|    Apr 23 Mon, 2018 3:08 pm
FLASH NEWS
Home   >  Big stories   >  

മനുഷ്യത്വരഹിതമായ ശിക്ഷാവിധി

Published : 20th August 2015 | Posted By: admin

എ.എക്‌സ്. വര്‍ഗീസ്

തേജസ് ദൈ്വവാരിക ഓഗസ്ത് 16

ഒരു പിഞ്ചുകുഞ്ഞിനെ ഹീനമായി ബലാല്‍സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തുകയും നിരവധി കൊലപാതകങ്ങള്‍ നടത്തുകയും ചെയ്ത പ്രതിയെ വധശിക്ഷയ്ക്കു വിധേയനാക്കുന്നത് കാണണമെന്ന് എന്റെ പിതാവ് തീരുമാനിച്ചു. അയാള്‍ തൂക്കിലേറ്റപ്പെടണമെന്ന് ആ നാട് ഒന്നടങ്കം ആഗ്രഹിച്ചിരുന്നു. എന്നാല്‍, വധശിക്ഷ നടപ്പാക്കുന്നത് കണ്ട എന്റെ പിതാവ് ഭയന്നു വിറയ്ക്കുകയാണുണ്ടായത്” എന്ന് ആല്‍ബേര്‍ കമ്യു വധശിക്ഷയെക്കുറിച്ച് എഴുതിയ ലേഖനത്തില്‍ വിവരിക്കുന്നു. എത്രമാത്രം ഭീകരമാണ് വധശിക്ഷയെന്നതിനു തെളിവാണ് ഈ വരികള്‍. വധശിക്ഷ തീര്‍ത്തും മനുഷ്യത്വരഹിതമായ ശിക്ഷാവിധിയാണ്. വധശിക്ഷയ്ക്കു വിധേയനാക്കപ്പെട്ട വ്യക്തി തന്റെ തൂക്കുകയര്‍ എപ്പോള്‍ കഴുത്തില്‍ വീഴുമെന്നു ഭയന്നാണ് ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നത്. തൂക്കുമരം സ്വപ്‌നം കാണുന്ന വ്യക്തി പലവട്ടം തൂക്കിലേറ്റപ്പെടുകയാണ്. പലതവണ മരണം കണ്ടും അനുഭവിച്ചും അവന്‍ കഴിയുന്നു. താന്‍ എന്നു കൊലചെയ്യപ്പെടുമെന്നു ചിന്തിച്ചു കഴിയുന്ന വ്യക്തിയുടെ മാനസികാവസ്ഥ നിരവധി തവണ തൂക്കിക്കൊല്ലുന്നതിനു തുല്യമാണ്. അതുകൊണ്ടുതന്നെയാണ് വധശിക്ഷ എതിര്‍ക്കപ്പെടാന്‍ കാരണം. നിരവധി കാംപയിനുകളും പ്രതിഷേധങ്ങളും വധശിക്ഷയ്‌ക്കെതിരായി ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. സാമൂഹിക പ്രവര്‍ത്തകരും അഭിഭാഷകരും എഴുത്തുകാരുമടക്കം വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോള്‍ വധശിക്ഷയെ എതിര്‍ത്തുകൊണ്ടിരിക്കുന്നു. വധശിക്ഷയെക്കുറിച്ച ഭിന്നാഭിപ്രായം നിലനില്‍ക്കെയാണ് മുംബൈ സ്‌ഫോടനക്കേസില്‍ പിടിക്കപ്പെട്ട യാക്കൂബ് മേമനെ തൂക്കിലേറ്റുന്നത്.സൈബീരിയയില്‍ നിന്നു നാടുകടത്തിയ ശേഷം വധശിക്ഷയ്ക്കു വിധിക്കപ്പെട്ടപ്പോഴുള്ള മാനസികാവസ്ഥയെക്കുറിച്ച് ദസ്തയേവ്‌സ്‌കി തന്റെ ജീവിതകഥയില്‍ എഴുതുകയുണ്ടായി. ഡെമോക്ലിസിന്റെ വാള്‍ തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന ആ അവസ്ഥ ഭയാനകവും വേദനാജനകവുമാണെന്നാണ് അദ്ദേഹം വിവരിച്ചത്. മനുഷ്യന്റെ മാനസികമായ എല്ലാ ധൈര്യത്തെയും ചോര്‍ത്തിക്കളയുന്ന പ്രാകൃതമായ ശിക്ഷാരീതിയാണ് വധശിക്ഷ. തലയ്ക്കു മുകളിലുള്ള വാളിനെക്കുറിച്ചുള്ള നിരന്തരമായ ഓര്‍മകള്‍ ഒരാളെ മനോരോഗിയാക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. കൊലപാതകം വ്യക്തി ചെയ്യുന്നതും ഭരണകൂടം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. മുന്‍കാലങ്ങളില്‍ ആരെങ്കിലും കൊലചെയ്യപ്പെട്ടാല്‍ അയാളുടെ മകനോ അടുത്ത ബന്ധുവിനോ പ്രതിയെ കൊല്ലാമായിരുന്നു. പിന്നീടാണ് റൂള്‍ ഓഫ് ലോയിലൂടെ വിചാരണയും മറ്റു നടപടിക്രമങ്ങളും നിലവില്‍ വന്നത്. കൊലയാളിയെ കൊലപ്പെടുത്താന്‍ വേണ്ടിയല്ല ഇത്തരമൊരു സംവിധാനമൊരുക്കിയത്. ടെററിസം ചെറുക്കപ്പെടേണ്ടതാണ്, അത് സ്റ്റേറ്റ് ടെററിസമായാലും. ഭരണകൂടം ഒരാളെ കൊല്ലുന്നത് ജനാധിപത്യരീതിക്കു ഭൂഷണവുമല്ല എന്നുതന്നെയാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറയുന്നു. ഇരുപതിലേറെ വര്‍ഷം തടവറയില്‍ കഴിഞ്ഞ ശേഷമാണ് യാക്കൂബ് മേമനെ തൂക്കിലേറ്റിയത്. അയാള്‍ ചെയ്ത കുറ്റത്തിനു ശിക്ഷ നടപ്പാക്കരുതെന്ന് ഇവിടെ ആരും ആവശ്യപ്പെടുന്നില്ല. എന്നാല്‍, പലവട്ടം തൂക്കിലേറ്റിയ ഒരു വ്യക്തിയെ വീണ്ടും കൊലചെയ്യുന്നത് ന്യായീകരിക്കാനാവുന്നതല്ല. മുമ്പെങ്ങും കാണാത്തത്ര എതിര്‍പ്പ് ഈ കൊലയ്‌ക്കെതിരേ ഉയര്‍ന്നിരുന്നു. മാധ്യമങ്ങള്‍ മേമന്റെ വധശിക്ഷയെ ജനശ്രദ്ധയിലേക്കെത്തിക്കുകയും അതിനെതിരേ ഒരു വികാരം സൃഷ്ടിക്കുകയും ചെയ്തു. അഭിഭാഷകരടക്കം നിരവധി പേര്‍ ഈ കൊലയ്‌ക്കെതിരേ രംഗത്തെത്തി. എന്നാല്‍, നാമിവിടെ കണ്ടത് ഭരണകൂട ഭീകരതയാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വലിയ സാധ്യതകളും നീതിനിര്‍വഹണ നടത്തിപ്പിന്റെ കാര്യക്ഷമതയുമൊക്കെ ഇതോടൊപ്പം ഉയര്‍ന്നുവന്നിരുന്നു. പാതിരാത്രിയിലും പുലര്‍ച്ചെയുമൊക്കെ കോടതിമുറികള്‍ സജീവമായതിനെക്കുറിച്ചും ചര്‍ച്ചകളുയര്‍ന്നു. ഇത്തരമൊരു അസാധാരണമായ സംഭവം നീതിപീഠത്തില്‍ നിന്നു മുമ്പങ്ങും ഉണ്ടായിട്ടില്ല. തന്നെയുമല്ല, ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ക്കും കല്‍പ്പനകള്‍ക്കുമൊപ്പമാണ് ജുഡീഷ്യറിയും പ്രവര്‍ത്തിക്കുന്നതെന്ന ഒരു പൊതുബോധം സൃഷ്ടിക്കുക കൂടി ചെയ്തിരിക്കുന്നു. യാക്കൂബ് മേമന്റെ പരാതിയിലെ സാങ്കേതിക പ്രശ്‌നം ഉയര്‍ത്തിയ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വാക്കുകളെ മാനിച്ചായിരുന്നില്ല പിന്നീടുള്ള തീരുമാനമുണ്ടായത്. എന്നാല്‍, ഒറ്റപ്പെട്ട ശബ്ദങ്ങള്‍ പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും. ജുഡീഷ്യറിയുടെ ചരിത്രം അതാണ് പറയുന്നത്. 1975 ജൂണ്‍ 25 അര്‍ധരാത്രിയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തന്നെ ഇതിന് ഉദാഹരണമാണ്. അടിയന്തരാവസ്ഥ അന്നത്തെ പ്രധാനമന്ത്രി അടിച്ചേല്‍പിച്ചതാണ്. പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളെ 1975 ജൂണ്‍ 25 അര്‍ധരാത്രി മുതല്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ചുതുടങ്ങി. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ എല്ലാംതന്നെ മരവിപ്പിക്കപ്പെട്ടു. ഭരണഘടനയുടെ 14ഉം 21ഉം വകുപ്പുകള്‍ ഉറപ്പുനല്‍കുന്ന അവകാശങ്ങളെല്ലാം സ്തംഭിപ്പിക്കപ്പെട്ടു. ഭരണഘടനാ അവകാശങ്ങള്‍ വെട്ടിച്ചുരുക്കാന്‍ വേണ്ടിയാണ് ബില്ലുകള്‍ അവതരിപ്പിക്കപ്പെട്ടത്. ഭരണഘടനാനുസൃതമായ രീതിയില്‍ ചെയ്യേണ്ട നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെത്തന്നെ എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിക്കപ്പെട്ടു. നിയമത്തിനു മുമ്പില്‍ എല്ലാ പൗരന്മാരും തുല്യരെന്ന സങ്കല്‍പം തന്നെ അപ്രസക്തമാക്കപ്പെട്ടു. ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണം എല്ലാ രീതിയിലും എല്ലാ അര്‍ഥത്തിലും വിവേചനം നിറഞ്ഞതായി. അറസ്റ്റ് ചെയ്യപ്പെടുന്നവരെ കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥ പാടേ അവഗണിക്കപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ആര്‍ട്ടിക്കിള്‍ 21 സസ്‌പെന്റ് ചെയ്യുന്നതില്‍ അന്ന് എതിര്‍പ്പ് പ്രകടിപ്പിച്ചത് സുപ്രിംകോടതിയിലെ ഒരു ജഡ്ജിയായിരുന്നു. അദ്ദേഹത്തിന്റെ വിയോജിപ്പ് ഇന്നു ജനം സ്വീകരിച്ചിരിക്കുന്നു. അതിനു പിന്നീട് അംഗീകാരവും ലഭിച്ചു. അതുപോലെത്തന്നെയാണ് യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരേയുള്ള ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വിയോജിപ്പും. കാലത്തിന്റെ പ്രയാണത്തില്‍ ഉറങ്ങിക്കിടക്കുന്ന നീതി ഉണരുക തന്നെ ചെയ്യും. എന്നാല്‍ വധശിക്ഷയെന്നത് ഒരിക്കലും തിരുത്താന്‍ കഴിയാത്ത തെറ്റായതിനാല്‍, ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വാദങ്ങള്‍ ശരിയെന്നു തെളിഞ്ഞാലും തിരുത്താനാവില്ല. വധശിക്ഷ പരമാവധി ഒഴിവാക്കാനാണ് രാജ്യത്തെ നീതിന്യായ കോടതികള്‍ എക്കാലവും ശ്രമിച്ചിട്ടുള്ളത്. സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഇതിലേക്കാണ്. അത്യപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസുകളില്‍ മാത്രമേ വധശിക്ഷ വിധിക്കാവൂ എന്നാണ് സുപ്രിംകോടതി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളത്. പുനഃപരിശോധനാ ഹരജിക്കും തിരുത്തല്‍ ഹരജിക്കും സുപ്രിംകോടതി അവസരം നല്‍കുന്നുമുണ്ട്. ദയാഹരജികളില്‍ വേഗം തീര്‍പ്പുകല്‍പിക്കണമെന്ന നിര്‍ദേശവും സുപ്രിംകോടതി മുന്നോട്ടുവച്ചിട്ടുണ്ട്. മേമനെതിരേ കണ്ടെത്തിയ കുറ്റം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. അതു വധശിക്ഷ നല്‍കാവുന്ന അത്യപൂര്‍വത്തില്‍ അപൂര്‍വമെന്ന ഗണത്തില്‍ ഉള്‍പെടുന്നതുമായിരുന്നില്ല. എന്നാല്‍, ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് മേമനെ തൂക്കിലേറ്റിയത്. ”നീ ഗാന്ധിയായിട്ടാണ് ഇന്ത്യയിലേക്കു പോകുന്നത്; എന്നാല്‍ നിന്നെയവര്‍ ഗോഡ്‌സേയായി കാണും” എന്ന് യാക്കൂബ് മേമനു സഹോദരന്‍ ഉപദേശം നല്‍കിയതു സംബന്ധിച്ച് വായിച്ചു. എന്തെങ്കിലും കരാറുകളുടെ അടിസ്ഥാനത്തിലായിരിക്കാം ഇയാളെ ഇന്ത്യയില്‍ എത്തിച്ചത്. എന്നാല്‍, ഈ കേസ് സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കുകയോ എല്ലാ പ്രതികളെയും പിടികൂടുകയോ ചെയ്യാതെതന്നെ കേസില്‍ നിര്‍ണായകമാവേണ്ട വ്യക്തിയെ ഇല്ലാതാക്കിയിരിക്കുന്നു. അജ്മല്‍ കസബ്, അഫ്‌സല്‍ ഗുരു, യാക്കൂബ് മേമന്‍- തുടര്‍ച്ചയായി വധശിക്ഷയ്ക്ക് വിധേയരായത് പ്രത്യേക സമുദായത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍, മുസ്‌ലിം സമുദായം മാത്രമല്ല ഇത്തരത്തില്‍ പീഡനമേല്‍ക്കേണ്ടിവരുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഈയടുത്ത് റിപോര്‍ട്ട് ചെയ്തത്, അടുത്ത കാലത്തായി ഭരണകൂടം കൊലചെയ്യപ്പെട്ടതില്‍ ഏറെയും ദലിത് പിന്നാക്കവിഭാഗത്തില്‍ പെട്ടവരാണെന്നാണ്. സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങള്‍ ഇതിനു കാരണമാണെന്നും പത്രം പറയുന്നു. ഇന്ത്യയില്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനായത് മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയാണ്. വളരെ കഠിനമായ കുറ്റം ചെയ്യുന്നവര്‍ക്ക് മരണം തന്നെ ശിക്ഷയായി നല്‍കുന്നതിനെയാണ് വധശിക്ഷയെന്നു വിളിക്കുന്നത്. ഇന്ത്യ, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ഈ രീതി പിന്തുടരുന്നുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു വിശേഷിപ്പിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്കു മാത്രമേ ഇത്തരം ശിക്ഷ നല്‍കാറുള്ളൂ. ബ്രസീലില്‍ രാജ്യത്തെ വഞ്ചിച്ചവര്‍ക്കാണ് വധശിക്ഷ. യൂറോപ്യന്‍ യൂനിയന്‍, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ വധശിക്ഷ പൂര്‍ണമായും നിര്‍ത്തലാക്കി. നിലവില്‍ 58 രാജ്യങ്ങളില്‍ വധശിക്ഷ നടപ്പാക്കുമ്പോള്‍ 97 രാജ്യങ്ങള്‍ വധശിക്ഷ നിര്‍ത്തലാക്കിയിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷമായി വധശിക്ഷ നടപ്പാക്കിയിട്ടില്ല. ഇന്ത്യയില്‍ 2013ലെ കണക്കനുസരിച്ച് 476 പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നുണ്ട്. എന്നാല്‍, അനൗദ്യോഗിക കണക്കുകള്‍ ഇതിന്റെ ഇരട്ടിയാണ്. ഒരു സിവിലൈസ്ഡ് രാജ്യമെന്ന രീതിയില്‍ ഇന്ത്യയ്ക്ക് നാണക്കേടാണ് വധശിക്ഷ എന്ന ശിക്ഷാരീതി. വധശിക്ഷ ഇന്ത്യയുടെ അന്തസ്സ് തകര്‍ക്കുമെന്നതില്‍ സംശയവുമില്ല. ിതയ്യാറാക്കിയത്: ഷബ്‌ന സിയാദ്‌

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss