന്‍ കഴിയാത്തവിധം അകറ്റിനിര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കു വേണ്ടി എല്ലാ എതിര്‍പ്പുകളും തൃണവല്‍ഗണിച്ച് മേനോന്‍ മുന്‍പന്തിയില്‍ ഉണ്ടാകുമായിരുന്നു. ദലിതനും മാവോവാദിക്കും മഅ്ദനിക്കും സിമിക്കാരനും മൗലികാവകാശങ്ങളുണ്ടെന്ന് അദ്ദേഹം വാദിച്ചു. കടലുണ്ടിപ്പുഴയിലെ പൈപ്പ് ബോംബ് കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട സിമിക്കാര്‍ക്കു വേണ്ടി അദ്ദേഹം രംഗത്തുവന്നത് കേരളത്തില്‍ വിസ്മയമായിരുന്നു. അതുവരെ മലയാളിക്കു പരിചയമില്ലാത്ത മനുഷ്യാവകാശ പ്രവര്‍ത്തനമായിരുന്നു ഇത്. അതുകൊണ്ടുതന്നെ യുവാക്കളെ തീവ്രവാദമുദ്ര കുത്തി അകത്താക്കുകയും അവരെ സഹായിക്കാന്‍ ആരും ധൈര്യപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിനു കാര്യമായ മാറ്റമുണ്ടാവുകയും ചെയ്തു. തേജസ് ദിനപത്രം തുടങ്ങും മുമ്പ് ട്രെയിനികള്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു മേനോന്‍. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വര്‍ഷങ്ങളായി ഇന്ത്യ മുഴുവന്‍ കറങ്ങിനടന്നു സമ്പാദിച്ച രോഗങ്ങളത്രയും ഉള്ളിലൊളിപ്പിച്ച് ഊര്‍ജസ്വലത കൈവിടാതെ നടക്കുകയായിരുന്നു അദ്ദേഹം. ‘പത്രക്കാരുടെ ശത്രുവായ പത്രപ്രവര്‍ത്തകന്‍’ എന്നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് മേനോനെക്കുറിച്ച് പറയുക. വിരമിക്കുന്ന ജഡ്ജിമാരുടെ വിശ്രമകാല പ്രവര്‍ത്തനരംഗമായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തനമേഖല മേനോന്‍ ജനകീയമാക്കി. പീപ്പിള്‍സ് യൂനിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) ദേശീയ നേതാവായിരുന്ന മേനോന്‍ അടിയന്തരാവസ്ഥയില്‍ മിസ എന്ന കരിനിയമപ്രകാരം തിഹാര്‍, രോഹ്തക്, അംബാല ജയിലുകളിലാണ് കഴിയേണ്ടിവന്നത്. തേജസ് ദൈ്വവാരികയുടെ കണ്‍സള്‍ട്ടന്റ് എഡിറ്ററായിരുന്നു മേനോന്‍. മനുഷ്യാവകാശ ശബ്ദം വിദൂരങ്ങളില്‍ മുഴങ്ങാന്‍ ദിനപത്രം അനിവാര്യമാണെന്ന അദ്ദേഹത്തിന്റെ സ്വപ്‌നസാക്ഷാല്‍ക്കാരം കൂടിയാണ് തേജസ് പത്രത്തിന്റെ പിറവി. പക്ഷേ, ആ പിറവി കാണാന്‍ അദ്ദേഹത്തിനു നിയോഗമുണ്ടായില്ല. തേജസ് ദിനപത്രത്തിന്റെ കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ പദവിയില്‍ ഇരിക്കെയാണ് ഹൃദയാഘാതം ബാധിച്ചു തളര്‍ന്നുവീണത്. 12 ദിവസം ആശുപത്രിയില്‍. ഡിസംബര്‍ 12ന് 57ാം വയസ്സില്‍ അന്ത്യം. ‘മനുഷ്യാവകാശത്തിന്റെ സ്വന്തം പ്രതിനിധി’ എന്ന തന്റെ പുസ്തകം പോലെയായിരുന്നു ആ ജീവിതവും. ചാനലുകളിലെ മാധ്യമവിചാരണകള്‍ക്കെതിരേ നിരന്തരം കലഹിച്ചിരുന്ന മേനോനു വ്യാജ മനുഷ്യാവകാശ പ്രവര്‍ത്തകരെ നിലയ്ക്കു നിര്‍ത്താനും കഴിഞ്ഞിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ് 1978ല്‍ ജയില്‍മോചിതനായ മേനോന്‍ തേഡ് വേള്‍ഡ് യൂനിറ്റി എന്ന മാസികയുടെ എഡിറ്ററായിരുന്നു. ഇതുപോലൊരു മനുഷ്യാവകാശ പ്രവര്‍ത്തകനെ               കണ്ടെത്താനാവുന്നില്ല എന്നിടത്താണ്               മേനോന്റെ വിടവ് മുഴച്ചുനില്‍ക്കുന്നത്.     $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 151 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക