|    Nov 15 Thu, 2018 3:07 am
FLASH NEWS

മനുഷ്യസംഗമം; വിമര്‍ശനാത്മകമായി തന്നെ യോജിക്കാം

Published : 16th December 2015 | Posted By: TK
facism

 


മുസ്ലിം പ്രാതിനിധ്യത്തിന്റെ പ്രശ്‌നമല്ല മുസ്ലിം സംഘടനകളുടെ പ്രാതിനിധ്യത്തിന്റെ പ്രശ്‌നമാണ് മീന ഉയര്‍ത്തുന്നത്. മതമൗലികവാദത്തിന്റെ പിന്തിരിപ്പന്‍ നടപടികളെ സവര്‍ണ ഫാസിസവുമായി സമീകരിച്ചു കൊണ്ട് അവരുടെ പ്രാതിനിധ്യം ഒഴിവാക്കുന്നത് ശരിയായ നിലപാടല്ല.


 

meena kanthasamiജനകീയ മനുഷ്യാവകാശപ്രസ്ഥാനം

റണാകുളത്തു നടക്കുന്ന ‘ഫാസിസത്തിനെതിരെ മനുഷ്യ സംഗമ’ ത്തില്‍ എസ്.ഡി.പി.ഐ, സോളിഡാരിറ്റി, പി.ഡി.പി, പോപ്പുലര്‍ ഫ്രന്റ്,വെല്‍ഫെയര്‍ പാര്‍ടി തുടങ്ങിയ സംഘടനകളെ പങ്കെടുപ്പിക്കാത്തത് നവസാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണല്ലോ. മീനാ കന്തസ്വാമി ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ഈ വിഷയം ഉന്നയിച്ചതോടെയാണ് അതുവരെ മനുഷ്യ സംഗമം പരിപാടിയുടെ സംഘാടക സമിതിയില്‍ മാത്രം ഉന്നയിക്കപ്പെട്ടിരുന്ന ഒരു പ്രശ്‌നം പൊതു ചര്‍ച്ചക്ക് വിധേയമായത്.ഇത് സംബന്ധിച്ച് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു.
1.സവര്‍ണഫാസിസം ഒരു ഭീകര യാഥാര്‍ത്യമായി മാറിയ വര്‍ത്തമാനത്തില്‍ വിശാലമായ ഒരു ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനം രൂപപെട്ടു വരേണ്ടത് അടിയന്തിരമായ ഒരു ആവശ്യമാണ്. ഈ ആവശ്യത്തെ മുന്‍നിറുത്തിയാണ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം മനുഷ്യ സംഗമത്തെ പിന്തുണക്കുന്നതും അതിന്റെ വിജയത്തിന് വേണ്ടി നില കൊള്ളുന്നതും. മനുഷ്യ സംഗമം മുന്നോട്ടു വെക്കുന്ന ഫാസിസ്റ്റ് വിരുദ്ധ നിലപാടിലെ അവ്യക്തത കാണാതെയല്ല ഈ ഐക്യം. അത് തുടര്‍ന്നുള്ള ചര്‍ച്ചകളിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും പരിഹരിക്കുകയും കൂടുതല്‍ വ്യക്തമായ ധാരണകള്‍ രൂപപ്പെടുത്തുകയും ചെയ്യണമെന്നാണ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം മുന്നോട്ടു വെക്കുന്ന നിലപാട്.
2. ഇന്നത്തെ സവിശേഷ സാഹചര്യത്തില്‍ നമ്മള്‍ നേരിടുന്നത് ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള സംഘപരിവാറിന്റെ സവര്‍ണ്ണ ഫാസിസത്തെയാണ്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ആശയ ഉള്‍ക്കാമ്പായ ബ്രാഹ്മണ്യം തന്നെയാണ് സവര്‍ണ്ണ ഫാസിസത്തിന്റെയും ആശയാടിത്തറ. മുസ്ലിങ്ങള്‍ക്കും,ആദിവാസികള്‍ക്കും,ദളിതര്‍ക്കും,സ്ത്രീകള്‍ക്കും,കമ്മ്യുണിസ്റ്റുകാര്‍ക്കും എതിരെയുള്ള അക്രമാസക്തമായ ഇടപെടലുകളിലൂടെയാണ് ഇന്ത്യയില്‍ ഇന്ന് സവര്‍ണ ഫാസിസത്തിന്റെ രാഷ്ട്രീയം ആവിഷ്‌കൃതമാകുന്നത്.

 

manusyasangamam

 

സ്വതന്ത്രചിന്തയും,ശാസ്ത്രീയാവബോധവും വളരുന്നത് തടയിടുന്നതിനു അത് കായികമായ അക്രമങ്ങളും കൊലപാതകങ്ങളും സംഘടിപ്പിക്കുന്നു. ഹിന്ദു ദേശീയതയുടെ അക്രമാസക്തമായ സംസ്ഥാപനത്തിനു അനുകൂലമായ സാമൂഹ്യ പരിസരം സൃഷ്ട്ടിക്കുന്നതിനായി അത് ചരിത്രത്തെ വളച്ചൊടിക്കുന്നു.സവര്‍ണ്ണ ഫാസിസത്തിന്റെ ഈ സവിശേഷതകളെ കണക്കിലെടുക്കാതെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റം സാധ്യമല്ല.
3. സവര്‍ണ്ണ ഫാസിസത്തിന്റെ നേരിട്ടുള്ള ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന ജനവിഭാഗങ്ങളായ മുസ്ലിങ്ങളും ആദിവാസികളും ദളിതരും സ്ത്രീകളും ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനത്തിന്റെ സ്വാഭാവിക സഖ്യ ശക്തികളാണ്. മുസ്ലിം പ്രാതിനിധ്യത്തിന്റെ പ്രശ്‌നമല്ല മുസ്ലിം സംഘടനകളുടെ പ്രാതിനിധ്യത്തിന്റെ പ്രശ്‌നമാണ് മീന ഉയര്‍ത്തുന്നത്. മതമൗലികവാദത്തിന്റെ പിന്തിരിപ്പന്‍ നടപടികളെ സവര്‍ണ ഫാസിസവുമായി സമീകരിച്ചു കൊണ്ട് അവരുടെ പ്രാതിനിധ്യം ഒഴിവാക്കുന്നത് ശരിയായ നിലപാടല്ല.
4. മീനാ കന്തസ്വാമിയുടെ വിമര്‍ശനത്തോട് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം യോജിക്കുമ്പോള്‍ തന്നെ വിമര്‍ശനാത്മകമായി മനുഷ്യ സംഗമത്തെ പിന്തുണക്കുന്നു. മീനയുടെ വിമര്‍ശനത്തോടുള്ള പ്രതികരണങ്ങളില്‍ പലതും മുസ്ലിം സംഘടനയിലെ അംഗങ്ങള്‍ക്ക് മാനുഷിക പദവി തന്നെ നിഷേധിക്കുന്ന തരത്തിലാണ് എന്നത് തീര്‍ത്തും അപലപനീയമാണ്.കേവലമായ വ്യക്തി അനുഭവങ്ങളെ സാമന്യവല്ക്കരിച്ചു കൊണ്ട് നടത്തുന്ന നിരീക്ഷണങ്ങള്‍ യാഥാര്‍ത്യങ്ങളുടെ ലളിതവത്ക്കാരണമാണ്.ഫാസിസത്തെ നേരിടുന്നതിനു ഇത് ഒട്ടും ഗുണകരമല്ല.

5.ഇന്ത്യയിലെ ലിബറല്‍ മുതലാളിത്ത പാര്‍ട്ടികളും ഇടതു പാര്‍ടികളും ഇന്ന് സവര്‍ണ ഫാസിസത്തിന്റെ ദ്രുവീകരണ യുക്തിയില്‍ അകപ്പെട്ടു പോയിരിക്കുന്നു.തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കായി നടത്തുന്ന ഈ വിട്ടുവീഴ്ച ഇന്ന് ഒറ്റപെട്ട ഒന്നായല്ല കൃത്യമായ രാഷ്ട്രീയ പദ്ധതിയായി മാറിയിട്ടുണ്ട്. ഇത്തരം വിഭാഗങ്ങളുടെ പങ്കാളിത്തത്തെ വിമര്‍ശനാത്മകമായല്ലാതെ സ്വീകരിക്കുന്നത് ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റം രൂപപ്പെടുത്തുന്നതിന് തടസമാകും.
6. സങ്കീര്‍ണമായ രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഒറ്റയടിക്ക് തീര്‍പ്പ് കല്‍പ്പിക്കുക,സഹിഷ്ണുതാപൂര്‍വ്വം ചര്‍ച്ചകളെ വികസിപ്പിക്കുന്നതിനു പകരം പരിഹാസവും ചെളിവാരിയെറിയലും ഏതു ഭാഗത്ത് നിന്നായാലും ഒട്ടും ഗുണകരമല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss